ഇന്‍ഡോര്‍: ഓസ്‌ട്രേലിയയ്‌ക്ക് എതിരായ രണ്ടാം ഏകദിനത്തില്‍ നിറഞ്ഞാടുകയായിരുന്നു സൂര്യകുമാര്‍ യാദവ് (Suryakumar Yadav). ഏകദിനത്തിന് യോജിക്കാത്ത താരമെന്ന വിമര്‍ശനങ്ങള്‍ക്ക് ഓസീസിനെതിരായ ആദ്യ ഏകദിനത്തില്‍ അര്‍ധ സെഞ്ചുറിയുമായി സൂര്യകുമാര്‍ യാദവ് മറുപടി നല്‍കിയിരുന്നു. എന്നാല്‍ ഇന്‍ഡോറിലെ രണ്ടാം ഏകദിനത്തില്‍ അക്ഷരാര്‍ഥത്തില്‍ നിറഞ്ഞാടുകയായിരുന്നു 33-കാരന്‍.
ആറാം നമ്പറില്‍ ക്രീസിലെത്തിയ താരം തുടക്കത്തിലെ ഏതാനും പന്തുകളില്‍ ശ്രദ്ധയോടെയാണ് കളിച്ചത്. എന്നാല്‍ കാമറൂണ്‍ ഗ്രീന്‍ (Cameron Green) എറിഞ്ഞ 44-ാം ഓവറില്‍ താരം ടോപ് ഗിയറിലായി. മുംബൈ ഇന്ത്യന്‍സില്‍ (mumbai indians) സഹതാരമായ കാമറൂണ്‍ ഗ്രീനിന്‍റെ ആദ്യ നാല് പന്തുകളും സിക്‌സറിന് പറക്കുന്ന കാഴ്‌ചയാണ് കാണാന്‍ കഴിഞ്ഞത് (Suryakumar Yadav 4 sixes Against Cameron Green) .
ആദ്യ പന്ത് ഡീപ് ബാക്ക്‌വേർഡ് സ്‌ക്വയർ ലെഗ് ബൗണ്ടറിക്ക് മുകളിലൂടെയാണ് സൂര്യ പറത്തിയത്. രണ്ടാം പന്ത് ഫൈൻ-ലെഗ് ബൗണ്ടറിക്ക് മുകളിലൂടെയും പറന്നു. തൊട്ടടുത്ത പന്ത് ഓഫ് സ്റ്റംപ് ലൈനിന് പുറത്തായിരുന്നു ഗ്രീന്‍ പരീക്ഷിച്ചത്. എന്നാല്‍ ഡീപ് എക്‌സ്‌ട്രാ കവറിനു മുകളിലൂടെ മറ്റൊരു സിക്‌സര്‍ നേടിയ സൂര്യ ഗ്രീനിനെ കുഴയ്‌ക്കി.
നാലാം പന്തില്‍ ഒരു ഫുള്‍ ലെങ്‌ത്ത് ഡെലിവറിയാണ് ഓസീസ് താരം പരീക്ഷിച്ചത്. എന്നാല്‍ ഡീപ് മിഡ്-വിക്കറ്റ് ഫീൽഡറുടെ മുകളിലൂടെ പറന്ന പന്ത് ഇന്ത്യന്‍ സ്‌കോറിലേക്ക് ആറ് റണ്‍സ് കൂടെ കൂട്ടിച്ചേര്‍ത്തു.
ഇതിന് പിന്നാലെ ഗ്രീനിനെ ഉന്നം വച്ചുകൊണ്ടുള്ള ട്രോളുകളും മറ്റുമായി സോഷ്യല്‍ മീഡിയ വാളുകള്‍ നിറഞ്ഞിരുന്നു. ചന്തയില്‍ വച്ചുകണ്ട പരിചയം പോലുമില്ലാത്ത പോലെയായിരുന്നു ഗ്രീനിനെതിരെ സൂര്യയുടെ പെരുമാറ്റമെന്നാണ് ആരാധകര്‍ പറയുന്നത്. മത്സരത്തില്‍ 37 പന്തുകളില്‍ പുറത്താവാതെ 72 റണ്‍സായിരുന്നു സൂര്യകുമാര്‍ യാദവ് അടിച്ച് കൂട്ടിയത്.
ആറ് വീതം ബൗണ്ടറികളും സിക്‌സറുകളുമായിരുന്നു സൂര്യ അടിച്ച് കൂട്ടിയത്. ഗ്രീനിന്‍റെ കരിയറില്‍ തന്നെ ഏറ്റവും മോശം ദിവസങ്ങളില്‍ ഒന്നായി ഇതു മാറുകയും ചെയ്‌തിരുന്നു. 10 ഓവറില്‍ രണ്ട് വിക്കറ്റ് നേടിയ താരം വഴങ്ങിയാതാവട്ടെ 103 റണ്‍സാണ്.
അതേസമയം മത്സരത്തില്‍ ഇന്ത്യ 99 റണ്‍സിന് വിജയിച്ചിരുന്നു. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റു ചെയ്യാന്‍ ഇറങ്ങിയ ഇന്ത്യ നിശ്ചിത 50 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ 399 റണ്‍സ് നേടിയിരുന്നു. സൂര്യകുമാര്‍ യാദവിന് പുറമെ ശുഭ്‌മാന്‍ ഗില്‍ (104), ശ്രേയസ് അയ്യര്‍ (105), കെ എല്‍ രാഹുല്‍ (52) എന്നിവരും തിളങ്ങി.
ALSO READ: Michael Vaughan on Indian cricket team സ്വന്തം മണ്ണില്‍ അടിച്ചൊതുക്കും, മറ്റുള്ളവർ ജാഗ്രതൈ...മൈക്കല്‍ വോണ്‍ പറയുന്നു
മറുപടിയ്‌ക്ക് ഇറങ്ങിയ ഓസീസിന്‍റെ ഇന്നിങ്‌സ് പുരോഗമിക്കുന്നതിനിടെ മഴയെത്തിയിരുന്നു. ഇതോടെ മഴനിയമപ്രകാരം വിജയലക്ഷ്യം 33 ഓവറില്‍ 317 റണ്‍സായി പുതുക്കി നിശ്ചയിക്കുകയും ചെയ്‌തു. എന്നാല്‍ ഓസീസ് ടീം 28.2 ഓവറില്‍ 217 റണ്‍സിന് അടിയറവ് പറയുകയായിരുന്നു. സീന്‍ അബോട്ട് (54), ഡേവിഡ് വാര്‍ണര്‍ (53) എന്നിവര്‍ അര്‍ധ സെഞ്ചുറി നേടിയപ്പോള്‍ മറ്റ് താരങ്ങള്‍ നിരാശപ്പെടുത്തി. ഇന്ത്യയ്‌ക്കായി ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ എന്നിവര്‍ മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്‌ത്തി.