പാള്‍ : ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരെ അവരുടെ മണ്ണില്‍ നീണ്ട അഞ്ച് വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷമാണ് ഇന്ത്യ വീണ്ടുമൊരു ഏകദിന പരമ്പര നേടുന്നത്. മൂന്ന് മത്സര പരമ്പര 2-1നാണ് സന്ദര്‍ശകര്‍ തൂക്കിയത്. ആദ്യ രണ്ട് മത്സരങ്ങളിലും ഇരു ടീമുകളും ഓരോന്ന് വീതം വിജയിച്ചതോടെ പാളില്‍ നടന്ന മൂന്നാം ഏകദിനമാണ് പരമ്പര ജേതാക്കളെ നിശ്ചയിച്ചത് (India vs South Africa).
മത്സരത്തില്‍ 78 റണ്‍സുകള്‍ക്കാണ് ഇന്ത്യ വിജയിച്ച് കയറിയത്. മലയാളി താരം സഞ്‌ജു സാംസണിന്‍റെ കന്നി സെഞ്ചുറിയാണ് പേളില്‍ ഇന്ത്യയ്‌ക്ക് മിന്നും ജയം ഒരുക്കിയത്. 114 പന്തില്‍ ആറ് ബൗണ്ടറികളും മൂന്ന് സിക്‌സും സഹിതം 108 റണ്‍സായിരുന്നു സഞ്‌ജു അടിച്ച് കൂട്ടിയത് (Sanju Samson maiden international century).
മൂന്നാം നമ്പറില്‍ ക്രീസിലെത്തിയ 29-കാരന്‍ പ്രതികൂലമായ വിക്കറ്റില്‍ ഏറെ ക്ഷമയോടെയാണ് ടീമിന് ഏറെ മുതല്‍ക്കൂട്ടായ തന്‍റെ ഇന്നിങ്‌സ് പടുത്തുയര്‍ത്തിയത്. ഇതിന് പിന്നാലെ സഞ്‌ജുവിനെ ഏറെ പുകഴ്‌ത്തിയിരിക്കുകയാണ് ഇന്ത്യയുടെ ഇതിഹാസ താരം സുനില്‍ ഗവാസ്‌കര്‍. (Sunil Gavaskar on Sanju Samson). പാളിലെ പ്രകടനം അവന്‍റെ കരിയര്‍ തന്നെ മാറ്റി മറിയ്‌ക്കുമെന്നാണ് സഞ്‌ജുവിനെ പലപ്പോഴും കടുത്ത ഭാഷയില്‍ വിമര്‍ശിക്കാറുള്ള ഗവാസ്‌കര്‍ പറയുന്നത്.
മത്സരത്തില്‍ സഞ്‌ജുവിന്‍റെ ഷോട്ട് സെലക്ഷന്‍ ഏറെ മികച്ചതായിരുന്നുവെന്നും സുനില്‍ ഗവാസ്‌കര്‍ പറഞ്ഞു. "ഈ ഇന്നിങ്‌സില്‍ എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും ശ്രദ്ധേയമായത് അവന്‍റെ ഷോട്ട് സെലക്ഷനായിരുന്നു. നേരത്തെ മികച്ച തുടക്കത്തിന് ശേഷം അവന്‍ പലതവണയാണ് പുറത്തായിട്ടുള്ളത്.
എന്നാല്‍ ഇത്തവണ അത്തരമൊരു വീഴ്‌ചയുണ്ടായില്ല. തന്‍റെ സമയമെടുക്കുകയും മോശം പന്തിനായി കാത്തിരിക്കുകയും ചെയ്‌തു. അത് സെഞ്ചുറിയിലേക്ക് എത്തിക്കാനും അവന് കഴിഞ്ഞു"- സുനില്‍ ഗവാസ്‌കര്‍ പറഞ്ഞു.