മുംബൈ :ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ ബോക്‌സിങ് ഡേ ടെസ്റ്റില്‍ ടോസ് നഷ്‌ടപ്പെട്ട് ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ ഇന്ത്യയെ തുടക്കത്തിലെ തിരിച്ചടിയില്‍ നിന്നും കരകയറ്റിയത് കെഎല്‍ രാഹുലിന്‍റെ ഇന്നിങ്‌സാണ്. പ്രോട്ടീസ് പേസര്‍മാര്‍ സാഹചര്യം മുതലെടുത്ത് കടുത്ത ആക്രമണം അഴിച്ചുവിട്ടപ്പോള്‍ ഇന്ത്യന്‍ ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാര്‍ വേഗം തന്നെ കൂടാരം കയറുന്നതാണ് കാണാന്‍ കഴിഞ്ഞത്. എന്നാല്‍ ആറാം നമ്പറില്‍ ക്രീസിലെത്തിയ രാഹുല്‍ ചെറുത്ത് നില്‍പ് നടത്തി.
ഒന്നാം ദിനം സ്റ്റംപെടുക്കുമ്പോള്‍ 105 പന്തില്‍ 70 റണ്‍സുമായി താരം പുറത്താവാതെ നില്‍ക്കുകയാണ്. ഇപ്പോഴിതാ രാഹുലിന്‍റെ പ്രസ്‌തുത പ്രകടനത്തെ അകമഴിഞ്ഞ് പുകഴ്‌ത്തിയിരിക്കുകയാണ് ഇന്ത്യന്‍ ബാറ്റിങ് ഇതിഹാസം സുനില്‍ ഗവാസ്‌കര്‍. എല്ലാവരും കാണാന്‍ ആഗ്രഹിക്കുന്ന രാഹുലാണ് ഇപ്പോഴത്തേതെന്നാണ് ഗവാസ്‌കര്‍ പറയുന്നത്.
രാഹുല്‍ നേടിയ അര്‍ധ സെഞ്ചുറി തന്നെ സംബന്ധിച്ച് സെഞ്ചുറിയ്‌ക്ക് തുല്യമാണെന്നും 74-കാരന്‍ പറഞ്ഞു (Sunil Gavaskar praises KL Rahul innings in South Africa vs India boxing day test). "ഏറെക്കാലമായി അവനിലുള്ള പ്രതിഭയെക്കുറിച്ച് നമുക്ക് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ പഴയ രാഹുലും ഇപ്പോഴത്തെ രാഹുലും തമ്മില്‍ ഏറെ വ്യത്യാസമുണ്ട്. കൃത്യമായി പറഞ്ഞാല്‍ കഴിഞ്ഞ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനിടെയേറ്റ മാരകമായ പരിക്കില്‍ നിന്നും തിരിച്ചെത്തിയ ശേഷം രാഹുല്‍ ഏറെ വ്യത്യസ്‌തനാണ്.