ബ്രിഡ്‌ജ്‌ടൗൺ :വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ സഞ്ജു സാംസണെ പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്താത്തതിൽ ഏറെ നിരാശയിലായിരുന്നു ആരാധകർ. എന്നാൽ മത്സരം തുടങ്ങി ഇന്ത്യൻ ഫീൽഡർമാരിലേക്ക് ക്യാമറ തിരിഞ്ഞപ്പോഴേക്കും ആരാധകർ ഒന്ന് ഞെട്ടി. മൈതാനത്ത് ജേഴ്‌സി നമ്പർ 9, ദേ നിൽക്കുന്നു സഞ്ജു സാംസണ്‍! എന്നാൽ ക്യാമറ തിരിഞ്ഞ് നേരെ മുന്നിലേക്ക് എത്തിയപ്പോൾ കഥയാകെ മാറി.
സഞ്ജുവിന്‍റെ ജഴ്‌സ് ധരിച്ച് മൈതാനത്തിറങ്ങിയ സൂര്യകുമാറിനെ കണ്ടാണ് ആരാധകർ തെറ്റിധരിച്ചത്. നിമിഷങ്ങൾക്കകം തന്നെ ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലും വൈറലായി. സാംസണ്‍ എന്നെഴുതിയ 9-ാം നമ്പർ ജേഴ്‌സി ധരിച്ചായിരുന്നു ആദ്യ ഏകദിനത്തിൽ സൂര്യകുമാർ ക്രീസിലെത്തിയത്. സൂര്യകുമാറിന് ജേഴ്‌സി ലഭിക്കാത്തതിനാലാണോ അതോ സഞ്ജുവിനോടുള്ള സ്‌നേഹം കൊണ്ടാണോ ജഴ്‌സി ധരിച്ചതെന്ന കാര്യത്തിൽ ഇനിയും വ്യക്‌തത വന്നിട്ടില്ല.
അതേസമയം സംഭവത്തെച്ചൊല്ലി സോഷ്യൽ മീഡിയയിലും ആരാധകർ വാദപ്രതിവാദങ്ങൾ ഉയർത്തുന്നുണ്ട്. സഞ്ജുവിനെ ടീം മാനേജ്‌മെന്‍റ് തഴഞ്ഞതിനാൽ താരത്തിനെ സൂര്യകുമാർ ചേർത്ത് പിടിക്കുകയായിരുന്നു എന്നാണ് ഒരു കൂട്ടർ അവകാശപ്പെടുന്നത്. അതല്ല സഞ്ജുവിന് പകരം ടീമിൽ കയറിപ്പറ്റിയതിനാൽ ആരാധകരുടെ വിമർശനം നേരിടാതിരിക്കാനുള്ള സൂര്യകുമാറിന്‍റെ സൂത്രമാണിതെന്നാണ് മറ്റൊരു കൂട്ടരുടെ വാദം.
മത്സരത്തിൽ സൂര്യകുമാറിന് തിളങ്ങാനും സാധിച്ചില്ല. വൺഡൗണായി ക്രീസിലെത്തിയ സൂര്യകുമാറിന് 25 പന്തിൽ നിന്ന് ഒരു സിക്‌സും മൂന്ന് ഫോറും ഉൾപ്പെടെ 19 റണ്‍സ് മാത്രമേ നേടാനായുള്ളു. എന്നാൽ സഞ്ജുവിന് പകരക്കാരനായി ക്രീസിലെത്തിയ ഇഷാൻ കിഷൻ അർധ സെഞ്ച്വറിയുമായി തിളങ്ങി.