പോര്‍ട്ട് എലിസബത്ത്:ഏകദിന ലോകകപ്പിലെ (Cricket World Cup 2023) നിരാശ ടി20 ക്രിക്കറ്റില്‍ തീര്‍ക്കുകയാണ് ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റര്‍ സൂര്യകുമാര്‍ യാദവ് (Suryakumar yadav). ഓസ്‌ട്രേലിയക്കെതിരെ ടി20 പരമ്പരയിലെ മിന്നും പ്രകടനം ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ രണ്ടാം ടി20യിലും (India vs South Africa T20I) ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് ആവര്‍ത്തിച്ചു. മത്സരത്തില്‍ 36 പന്തുകളില്‍ നിന്നും 5 ഫോറുകളും 3 സിക്‌സറുകളും സഹിതം 56 റണ്‍സായിരുന്നു സൂര്യ നേടിയത്.
ടി20യില്‍ ഇതു നാലാം തവണയാണ് സൂര്യ പ്രോട്ടീസിനെതിരെ അര്‍ധ സെഞ്ചുറി നേടുന്നത്. ആകെ അഞ്ച് ഇന്നിങ്‌സുകളില്‍ നിന്നാണ് സൂര്യയുടെ നാല് അര്‍ധ സെഞ്ചുറി പ്രകടനം. പ്രോട്ടീസിനെതിരായ തന്‍റെ ആദ്യ മത്സരത്തില്‍ 33 പന്തില്‍ പുറത്താവാതെ 50 റണ്‍സായിരുന്നു സൂര്യ നേടിയത്. തുടര്‍ന്ന് 22 പന്തില്‍ 61 റണ്‍സ് അടിച്ച താരം തൊട്ടടുത്ത മത്സരത്തില്‍ എട്ട് റണ്‍സില്‍ വീണു. എന്നാല്‍ നാലാം മത്സരത്തില്‍ 40 പന്തില്‍ 68 റണ്‍സുമായി മിന്നിയ താരം ഇന്നലെ വീണ്ടും അന്‍പത് കടന്നു.
ALSO READ:'ബാസ്‌ബോള്‍' ഇന്ത്യയുടെ അടുത്ത് നടക്കില്ല; ഇംഗ്ലണ്ടിന് മുന്നറിയിപ്പുമായി മുന്‍ നായകന്‍
ഇതോടെ ടി20യില്‍ ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരെ ഏറ്റവും കൂടുതല്‍ അര്‍ധ സെഞ്ചുറികള്‍ നേടിയ താരങ്ങളുടെ പട്ടികയിലും സൂര്യ തന്‍റെ പേര് ചേര്‍ത്തു. (Suryakumar yadav Record Against South Africa). ഇംഗ്ലണ്ടിന്‍റെ ബോണി ബെയര്‍സ്റ്റോ, പാകിസ്ഥാന്‍റെ മുഹമ്മദ് റിസ്‌വാന്‍, ഓസ്‌ട്രേലിയയുടെ ഡേവിഡ് വാര്‍ണര്‍ എന്നിവരാണ് നേരത്തെ പ്രോട്ടീസിനെതിരെ നാല് അര്‍ധ സെഞ്ചുറികള്‍ അടിച്ചിട്ടുള്ളത്. ബെയര്‍സ്റ്റോ 13 ഇന്നിങ്‌സുകളില്‍ നിന്നും റിസ്‌വാന്‍ 11 ഇന്നിങ്‌സുകളില്‍ നിന്നും വാര്‍ണര്‍ 15 ഇന്നിങ്‌സുകളില്‍ നിന്നുമാണ് ഇത്രയും അര്‍ധ സെഞ്ചുറികള്‍ നേടിയത്.