ലണ്ടന്‍: ഇന്ത്യയുടെ ടെസ്റ്റ് സ്‌പെഷലിസ്റ്റ് ബാറ്ററായാണ് ചേതേശ്വര്‍ പൂജാരയെ വിലയിരുത്തുന്നത്. ക്ലാസിക് ഡിഫന്‍സിനാല്‍ ഇന്ത്യയ്‌ക്ക് വേണ്ടി വന്മതില്‍ തീര്‍ക്കാറുള്ള താരത്തിന്‍റെ വെടിക്കെട്ട് പ്രകടനമാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. സസെക്‌സ് ടീമിന്‍റെ ഭാഗമായ പൂജാര റോയൽ ലണ്ടൻ വൺഡേ കപ്പ് ക്രിക്കറ്റിലാണ് തീപ്പൊരി പ്രകടനം നടത്തിയത്.
വാര്‍വിക്‌ഷെയറിനെതിരായ മത്സരത്തിലാണ് പൂജാര തന്‍റെ മറ്റൊരു മുഖം പുറത്തെടുത്തത്. 79 പന്തിൽ 107 റൺസെടുത്ത താരം ഒരു ഓവറിൽ മാത്രം അടിച്ച് കൂട്ടിയത് 22 റണ്‍സാണ്. 50 പന്തില്‍ അര്‍ധസെഞ്ച്വറി തികച്ച താരം തുടര്‍ന്നാണ് ടോപ് ഗിയറിലേക്ക് മാറിയത്. പിന്നീട് നേരിട്ട 23 പന്തുകളിലാണ് താരം സെഞ്ച്വറിയില്‍ എത്തിയത്.
ഏഴ് ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെയാണ് താരത്തിന്‍റെ ഇന്നിങ്‌സ്. പേസര്‍ ലിയാം നോര്‍വെല്ലാണ് പൂജാരയുടെ ബാറ്റിന്‍റെ ചൂടറിഞ്ഞത്. ഇന്നിങ്‌സിലെ 47-ാം ഓവര്‍ എറിയാനെത്തിയ ലിയാം 4, 2, 4, 2, 6, 4 എന്നിങ്ങനെയാണ് അടി വാങ്ങിയത്. 49-ാം ഓവറിൽ ഒലിവർ ഹാനൻ ഡാൽബിയാണ് പൂജാരയെ പുറത്താക്കിയത്.
മത്സരത്തില്‍ സസെക്‌സ് നാല് റണ്‍സിന് തോല്‍വി വഴങ്ങി. വാര്‍വിക്‌ഷെയര്‍ ഉയര്‍ത്തിയ 311 റണ്‍സ് ലക്ഷ്യം പിന്തുടര്‍ന്ന സസെക്‌സിന്‍റെ പോരാട്ടം ഏഴ് വിക്കറ്റ് നഷ്ടത്തിൽ 306 റൺസിൽ അവസാനിക്കുകയായിരുന്നു. പൂജാരയുടെ പുറത്താവലാണ് സംഘത്തിന് അപ്രതീക്ഷിത തിരിച്ചടിയായത്. 81 റണ്‍സെടുത്ത അലിസ്റ്റര്‍ ഓറും സസെക്‌സിനായി തിളങ്ങി.
വാര്‍വിക്‌ഷെറിനായി പന്തെറിഞ്ഞ ഇന്ത്യയുടെ ക്രുണാല്‍ പാണ്ഡ്യ 10 ഓവറില്‍ 51 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തു. നേരത്തെ റോബര്‍ട്ട് യേറ്റ്‌സിന്‍റെ സെഞ്ച്വറിയും ക്യാപ്‌റ്റന്‍ റോഡ്‌സിന്‍റെ അര്‍ധ സെഞ്ച്വറിയുമാണ് വാര്‍വിക്‌ഷെയറിന് തുണയായത്.