പൂനെ: വനിതാ ടി-20 ചലഞ്ച് കീരിടം സൂപ്പര്‍നോവാസിന്. ഫൈനലില്‍ വെലോസിറ്റിയെ നാലു റണ്‍സിന് വീഴ്ത്തിയാണ് സൂപ്പര്‍നോവാസ് മൂന്നാം കിരീടത്തിലെത്തിയത്. ടോസ് നഷ്‌ടപ്പെട്ട് ബാറ്റിങ്ങിനെത്തിയ സൂപ്പര്‍നോവാസ് ഉയര്‍ത്തിയ 166 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന വെലോസിറ്റി ഇന്നിങ്ങ്‌സ് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്‌ടത്തില്‍ 161 റണ്‍സിൽ അവസാനിച്ചു.
166 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ വെലോസിറ്റിയ്ക്ക് തുടക്കത്തില്‍ തന്നെ തകര്‍ച്ച നേരിട്ടു. 64 റണ്‍സിനിടെ അഞ്ച് മുൻനിര വിക്കറ്റുകള്‍ നഷ്‌ടമായി വെലോസിറ്റിക്ക്. പിന്നീട് ക്രീസിലെത്തിയ ലോറ വോള്‍വാര്‍ഡിന്‍റെ പ്രകടനമാണ് വെലോസിറ്റിക്ക് പ്രതീക്ഷ നൽകിയത്. 40 പന്തുകളില്‍ നിന്ന് പുറത്താവാതെ 65റണ്‍സാണ് താരം അടിച്ചെടുത്തത്. 20 റണ്‍സെടുത്ത സിമ്രാന്‍ ബഹദൂറും മികച്ച പ്രകടനം പുറത്തെടുത്തു. പക്ഷേ ഇരുവര്‍ക്കും ടീമിനെ വിജയത്തിലെത്തിക്കാനായില്ല.
അലാന കിങ്ങിന്‍റെ പതിനെട്ടാം ഓവറില്‍ 14റണ്‍സും പൂജാ വസ്‌ത്രാക്കറുടെ പത്തൊമ്പതാം ഓവറില്‍ 17 റണ്‍സും അടിച്ച വെലോസിറ്റിക്ക് പക്ഷെ അവസാന ഓവറില്‍ ആ പ്രകടനം തുടരാനാകാഞ്ഞതാണ് തേൽവിയിൽ കലാശിച്ചത്. ജയത്തിലേക്ക് അവസാന ഓവറില്‍ 17 റണ്‍സാണ് വെലോസിറ്റിക്ക് വേണ്ടിയിരുന്നത്. ലോറാ വോള്‍വാര്‍ഡ് എക്ലിസ്റ്റോണിന്‍റെ ആദ്യ പന്തില്‍ തന്നെ സിക്‌സടിച്ചതോടെ മത്സരം ആവേശകരമായി. പിന്നീട് മികച്ച രീതിയിൽ പന്തെറിഞ്ഞ എക്സിസ്റ്റോണ്‍ പിന്നീട് ബൗണ്ടറികളൊന്നും വഴങ്ങിയില്ല. അവസാന പന്തില്‍ ജയത്തിലേക്ക് ആറ് റണ്‍സ് വേണമായിരുന്ന വെലോസിറ്റിക്ക് ഒരു റണ്ണെടുക്കാനെ കഴിഞ്ഞുള്ളു.
നേരത്തെ ടോസ് നഷ്‌ടമായി ആദ്യം ബാറ്റ് ചെയ്‌ത സൂപ്പര്‍നോവാസിനായി ഡിയാന്‍ഡ്ര ഡോട്ടിന്‍ 44 പന്തുകളില്‍ നിന്ന് 62 റണ്‍സെടുത്തു. നായിക ഹര്‍മന്‍പ്രീത് കൗര്‍ 29 പന്തുകളില്‍ നിന്ന് 43 റണ്‍സ് നേടി. ഏഴുവിക്കറ്റ് നഷ്‌ടത്തിലാണ് സൂപ്പര്‍നോവാസ് 165 റണ്‍സ് നേടിയത്. വെലോസിറ്റിയ്ക്ക് വേണ്ടി കേറ്റ് ക്രോസും ദീപ്‌തി ശര്‍മയും സിമ്രാന്‍ ബഹദൂറും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.