മുംബൈ:വെസ്റ്റ് ഇൻഡീസിനെതിരെ അടുത്തിടെ സമാപിച്ച ടെസ്റ്റ് പരമ്പരയിൽ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും വിരാട് കോലിയും റണ്‍സ് നേടിയത് ആഘോഷമാക്കുകയാണ് ആരാധകര്‍. രണ്ട് ടെസ്റ്റുകളിലെ മൂന്ന് ഇന്നിങ്‌സുകളില്‍ നിന്നും രോഹിത് 240 റണ്‍സ് നേടിയപ്പോള്‍ രണ്ട് ഇന്നിങ്‌സുകളില്‍ നിന്നായി 197 റണ്‍സാണ് കണ്ടെത്തിയത്.
എന്നാല്‍ വിൻഡീസിനെതിരെ ഇരുവരും റൺസ് നേടുന്നതിലെ പ്രാധാന്യത്തെ ചോദ്യം ചെയ്‌തിരിക്കുകയാണ് ഇന്ത്യയുട ഇതിഹാസ ബാറ്റര്‍ സുനിൽ ഗവാസ്‌കർ. രോഹിത്തിനും കോലിക്കുമൊപ്പം തുടരുന്നതിനു പകരം നിലവിലെ സമീപനത്തില്‍ മാറ്റം വരുത്തി സെലക്‌ടർമാർ ഭാവിയെക്കുറിച്ച് ചിന്തിക്കണമെന്നാണ് അദ്ദേഹം പറയുന്നത്.
"വെസ്റ്റ് ഇന്‍ഡീസിനെതിരെ രോഹിത്തിനും കോലിയ്‌ക്കും റണ്‍സ് നേടാന്‍ അവസരമുണ്ടാക്കിക്കൊടുത്ത് അവര്‍ക്ക് നേരത്തെ അറിയാത്ത എന്തുകാര്യമാണ് സെലക്‌ടര്‍മാര്‍ മനസിലാക്കിയത്. ഇതിന് പകരം കൂടുതല്‍ യുവ താരങ്ങള്‍ക്ക് അവസരം നല്‍കി അവര്‍ ടെസ്റ്റ് ക്രിക്കറ്റില്‍ ഏങ്ങിനെ കളിക്കുന്നുവെന്ന് നോക്കുന്നത് നല്ലതായിരിക്കില്ലേ?. സ്ഥിരതയുള്ള യുവതാരങ്ങള്‍ എല്ലാ തലത്തിലുമുള്ള വെല്ലുവിളിയും നേരിടണമെന്ന് സെലക്‌ടര്‍മാര്‍ ആഗ്രഹിക്കുന്നില്ലേ?" -ഗവാസ്‌കര്‍ ചോദിച്ചു.
അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റി ഭാവിയെക്കുറിച്ച് ചിന്തിക്കേണ്ടതുണ്ടെന്ന് ഗവാസ്‌കർ കൂട്ടിച്ചേര്‍ത്തു. "ഇപ്പോള്‍ അജിത് അഗാര്‍ക്കര്‍ ഇന്ത്യയുടെ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ആയിരിക്കുകയാണ്. ഭാവിയിലേക്ക് ഒരു ടീമിനെ കെട്ടിപ്പടുക്കുന്നതിനായി നിലവിലെ സമീപനത്തില്‍ അദ്ദേഹം എന്തെങ്കിലും മാറ്റം വരുത്തുമോ?, അതോ പഴയ അതേ കഥ തുടരുകയാണോ ചെയ്യുന്നതെന്ന് നമുക്ക് നോക്കാം" ഗവാസ്‌കര്‍ പറഞ്ഞു നിര്‍ത്തി.