ഇന്ത്യയുടെ എക്കാലത്തെയും മികച്ച റെഡ് ബോൾ നായകനായ വിരാട് കോലിയുടെ അപ്രതീക്ഷിത രാജിയിൽ ഞെട്ടിയിരുക്കുകയാണ് ക്രിക്കറ്റ് ലോകം. ടി20, ഏകദിന നായകസ്ഥാനം കൈവിട്ടെങ്കിലും ടെസ്റ്റിലെ ക്യാപ്‌റ്റൻ സ്ഥാനം കോലി ഇത്ര പെട്ടന്ന് ഒഴിയുമെന്ന് ആരും തന്നെ പ്രതീക്ഷിച്ചിരുന്നില്ല. ഇന്ത്യൻ ടെസ്റ്റ് ടീമിനെ പുതിയ ഉയരങ്ങളിലേക്ക് എത്തിച്ച കോലിക്ക് ആശംസയുമായി എത്തിയിരിക്കുകയാണ് ക്രിക്കറ്റ് ലോകം.
'വിരാട്, നിനക്ക് തലയുയർത്തിപ്പിടിച്ച് പോകാം. ക്യാപ്റ്റനെന്ന നിലയിൽ നിങ്ങളോളമെത്തിയത് വളരെ കുറച്ചുപേർ മാത്രമാണ്. തീർച്ചയായും ഇന്ത്യയുടെ ഏറ്റവും ആക്രമണാത്മകവും വിജയകരവുമാണ് ഒന്നാണ് താങ്കൾ. വ്യക്തിപരമായി എനിക്ക് സങ്കടകരമായ ദിവസം, ഇതാണ് ഞങ്ങൾ ഒരുമിച്ച് കെട്ടിപ്പടുത്ത ടീം ഇന്ത്യ', ഇന്ത്യൻ മുൻ പരിശീലകൻ രവി ശാസ്‌ത്രി ട്വീറ്റ് ചെയ്‌തു.
'വിരാട് കോലിയുടെ പൊടുന്നനെയുള്ള തീരുമാനത്തില്‍ ഞാനും ഞെട്ടലിലാണ്. അദ്ദേഹത്തിന്‍റെ തീരുമാനത്തെ ഞാന്‍ ബഹുമാനിക്കുന്നു. ലോക ക്രിക്കറ്റിനും ഇന്ത്യന്‍ ക്രിക്കറ്റിനും നല്‍കിയ സംഭാവനകൾക്ക് അദ്ദേഹത്തെ അഭിനന്ദിക്കാന്‍ മാത്രമേ എനിക്കു സാധിക്കുകയുള്ളൂ. ഇന്ത്യ കണ്ട ഏറ്റവും അഗ്രസീവും ഫിറ്റുമായിട്ടുള്ള താരങ്ങളിലൊരാളാണ് കോലി. താരമെന്ന നിലയില്‍ കോലി ഇന്ത്യക്കു വേണ്ടി തിളങ്ങുന്നത് തുടരുമെന്ന് പ്രതീക്ഷിക്കുന്നു'. മുൻ ഇന്ത്യൻ താരം സുരേഷ് റെയ്‌ന ട്വീറ്റ് ചെയ്തു.
'ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റൻ എന്ന നിലയിൽ മികച്ച കരിയറിന് വിരാട് കോലിക്ക് അഭിനന്ദനങ്ങൾ. കണക്കുകൾ കള്ളം പറയില്ല, അദ്ദേഹം ഏറ്റവും വിജയകരമായ ഇന്ത്യൻ ടെസ്റ്റ് ക്യാപ്റ്റൻ മാത്രമല്ല, ലോകത്തിലെ ഏറ്റവും വലിയ വിജയിയും കൂടെ ആയിരുന്നു. നിങ്ങളുടെ നേട്ടത്തിൽ നിങ്ങൾക്ക് അഭിമാനിക്കാം, താങ്കൾ ബാറ്റിൽ ആധിപത്യം സ്ഥാപിക്കുന്നത് കാണാൻ കാത്തിരിക്കുകയാണ്'. ഇന്ത്യൻ ഇതിഹാസം വിരേന്ദർ സെവാഗ് കുറിച്ചു.