ചെന്നൈ: ക്രിക്കറ്റ് കമന്‍ററിക്കിടെ ജാതി പറഞ്ഞ് കുരുക്കിലായി മുൻ ഇന്ത്യൻ താരം സുരേഷ് റെയ്‌ന. തമിഴ്‌നാട് പ്രിമിയർ ലീഗിന്‍റെ അഞ്ചാം സീസണിലെ ഉദ്ഘാടന മത്സരത്തിനിടെയുള്ള കമന്‍ററിയിലൂടെയാണ് താരം വിവാദത്തിൽ ചാടിയത്.
ചെന്നൈയുടെ സംസ്കാരവുമായി എത്രത്തോളം ബന്ധമുണ്ട് എന്ന് ഐ.പി.എല്ലിൽ ചെന്നൈ സൂപ്പർ കിങ്സ് താരമായ റെയ്‌നയോട് കമന്‍റേറ്റർമാരിൽ ഒരാൾ ചോദിച്ചു. ഇതിന് റെയ്‌ന നൽകിയ മറുപടിയാണ് ഇപ്പോൾ വിവാദത്തിന് വഴിവെച്ചിരിക്കുന്നത്.
ഞാനും ബ്രാഹ്മണനാണ്. 2004 മുതൽ ഞാൻ ചെന്നൈക്കായി കളിച്ചുവരുന്നു. ഇവിടുത്തെ സംസ്കാരത്തേയും എന്‍റെ സഹതാരങ്ങളേയും ഞാൻ ഇഷ്ടപ്പെടുന്നു. അനിരുദ്ധ ശ്രീകാന്ത്, സുബ്രഹ്മണ്യം ബദരീനാഥ്, ലക്ഷ്മിപതി ബാലാജി തുടങ്ങിയവർക്കൊപ്പം ഞാൻ കളിച്ചിട്ടുണ്ട്. ഇവിടെ നിന്ന് പഠിച്ചെടുക്കേണ്ട ചില നല്ല പാഠങ്ങളുണ്ടെന്ന് ഞാൻ കരുതുന്നു. നമുക്ക് നല്ലൊരു നേതൃത്വമുണ്ട്. ഞാൻ ഏറെ ഇഷ്ടപ്പെടുന്ന സംസ്കാരത്തിൽ ചെന്നൈ ടീമിനായി കളിക്കാൻ കഴിഞ്ഞത് എന്‍റെ ഭാഗ്യമായി കരുതുന്നു. ഇനിയും കൂടുതൽ മത്സരങ്ങൾ ഇവിടെ കളിക്കാൻ അവസരം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു, റെയ്ന പറഞ്ഞു.