മുംബൈ : ക്രിക്കറ്റ് ലോകത്ത് എപ്പോഴും ചൂടുള്ള ചര്‍ച്ചാവിഷയമാണ് ഇന്ത്യൻ ടീം (India Cricket team). ഏകദിന ലോകകപ്പ് (ODI World Cup 2023) സ്‌ക്വാഡിനെ പ്രഖ്യാപിച്ചതോടെ ടീം കോമ്പിനേഷനുമായി ബന്ധപ്പെട്ടുള്ള അഭിപ്രായങ്ങളാണ് വിവിധ കോണുകളില്‍ നിന്നും നിരവധി പേര്‍ പങ്കുവയ്‌ക്കുന്നത്. എന്നാല്‍ ഇന്ത്യൻ ടീം കോമ്പിനേഷനെ കുറിച്ച് വിദേശ വിദഗ്ധർ തങ്ങളുടെ അഭിപ്രായം പ്രകടിപ്പിക്കുന്നതിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് ഇന്ത്യയുടെ ഇതിഹാസ താരം സുനില്‍ ഗവാസ്‌കര്‍ (Sunil Gavaskar against foreign experts giving opinion on India Cricket team combination).
പാക് ടീമിനെതിരെ കളിക്കാന്‍ ഇന്ത്യ ഭയപ്പെടുന്നുവെന്ന പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ നജാം സേത്തിയുടെ പ്രതികരണമാണ് സുനില്‍ ഗവാസ്‌കറെ ചൊടിപ്പിച്ചത്. ഇത്തരം പ്രസ്‌താവനകള്‍ക്ക് ഇന്ത്യന്‍ മാധ്യമങ്ങള്‍ അമിത പ്രധാന്യം നല്‍കുന്നത് ഖേദകരമാണെന്ന് സുനില്‍ ഗവാസ്‌കര്‍ പറഞ്ഞു.
"അവരുടെ ഭാഗത്തുനിന്ന് പുറത്തുവരുന്ന പ്രസ്താവനകൾക്ക് നമ്മുടെ മാധ്യമങ്ങൾ വലിയ പ്രാധാന്യം നല്‍കുന്നത് ഖേദകരമാണ്. ഇന്ത്യന്‍ ടീമിനെ തിരഞ്ഞെടുക്കുന്ന പാകിസ്ഥാന്‍ താരങ്ങളും ഓസ്‌ട്രേലിയന്‍ താരങ്ങളുമുണ്ട്. ഇന്ത്യന്‍ ടീമിന്‍റെ തിരഞ്ഞെടുപ്പ് എങ്ങിനെയാണ് അവരുമായി ബന്ധപ്പെടുന്നത്.
ഏതെങ്കിലും ഇന്ത്യന്‍ താരങ്ങള്‍, ഓസ്‌ട്രേലിയയുടെയോ പാകിസ്ഥാന്‍റെയോ ടീം തിരഞ്ഞെടുക്കാന്‍ പോകാറുണ്ടോ?. കാരണം അത് നമ്മളെ സംബന്ധിക്കുന്ന കാര്യമല്ല. എന്നാല്‍ നമ്മള്‍ അതിന് അനുവദിക്കുന്നു"- സുനില്‍ ഗവാസ്‌കര്‍ പറഞ്ഞു.