ഗയാന:വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം ടി20യില്‍ ഇന്ത്യയുടെ വിജയത്തില്‍ ഏറെ നിര്‍ണായകമായ പങ്കാണ് സ്റ്റാര്‍ ബാറ്റര്‍ സൂര്യകുമാര്‍ യാദവിനുള്ളത്. വെടിക്കെട്ട് അർധ സെഞ്ചുറിയുമായി കളം നിറഞ്ഞ താരം 44 പന്തിൽ 83 റൺസായിരുന്നു അടിച്ച് കൂട്ടിയത്. പത്ത് ഫോറുകളും നാല് സിക്‌സുകളും അടങ്ങുന്നതായിരുന്നു താരത്തിന്‍റെ തകര്‍പ്പന്‍ ഇന്നിങ്‌സ്.
ഇതോടെ ടി20യില്‍ 100 സിക്‌സുകള്‍ എന്ന നാഴികകല്ല് പിന്നിടാനും താരത്തിന് കഴിഞ്ഞിരുന്നു. ഫോര്‍മാറ്റില്‍ ഏറ്റവും വേഗത്തില്‍ ഈ നേട്ടം സ്വന്തമാക്കുന്ന ഇന്ത്യന്‍ താരമാണ് സൂര്യകുമാര്‍ യാദവ്. 49 ഇന്നിങ്‌സുകളില്‍ നിന്നാണ് സൂര്യകുമാര്‍ ടി20യില്‍ 100 സിക്‌സുകള്‍ പിന്നിട്ടത്.
നിലവില്‍ 101 സിക്‌സുകളാണ് സൂര്യയുടെ അക്കൗണ്ടിലുള്ളത്. ഇതോടെ ടി20യില്‍ ഇന്ത്യയ്‌ക്കായി ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടിയ താരങ്ങളില്‍ കെഎല്‍ രാഹുലിനെ പിന്നിലാക്കി മൂന്നാം സ്ഥാനത്തേക്ക് കയറാനും സൂര്യകുമാര്‍ യാദവിന് കഴിഞ്ഞു. 68 ഇന്നിങ്‌സുകളില്‍ നിന്നും നിലവില്‍ 99 സിക്‌സറുകളാണ് രാഹുലിന് നേടാന്‍ കഴിഞ്ഞിട്ടുള്ളത്. ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് പട്ടികയില്‍ തലപ്പത്തുള്ളത്.
നിലവില്‍ 140 ഇന്നിങ്‌സുകളില്‍ നിന്നായി 182 സിക്‌സറുകളാണ് ഹിറ്റ്‌മാന്‍ പറത്തിയിട്ടുള്ളത്. അന്താരാഷ്‌ട്ര താരങ്ങളുടെ മൊത്തത്തിലുള്ള പട്ടിക എടുത്താലും രോഹിത് തന്നെയാണ് ഒന്നാമത്. ഇന്ത്യന്‍ താരങ്ങളുടെ പട്ടികയില്‍ വിരാട് കോലിക്കാണ് രണ്ടാം സ്ഥാനം. 107 ഇന്നിങ്‌സുകളില്‍ നിന്നായി 117 സിക്‌സുകളാണ് കോലി നേടിയിട്ടുള്ളത്. മൊത്തത്തിലുള്ള പട്ടികയില്‍ ഏഴാമതാണ് കോലി.