ബെംഗളൂരു: ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ (Cricket World Cup 2023) ഇന്ത്യന്‍ ടീമിന്‍റെ ഓരോ മത്സരം കഴിയുമ്പോഴും ആരാധകര്‍ കാത്തിരിക്കുന്നത് ആ കളിയിലെ മികച്ച ഫീല്‍ഡര്‍ ആരെന്ന് അറിയുന്നതിനാണ്. ലോകകപ്പിലെ ആദ്യ മത്സരം മുതല്‍ക്കാണ് ഈ പതിവ് ഇന്ത്യന്‍ ഡ്രസിങ് റൂമില്‍ ആരംഭിച്ചതും. ഇതോടെ ഫീല്‍ഡില്‍ മികച്ച പ്രകടനം നടത്താന്‍ താരങ്ങളും പരസ്‌പരം മത്സരിച്ചു.
ഇന്നലെ, നെതര്‍ലന്‍ഡ്‌സിനെതിരായ മത്സരത്തിന് ശേഷവും ടീം ഇന്ത്യ ഈ പതിവ് തെറ്റിച്ചില്ല. ചിന്നസ്വാമിയില്‍ നടന്ന ഇന്ത്യ- നെതര്‍ലന്‍ഡ്‌സ് (India vs Netherlands) മത്സരത്തിന് ശേഷം മികച്ച ഫീല്‍ഡറിനുള്ള സ്വര്‍ണമെഡല്‍ സ്വന്തമാക്കിയത് ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍ സൂര്യകുമാര്‍ യാദവാണ് (Suryakumar Yadav Wins Best Fielder Award). രവീന്ദ്ര ജഡേജ, കെഎല്‍ രാഹുല്‍ എന്നിവരെ പിന്നിലാക്കിയാണ് സൂര്യ നേട്ടം സ്വന്തമാക്കിയത്.
മുന്‍പത്തേത് പോലെ വ്യത്യസ്‌തമായിട്ടായിരുന്നു ഇപ്രാവശ്യവും ഇന്ത്യന്‍ ഫീല്‍ഡിങ് പരിശീലകന്‍ ദിലീപ് മെഡല്‍ ജേതാവിനെ പ്രഖ്യാപിച്ചത്. ആരെല്ലാമാണ് മെഡല്‍ പരിഗണനയില്‍ ഉള്ളതെന്ന് പരിശീലകന്‍ വ്യക്തമാക്കിയത് ബിഗ് സ്ക്രീനിലൂടെയായിരുന്നു. പിന്നാലെ, ഗ്രൗണ്ട്‌സ്‌മാന്‍മാര്‍ സൂര്യയെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു.
അതേസമയം, നെതര്‍ലന്‍ഡ്‌സിനെതിരായ ജയത്തോടെ സെമി ഫൈനല്‍ പ്രവേശനം ആധികാരികമാക്കിയിരിക്കുകയാണ് ടീം ഇന്ത്യ. ഇന്നലെ, ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരം 160 റണ്‍സിനാണ് ഇന്ത്യ സ്വന്തമാക്കിയത്. ചിന്നസ്വാമിയില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ നാല് വിക്കറ്റ് നഷ്‌ടത്തില്‍ 410 റണ്‍സാണ് നേടിയത്.