മുംബൈ :ഓസ്‌ട്രേലിയയ്‌ക്ക് എതിരായ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി പരമ്പര നേട്ടത്തിന് പിന്നാലെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലുറപ്പിക്കാന്‍ ഇന്ത്യയ്‌ക്ക് കഴിഞ്ഞിരുന്നു. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്‍റ് ടേബിളില്‍ ഇന്ത്യയ്‌ക്ക് വെല്ലുവിളി ഉയര്‍ത്തിയ ശ്രീലങ്കയെ ക്രൈസ്‌റ്റ് ചര്‍ച്ച് ടെസ്റ്റില്‍ ന്യൂസിലന്‍ഡ് തോല്‍പ്പിച്ചതും ഇന്ത്യയ്‌ക്ക് ഗുണം ചെയ്‌തു. തുടര്‍ച്ചയായ രണ്ടാം തവണയാണ് ഇന്ത്യ ലോക ടെസ്‌റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ കലാശപ്പോരിന് യോഗ്യത നേടുന്നത്.
ജൂൺ 7ന് ലണ്ടനിലെ ഓവലിൽ നടക്കുന്ന ഫൈനലില്‍ ഓസ്‌ട്രേലിയയാണ് ഇന്ത്യയുടെ എതിരാളി. പോയിന്‍റ് ടേബിളില്‍ ഒന്നാം സ്ഥാനക്കാരായാണ് ഓസീസ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇടം പിടിച്ചത്. ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി പരമ്പരയില്‍ തുടര്‍ച്ചയായ നാലാം തവണയും ഓസീസിനെ മുട്ടുകുത്തിക്കാന്‍ കഴിഞ്ഞെങ്കിലും ഓവലില്‍ കളിക്കാനിറങ്ങുമ്പോള്‍ ടീമിലെ ചില പ്രശ്‌നങ്ങള്‍ക്ക് ഇന്ത്യന്‍ മാനേജ്‌മെന്‍റ് പരിഹാരം കാണേണ്ടതുണ്ട്.
കഴിഞ്ഞ വര്‍ഷം അവസാനത്തില്‍ കാര്‍ അപടത്തില്‍പ്പെട്ടതിനെ തുടര്‍ന്ന് ടീമിന് പുറത്തായ വിക്കറ്റ് കീപ്പർ ബാറ്റർ റിഷഭ് പന്തിന്‍റെ അഭാവമാണ് ഇന്ത്യയെ ഏറെ പ്രതിരോധത്തില്‍ ആക്കുന്നത്. പന്തിന് പകരക്കാരനായി ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ കെഎസ് ഭരത്താണ് കളിച്ചത്. എന്നാല്‍ താരത്തിന്‍റെ പ്രകടനം അത്ര തൃപ്തികരമായിരുന്നില്ല.
ഇതോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലും ഇന്ത്യയുടെ വിക്കറ്റ് കീപ്പറായി ഭരത് തുടരുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഇപ്പോഴിതാ ഇക്കാര്യത്തില്‍ പ്രവചനവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഇന്ത്യയുടെ ബാറ്റിങ് ഇതിഹാസം സുനിൽ ഗവാസ്‌കർ. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ കെഎല്‍ രാഹുലാവും കീപ്പർ ബാറ്ററായി ഉണ്ടാവുകയെന്നാണ് ഗവാസ്‌കര്‍ പറയുന്നത്.