മുംബൈ:ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ ടെസ്റ്റ് പരമ്പരയില്‍ ചരിത്ര വിജയമാണ് ഇന്ത്യ ലക്ഷ്യം വയ്‌ക്കുന്നത്. ദക്ഷിണാഫ്രിക്കൻ മണ്ണിൽ ഇന്ത്യ ഇതുവരെ എട്ട് ടെസ്റ്റ് പരമ്പരകൾ കളിച്ചിട്ടുണ്ടെങ്കിലും അതിലൊന്നും തന്നെ വിജയിക്കാന്‍ ടീമിന് കഴിഞ്ഞിട്ടില്ല. എട്ടില്‍ ഏഴ് പരമ്പകളിലും തോല്‍വി വഴങ്ങിയപ്പോള്‍ ഒരു പരമ്പര സമനിലയിൽ അവസാനിക്കുകയായിരുന്നു. (Records for India vs South Africa in Test matches).
ഇക്കുറി ഈ നാണക്കേട് ഒഴിവാക്കി ചരിത്രം തിരുത്തി എഴുതാനാണ് രോഹിത് ശര്‍മയുടെ (Rohit Sharma) നേതൃത്വത്തില്‍ ഇന്ത്യ ഇറങ്ങുന്നത്. ഇപ്പോഴിതാ പ്രോട്ടീസിനെതിരെ അവരുടെ മണ്ണില്‍ പരമ്പര നേടാന്‍ ഇന്ത്യയ്‌ക്ക് മുന്നിലുള്ളത് സുവര്‍ണാവസരമാണെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് ഇതിഹാസ താരം സുനിൽ ഗവാസ്‌കർ. (Sunil Gavaskar on India vs South Africa Test).
ഒരു സ്‌പോര്‍ട്‌സ് മാധ്യമത്തില്‍ സംസാരിക്കവെ ഗവാസ്‌കറിന്‍റെ ഇതു സംബന്ധിച്ച വാക്കുകള്‍ ഇങ്ങിനെ...."തങ്ങളുടെ ഏറ്റവും മികച്ച രണ്ട് ബോളര്‍മാരില്ലാതെയാണ് ദക്ഷിണാഫ്രിക്ക കളിക്കാനിറങ്ങുന്നത്. പ്രോട്ടീസ് നിരയിയില്‍ ആൻറിച്ച് നോര്‍ട്‌ജെയും കഗിസോ റബാഡയുമില്ല. ഇതു അർത്ഥമാക്കുന്നത്, ഇന്ത്യൻ ബാറ്റിങ് നിര വിവേകത്തോടെ കളിച്ചാൽ, അധികം പ്രശ്‌നങ്ങളില്ലാതെ തന്നെ അവര്‍ക്ക് 400, അല്ലെങ്കില്‍ അതിന് മുകളില്‍ സ്‌കോര്‍ ചെയ്യാന്‍ കഴിയുമെന്നാണ്.
ചുകന്ന പന്തിന് തിളക്കവും ബൗണ്‍സും ഉള്ളപ്പോള്‍ കളിക്കുന്നത് ഒരല്‍പം പ്രയാസമായിരിക്കും. ടെസ്റ്റ് ക്രിക്കറ്റിന്‍റെ കാര്യം ഇതാണ്. അതുകൊണ്ടാണ് ഒരു മത്സരത്തിന് അഞ്ച് ദിവസത്തെ സമയം ലഭിച്ചത്. അതിനാല്‍ തന്നെ ഇന്ത്യ നന്നായി ബാറ്റ് ചെയ്യേണ്ടതുണ്ട്. വലിയ സ്‌കോറുകള്‍ നേടാന്‍ കഴിഞ്ഞാല്‍ രണ്ട് ഇന്നിങ്‌സിലും ദക്ഷിണാഫ്രിക്കൻ ബാറ്റര്‍മാരെ വീഴ്ത്താൻ ബോളർമാർക്ക് മതിയായ അവസരം ലഭിക്കും"- സുനില്‍ ഗവാസ്‌കര്‍ പറഞ്ഞു.