ലാഹോര്‍: ഇന്ത്യന്‍ ബാറ്റ്സ്മാന്‍ സൂര്യകുമാര്‍ യാദവിനെ പ്രകീര്‍ത്തിച്ച് പാകിസ്ഥാന്‍ മുന്‍ ക്യാപ്റ്റന്‍ സല്‍മാന്‍ ബട്ട്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിരവധി സെഞ്ചുറികള്‍ കണ്ടെത്താന്‍ കെല്‍പ്പുള്ള താരമാണ് സൂര്യകുമാറെന്നാണ് സല്‍മാന്‍ ബട്ട് പറയുന്നത്. തന്‍റെ യൂട്യൂബ് ചാനലില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് സല്‍മാന്‍ സൂര്യകുമാറിനെ പ്രകീര്‍ത്തിച്ച് രംഗത്തെത്തിയത്.
''ഞാൻ കണ്ടതിൽ നിന്ന് മികച്ച രീതിയില്‍ കളിക്കുന്ന താരമാണ് സൂര്യകുമാര്‍ യാദവ്. താരത്തിന്‍റെ റിസ്റ്റ് വര്‍ക്കുകളും ഷോട്ട് സെലക്ഷനും വളരെ മികച്ചതാണ്. വലിയ ഷോട്ടുകള്‍ കളിക്കുമ്പോള്‍ പോലും വിടവുകള്‍ കണ്ടെത്തിയാണ് അവന്‍ കളിക്കുന്നത്. സ്പിന്നര്‍മാര്‍ക്കെതിരെ വളരെ സെന്‍സിബിളായാണ് താരം കളിക്കുന്നത്.
also read: 'നിന്നോടുള്ള എന്‍റെ സ്നേഹം എല്ലായ്‌പ്പോഴും നിലനിൽക്കും'; നതാഷയ്ക്ക് പിറന്നാള്‍ സ്നേഹം അറിയിച്ച് ഗംഭീര്‍
മിസ്റ്ററി സ്പിന്നർമാർ ഉൾപ്പെടെയുള്ളവര്‍ക്കെതിരെ, മികച്ച രീതിയിൽ കളിക്കാന്‍ താരത്തിന് കഴിയുന്നുണ്ട്. അവന്‍റെ കയ്യില്‍ നിരവധി മികച്ച ഷോട്ടുകളുണ്ട്. ബോളിനെ വളരെ കഠിനമായി അടിച്ചകറ്റാനല്ല അവന്‍ ശ്രമിക്കുന്നത്. മികച്ച സ്ട്രോക്കുകളാണ് താരം പുറത്തെടുക്കുന്നത്.
ഇക്കാരണത്താല്‍ തന്നെ അവന്‍റെ ഷോട്ടുകളില്‍ റിസ്ക്ക് ഫാക്ടര്‍ വളരെയധികം കുറവാണ്. വളരെയധികം ഏകാഗ്രതയോടെയാണ് ബാറ്റ് ചെയ്യുന്നയാള്‍ കൂടിയാണ് സൂര്യകുമാര്‍ യാദവ്. താരത്തിന്‍റെ ബാറ്റില്‍ നിന്നും നിരവധി സെഞ്ചുറികള്‍ കാണാന്‍ ഞാൻ ആഗ്രഹിക്കുന്നു. കളിക്കളത്തില്‍ മികച്ച പ്രകടനം നടത്താനാവുന്ന പ്രതിഭയാണ് അവന്‍'' സല്‍മാന്‍ ബട്ട് പറഞ്ഞു.