സിഡ്‌നി: ക്രിക്കറ്റ് ലോകം ഏറെ വാഴ്‌ത്തിപ്പാടുന്ന പേരാണ് ഇന്ത്യയുടെ സൂര്യകുമാര്‍ യാദവിന്‍റേത്. മൈതാനത്തിന്‍റെ നാലുപാടും അനായാസം പന്തടിക്കുന്ന താരം ടി20 ഫോര്‍മാറ്റിലെ ലോക ഒന്നാം നമ്പര്‍ ബാറ്ററാണ്. ഇപ്പോഴിതാ സൂര്യയുടെ ബാറ്റിങ്ങിനെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഓസ്‌ട്രേലിയയുടെ മുന്‍ താരം ടോം മൂഡി.
സൂര്യയെ വെസ്റ്റ് ഇൻഡീസ് ഇതിഹാസം വിവിയൻ റിച്ചാർഡ്‌സുമായാണ് മൂഡി താരതമ്യപ്പെടുത്തുന്നത്. "സൂര്യകുമാർ യാദവ്. അവൻ മികച്ച രീതിയില്‍ അനായാസകരമായാണ് കളിക്കുന്നത്. ഞാൻ ഒരു യുവ ക്രിക്കറ്ററായിരിക്കുമ്പോൾ, വിവിയൻ റിച്ചാർഡ്‌സിനെപ്പോലുള്ളവരുടെ കളികാണുന്നതാണ് അതെന്നെ ഓര്‍മ്മിപ്പിക്കുന്നത്.
ഒറ്റയ്‌ക്ക് മത്സരം നിയന്ത്രിക്കാനാവുന്ന താരങ്ങളാണവര്‍". 57കാരനായ മൂഡി ഒരു സ്‌പോര്‍ട്‌സ് മാധ്യമത്തോട് പറഞ്ഞു. കഴിഞ്ഞ വര്‍ഷം ടി20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സടിച്ച് കൂട്ടിയ താരമാണ് സൂര്യകുമാര്‍ യാദവ്. 2022-ൽ 31 ഇന്നിങ്‌സുകളില്‍ 1164 റണ്‍സാണ് സൂര്യ അടിച്ച് കൂട്ടിയത്.