മുംബൈ:ഏകദിന ലോകകപ്പില്‍ (Cricket World Cup 2023) ഇന്ത്യയ്‌ക്കായി മികച്ച പ്രകടനം നടത്താന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കെഎല്‍ രാഹുലിന് (KL Rahul) കഴിഞ്ഞിരുന്നു. ബാറ്റുകൊണ്ട് ഇന്ത്യയ്‌ക്ക് മുതല്‍ക്കൂട്ടാവുന്ന നിരവധി പ്രകടനങ്ങള്‍ നടത്തിയ രാഹുല്‍ വിക്കറ്റ് കീപ്പറുടെ റോളും മികച്ച രീതിയില്‍ തന്നെ കൈകാര്യം ചെയ്‌തിരുന്നു. എന്നാല്‍ സ്‌ട്രൈക്ക് റേറ്റ് ഉള്‍പ്പെടെയുള്ള കാരണങ്ങളാല്‍ പലപ്പോഴും 31-കാരന്‍ ട്രോളന്മാരുടെ കനത്ത ഇരയായി മാറാറുണ്ട്.
ഇപ്പോഴിതാ രാഹുലിനെതിരായ ട്രോളുകള്‍ തന്നെ ഏറെ വേദനിപ്പിക്കുന്നതായി വെളിപ്പെടുത്തിയരിക്കുകയാണ് ഭാര്യാപിതാവും ബോളിവുഡ് നടനുമായ സുനില്‍ ഷെട്ടി. (Suniel Shetty on trolls against KL Rahul). ഇരു അഭിമുഖത്തില്‍ ഇതു സംബന്ധിച്ചുള്ള സുനില്‍ ഷെട്ടിയുടെ വാക്കുകള്‍ ഇങ്ങിനെ....
"ചില ട്രോളുകള്‍ എന്നെ ഏറെ വേദനിപ്പിക്കാറുണ്ട്. ഒരുപക്ഷേ, അവനേക്കാള്‍ കൂടുതല്‍ വേദനയാണ് അതെനിക്ക് ഉണ്ടാക്കാറുള്ളത്. കുട്ടികള്‍ അതിനെ എങ്ങിനെ നേരിടുന്നുവെന്ന് എല്ലാവര്‍ക്കും അറിയാം...
അവർ ഒരിക്കലും ഒന്നിനെക്കുറിച്ചും സംസാരിക്കില്ല. അച്ഛാ.. അതു എന്തെങ്കിലും ആവട്ടെ, എന്‍റെ ബാറ്റുകള്‍ അതിന് മറുപടി പറയുമെന്നാണ് അവന്‍ പറയാറുള്ളത്. അതു അങ്ങിനെ ആവുകയും ചെയ്യാറുണ്ട്. ജനങ്ങള്‍ക്കും ക്യാപ്റ്റനും സെലക്‌ടര്‍മാര്‍ക്കും അവനിലുള്ള വിശ്വാസം തന്നെ എല്ലാം പറയുന്നുണ്ട്.
പക്ഷെ , രാഹുലിനെയോ ആതിയയെയോ മറ്റാരേക്കാളുമോ പത്തിരട്ടി, അല്ലെങ്കില്‍ നൂറിരട്ടി അതെന്നെ വേദനിപ്പിക്കുന്നു. രക്ഷിതാക്കൾ എന്ന നിലയിൽ, രാഹുലിന്‍റെ മാതാപിതാക്കളും ഞങ്ങളും മാത്രമാണ് അവരേക്കാള്‍ കൂടുതല്‍ വേദന അനുഭവിക്കുന്നത്" സുനില്‍ ഷട്ടി പറഞ്ഞു.
താന്‍ കെഎല്‍ രാഹുലിന്‍റെ വലിയ ആരാധകനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. "ഞാൻ കെഎൽ രാഹുലിന്‍റെ വലിയ ആരാധകനാണ്. അന്നും ഇന്നും അതു അങ്ങിനെ തന്നെ. അവൻ എന്‍റെ മകനായിരിക്കാം, പക്ഷേ ഞാൻ അവന്‍റെ ആരാധകനാണ്" - സുനില്‍ ഷെട്ടി പറഞ്ഞു.
ഏകദിന ലോകകപ്പിന്‍റെ ഫൈനലില്‍ തോല്‍വി വഴങ്ങിയെങ്കിലും ആരാധകരുടെ ഹൃദയം കീഴടക്കാന്‍ ടീമിന് കഴിഞ്ഞുവെന്നും 62-കാരന്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം കഴിഞ്ഞ ജനുവരിയിലായിരുന്നു സുനില്‍ ഷെട്ടിയുടെ മകളും നടിയുമായ ആതിയ ഷെട്ടിയുമായുള്ള (Athiya Shetty) രാഹുലിന്‍റെ വിവാഹം നടന്നത്. സുനില്‍ ഷെട്ടിയുടെ മഹാരാഷ്‌ട്ര ഖണ്ഡലയിലുള്ള ബംഗ്ലാവില്‍ വച്ചായിരുന്നു വിവാഹം ചടങ്ങുകള്‍ നടന്നത്. (KL Rahul Athiya Shetty Wedding)
ഇരുവരുടേയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു ചടങ്ങുകളില്‍ പങ്കെടുത്തത്. 2021-ലാണ് കെഎൽ രാഹുലും ആതിയയും തങ്ങളുടെ ബന്ധം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. അതേസമയം ലോകകപ്പിന്‍റെ ഇടവേള കഴിഞ്ഞ് ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ എകദിന പരമ്പരയിലൂടെയാണ് രാഹുല്‍ വീണ്ടും ഇന്ത്യയ്‌ക്കായി കളത്തിലേക്ക് എത്തുക. മൂന്ന് മത്സര പരമ്പരയില്‍ ടീമിനെ നയിക്കുന്നതും രാഹുലാണ്.
ALSO READ: ഹിറ്റ്‌മാനെ തഴഞ്ഞതല്ല, തിരികെ വന്നാല്‍ ക്യാപ്റ്റനാക്കണമെന്ന് ഹാര്‍ദിക്, ശരിയെന്ന് രോഹിതും മുംബൈയും...