ഓവല്‍:2007-ലെ ടി20 ലോകകപ്പിൽ യുവരാജ് സിങ് തന്‍റെ ഒരോവറില്‍ നേടിയ ആറ് സിക്‌സറുകളാണ് തന്നെ ഇന്നത്തെ നിലയിലേക്ക് വളര്‍ത്തിയതെന്ന് ഇംഗ്ലണ്ട് പേസര്‍ സ്റ്റുവർട്ട് ബ്രോഡ്. കരിയറിന്‍റെ തുടക്കത്തില്‍ തന്നെ ലഭിച്ച ഏറെ കഠിനമായ അനുഭവമായിരുന്നുവത്. എന്നാല്‍ അവിടെ നിന്നാണ് താന്‍ ക്രിക്കറ്റില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തുടങ്ങിയതെന്നും സ്റ്റുവർട്ട് ബ്രോഡ് പറഞ്ഞു. അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്നുമുള്ള വിരമിക്കല്‍ പ്രഖ്യാപിക്കുന്നതിനായി നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് ബ്രോഡിന്‍റെ വാക്കുകള്‍.
"അതെ, തീര്‍ച്ചയായും അതൊരു പ്രയാസകരമായ ദിവസമായിരുന്നു. എനിക്ക് അന്ന് ഇരുപത്തിയൊന്നോ ഇരുപത്തി രണ്ടോ വയസ് മാത്രമാണ് പ്രായം. ആ നിമിഷം ഒരു അന്താരാഷ്‌ട്ര പെർഫോമർ എന്ന നിലയിൽ ഞാൻ വളരെ പിറകിലായിരുന്നു.
അതറിഞ്ഞുകൊണ്ട് തന്നെ ആ അനുഭവത്തെ ഞാൻ മാനസികമായി മറികടന്നു. അതിന് മുമ്പ് എനിക്ക് ഒരു തരത്തിലുള്ള പ്രീ-ബോൾ ദിനചര്യയും ഇല്ലായിരുന്നു. പ്രത്യേകിച്ച് ഞാന്‍ കാര്യമായി ഒന്നിലും ഫോക്കസ് ചെയ്‌തിരുന്നില്ല. എന്നാല്‍ ആ അനുഭവത്തിന് ശേഷം, ഞാന്‍ എല്ലാത്തിലും ശ്രദ്ധാലുവായി.
ഞാൻ അതിനെ വിളിക്കുന്നത് എന്‍റെ 'വാരിയർ മോഡ്' ഓണാക്കാന്‍ തുടങ്ങി എന്നാണ്. ആത്യന്തികമായി, അത് സംഭവിച്ചില്ലെങ്കിലെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു. പക്ഷേ, അതാണ് എന്നെ കൂടുതല്‍ മുന്നോട്ട് നയിച്ച് ഇന്നത്തെ നിലയിലേക്ക് എത്താന്‍ പ്രേരിപ്പിച്ചത്", ബ്രോഡ് കൂട്ടിച്ചേർത്തു.
പ്രഥമ ടി20 ലോകകപ്പില്‍ ഇംഗ്ലീഷ് നായകന്‍ ആന്‍ഡ്ര്യൂ ഫ്ലിന്‍റോഫുമായുള്ള ഉടക്കിന് ശേഷമാണ് യുവരാജ് സിങ് ബ്രോഡിനെതിരെ റെക്കോഡ് പ്രകടനം നടത്തിയത്. ഇന്ത്യന്‍ ഇന്നിങ്‌സിലെ 19-ാം ഓവറില്‍ ബ്രോഡ് എറിഞ്ഞ ആറ് പന്തുകളും യുവി ഗാലറിയിലേക്ക് പറത്തുകയായിരുന്നു. അന്ന് നിസഹായനായി കരഞ്ഞ കണ്ണുകളുമായി മൈതാനത്ത് നിന്ന ബ്രോഡിനെ ആരാധകര്‍ പെട്ടെന്ന് മറക്കാന്‍ ഇടയില്ല.
അതേസമയം ഏറെ അപ്രതീക്ഷിതമായാണ് ഇംഗ്ലണ്ടിന്‍റെ എക്കാലത്തെയും മികച്ച ബൗളര്‍മാരില്‍ ഒരാളായ സ്റ്റുവര്‍ട്ട് ബ്രോഡ് (Stuart Broad) അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചത്. നിലവില്‍ പുരോഗമിക്കുന്ന ആഷസ് (Ashes) പരമ്പരയ്‌ക്ക് ശേഷം അന്താരാഷ്‌ട്ര ക്രിക്കറ്റ് മതിയാക്കുമെന്നാണ് സ്റ്റുവര്‍ട്ട് ബ്രോഡ് അറിയിച്ചിരിക്കുന്നത്. ഓവലില്‍ നടക്കുന്ന മത്സരത്തിന്‍റെ മൂന്നാം ദിനത്തിലാണ് ബ്രോഡിന്‍റെ പ്രഖ്യാപനമുണ്ടായത്.
17 വര്‍ഷങ്ങള്‍ നീണ്ട കരിയറിനാണ് 37-കാരനായ സ്റ്റുവര്‍ട്ട് ബ്രോഡ് അവസാനമിടുന്നത്. 2006 ഓഗസ്റ്റ് 28ന് ഇംഗ്ലണ്ടിന്‍റെ ടി20 ജഴ്‌സിയില്‍ പാകിസ്ഥാനെതിരെ ആയിരുന്നു അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ താരത്തിന്‍റെ അരങ്ങേറ്റം. ഇക്കാലയളവില്‍ മൂന്ന് ഫോര്‍മാറ്റിലുമായി ആകെ 344 മത്സരങ്ങള്‍ കളിച്ച ബ്രോഡ് ആകെ 845 വിക്കറ്റുകളാണ് നേടിയത്. ടെസ്റ്റ് ക്രിക്കറ്റിലായിരുന്നു താരം ഏറെ നേട്ടമുണ്ടാക്കിയത്. റെഡ് ബോളില്‍ 167 മത്സരങ്ങളില്‍ നിന്നും 602 വിക്കറ്റുകള്‍ നേടാന്‍ താരത്തിന് കഴിഞ്ഞിട്ടുണ്ട്. ഇതോടെ ടെസ്റ്റില്‍ 600 വിക്കറ്റുകളെന്ന നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ പേസറാവാനും മൊത്തത്തിലുള്ള പട്ടികയില്‍ അഞ്ചാം സ്ഥാനത്ത് എത്താനും ബ്രോഡിന് കഴിഞ്ഞു.
ALSO READ: Stuart Broad Retirement | '6 സിക്‌സുകള്‍ മുതല്‍ 600 വിക്കറ്റ് വരെ' ; കളമൊഴിയുന്നത് ക്രിക്കറ്റ് ലോകം കണ്ട മികച്ച ബൗളര്‍മാരില്‍ ഒരാള്‍