ഗുവാഹത്തി : ബാറ്റെടുത്തപ്പോഴെല്ലാം മികവാർന്ന പ്രകടനവുമായി ഇന്ത്യൻ ടീമിന് കരുത്തേകുന്ന താരമാണ് 'സ്കൈ' എന്ന ചുരുക്കപ്പേരിൽ വിളിക്കപ്പെടുന്ന സൂര്യകുമാർ യാദവ്. ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിൽ മികച്ച ഫോമിൽ കളിക്കുന്ന സൂര്യ തുടർച്ചയായ രണ്ടാം അർദ്ധ സെഞ്ച്വറിയാണ് സ്വന്തമാക്കിയത്. ഗുവാഹത്തിയിൽ 18 പന്തിൽ അർദ്ധ സെഞ്ച്വറി നേടിയ സൂര്യകുമാർ ടി20 ക്രിക്കറ്റിലെ വമ്പൻ നേട്ടമാണ് സ്വന്തം പേരിലാക്കിയത്.
ടി20യില്‍ കുറഞ്ഞ ബോളുകള്‍ മാത്രം നേരിട്ട് ഏറ്റവും വേഗത്തില്‍ 1000 റണ്‍സ് നേടുന്ന താരമായാണ് സൂര്യ മാറിയത്. ഓസ്ട്രേലിയയുടെ വെടിക്കെട്ട് വീരന്‍ ഗ്ലെന്‍ മാക്സ്‍വെല്ലിനെയാണ് സൂര്യ മറികടന്നത്.166 സ്ട്രൈക്ക് റേറ്റിൽ 604 പന്തുകള്‍ നേരിട്ടാണ് ഗ്ലെന്‍ മാക്സ്‍വെല്‍ ഈ നേട്ടത്തിലെത്തിയത്. എന്നാൽ 174 സ്ട്രൈക്ക് റേറ്റിൽ വെറും 573 പന്തുകള്‍ മാത്രമാണ് ഈ റെക്കോഡ് മറികടക്കാൻ സൂര്യക്ക് വേണ്ടിവന്നത്.