നാഗ്‌പൂര്‍: നീണ്ട കാത്തിരിപ്പുകള്‍ക്കൊടുവില്‍ ഇന്ത്യയുടെ ടെസ്റ്റ് ടീമിലും സൂര്യകുമാര്‍ യാദവിന് അരങ്ങേറ്റം. ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയില്‍ ഓസ്‌ട്രേലിയക്കെതിരായ ആദ്യ മത്സരത്തിനുള്ള ഇന്ത്യന്‍ ടീമില്‍ സൂര്യകുമാര്‍ യാദവും സ്ഥാനം പിടിച്ചിട്ടുണ്ട്. ഇതോടെ ഒരു അത്യപൂര്‍വ റെക്കോഡും ഇന്ത്യയുടെ സ്റ്റാര്‍ ബാറ്ററുടെ പേരിലായി.
30 വയസിന് ശേഷം ക്രിക്കറ്റിന്‍റെ മൂന്ന് ഫോര്‍മാറ്റിലും അരങ്ങേറ്റം നടത്തുന്ന ആദ്യത്തെ ഇന്ത്യന്‍ താരമെന്ന റെക്കോഡാണ് ഇതോടെ സൂര്യകുമാര്‍ യാദവിന്‍റെ പേരിലായത്. 32 വയസും നാല് മാസവും 26 ദിവസവും പ്രായമുള്ളപ്പോഴാണ് ടെസ്റ്റ് ടീമില്‍ സൂര്യകുമാര്‍ യാദവിന് അവസരം ലഭിച്ചത്. 2021ല്‍ ടി20 ക്രിക്കറ്റില്‍ അരങ്ങേറിയപ്പോള്‍ 30 വയസും 180 ദിവസമുമായിരുന്നു സൂര്യയുടെ പ്രായം.
പിന്നാലെ 30 വയസും 334 ദിവസവും ആയപ്പോൾ ആദ്യമായി ഇന്ത്യയുടെ ഏകദിന ജേഴ്‌സിയും സൂര്യ അണിഞ്ഞു. അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം നടത്തി രണ്ടാം വര്‍ഷത്തില്‍ തന്നെ ടി20 ക്രിക്കറ്റിലെ ഒന്നാം റാങ്ക് ബാറ്ററായും സൂര്യ മാറിയിരുന്നു. ഇന്ത്യ ഓസ്‌ട്രേലിയ നാഗ്‌പൂര്‍ ടെസ്റ്റ് മത്സരത്തിന് മുന്‍പായി ഇന്ത്യയുടെ മുന്‍ പരിശീലകന്‍ രവിശാസ്‌ത്രിയാണ് ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍ സൂര്യകുമാര്‍ യാദവിന് ക്യാപ്പ് കൈമാറിയത്.
ഇന്ത്യയുടെ മധ്യനിരയില്‍ റിഷഭ് പന്തിന്‍റെ അഭാവത്തില്‍ അതിവേഗം റണ്‍സ് കണ്ടെത്താനുള്ള ചുമതല സൂര്യകുമാര്‍ യാദവിനായിരിക്കും. കൂടാതെ നാഗ്‌പൂരിലെ സ്‌പിന്നിനെ തുണയ്‌ക്കുന്ന പിച്ചില്‍ സ്വീപ്പ് ഷോട്ട് കളിച്ച് അനായാസം സൂര്യകുമാര്‍ യാദവിന് റണ്‍സ് കണ്ടെത്താന്‍ കഴിയുമെന്നാണ് ടീം മാനേജ്മെന്‍റിന്‍റെ വിലയിരുത്തല്‍. അതേസമയം ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കരിയറില്‍ 79 മത്സരങ്ങളില്‍ നിന്നും 5549 റണ്‍സ് അടിച്ചുകൂട്ടിയിട്ടുള്ള സൂര്യ ടെസ്റ്റ് ഫോര്‍മാറ്റില്‍ ഇന്ത്യക്കായി കളിക്കാന്‍ യോഗ്യനായ താരം എന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെൻഡുല്‍ക്കര്‍ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു.
സൂര്യ കുമാര്‍യാദവിന്‍റെ ബാറ്റിങ് പ്രകടനം ടെസ്റ്റ് ക്രിക്കറ്റിനെ വ്യത്യസ്‌തമാക്കുമെന്നും സച്ചിന്‍ അഭിപ്രായപ്പെട്ടിരുന്നു. സൂര്യ കുമാറിന് പുറമെ ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റില്‍ വിക്കറ്റ് കീപ്പര്‍ ശ്രീകര്‍ ഭരതിനും അരങ്ങേറ്റത്തിന് അവസരം ലഭിച്ചിട്ടുണ്ട്. എംഎസ് ധോണി വിരമിച്ചതിന് ശേഷം റിഷഭ് പന്ത്, വൃദ്ധിമാന്‍ സാഹ എന്നിവരെയായിരുന്നു ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നത്.
ഈ സാഹചര്യത്തില്‍ 29 കാരനായ ഭരതിനും ഇന്ത്യന്‍ ടീമിലേക്കുള്ള വിളിയെത്താന്‍ കാത്തിരിക്കേണ്ടി വന്നു. വിക്കറ്റ് കീപ്പര്‍ ബാറ്ററായ ഭരത് 86 ഫസ്റ്റ് ക്ലാസ് മത്സരങ്ങളാണ് കളിച്ചിട്ടുള്ളത്. 37.95 ശരാശരിയില്‍ 4707 റണ്‍സാണ് ആഭ്യന്തര ക്രിക്കറ്റില്‍ താരം നേടിയിട്ടുള്ളത്.
Also Read:വനിത പ്രീമിയര്‍ ലീഗ് താരലേലം: ആകെ 409 പേര്‍, അന്തിമ പട്ടിക പുറത്തുവിട്ട് ബിസിസിഐ