മുംബൈ : ലോകകപ്പ് നേടുന്നതിനായി രോഹിത് ശര്‍മ, വിരാട് കോലി തുടങ്ങിയ ചില സീനിയര്‍ താരങ്ങളുടെ പ്രകടനത്തെ ആശ്രയിക്കുന്നത് ഇന്ത്യ അവസാനിപ്പിക്കണമെന്ന് ഇതിഹാസ താരം കപില്‍ ദേവ്. ഇതിനായി യുവതാരങ്ങളെ വാര്‍ത്തെടുക്കേണ്ടതുണ്ടെന്നും ഇന്ത്യയ്‌ക്ക് ലോകകപ്പ് നേടിക്കൊടുത്ത ക്യാപ്റ്റന്‍ പറഞ്ഞു. ഒരു ചാനല്‍ ഷോയിലായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.
ഇന്ത്യ ലോകകപ്പ് ജയിക്കണമെങ്കില്‍ പരിശീലകനും സെലക്‌ടര്‍മാരും ടീം മാനേജ്‌മെന്‍റും ചില കടുത്ത തീരുമാനങ്ങൾ എടുക്കേണ്ടിവരുമെന്നും കപില്‍ ദേവ് കൂട്ടിച്ചേര്‍ത്തു. "രോഹിത്തും കോലിയും അതുപോലെ മറ്റ് രണ്ടോ മൂന്നോ കളിക്കാരും ചേര്‍ന്ന് നമുക്ക് ലോകകപ്പ് നേടിത്തരുമെന്ന് നിങ്ങൾ കരുതുന്നുവെങ്കിൽ അത് ഒരിക്കലും സംഭവിക്കില്ല. ഇന്ത്യ ലോകകപ്പ് നേടണമെങ്കില്‍ വ്യക്തി താല്‍പര്യങ്ങള്‍ മാറ്റിവച്ച് ടീമിന്‍റെ താല്‍പര്യത്തിന് മുന്‍തൂക്കം നല്‍കേണ്ടതുണ്ട്.
അതിനായി ആദ്യം ടീമില്‍ വിശ്വസിക്കേണ്ടതുണ്ട്. നമുക്ക് അങ്ങനെയൊരു ടീമുണ്ടോ എന്ന് ചോദിച്ചാല്‍, തീർച്ചയായുമുണ്ട്. നമ്മുടെ ടീമില്‍ ചില മാച്ച് വിന്നർമാരുമുണ്ട്. നമുക്ക് ലോകകപ്പ് നേടിത്തരാന്‍ പ്രാപ്‌തിയുള്ളവരാണവര്‍" - കപില്‍ പറഞ്ഞു.