സിഡ്‌നി :ടെസ്റ്റ് ക്രിക്കറ്റിന്‍റെ ഭാവിയില്‍ ആശങ്ക പ്രകടിപ്പിച്ച് ഓസ്‌ട്രേലിയന്‍ മുന്‍ നായകന്‍ സ്റ്റീവ് വോ (Steve Waugh On Test Cricket Future).ന്യൂസിലന്‍ഡ് പര്യടനത്തിനുള്ള ദക്ഷിണാഫ്രിക്കന്‍ ടെസ്റ്റ് ടീമിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറ്റത്തിന് ഒരുങ്ങുന്ന നെയ്ല്‍ ബ്രാന്‍ഡനെ നായകനാക്കിയായിരുന്നു പ്രോട്ടീസ് ടീമിനെ പ്രഖ്യാപിച്ചത്.
കീഗന്‍ പീറ്റേഴ്‌സന്‍, ഡേവിഡ് ബെഡിംഗ്ഹാം, സുബൈര്‍ ഹംസ എന്നീ മൂന്ന് പേര്‍ മാത്രമായിരുന്നു ദക്ഷിണാഫ്രിക്കന്‍ സ്ക്വാഡില്‍ ഇടം പിടിച്ച, നേരത്തെ അന്താരാഷ്‌ട്ര ക്രിക്കറ്റ് മത്സരങ്ങള്‍ കളിച്ചിട്ടുള്ള താരങ്ങള്‍. പുതിയ താരങ്ങളാണ് ടീമിന്‍റെ സര്‍വ മേഖലയിലും. ഫെബ്രുവരി നാലിനാണ് ദക്ഷിണാഫ്രിക്കയുടെ ന്യൂസിലന്‍ഡ് പര്യടനം ആരംഭിക്കുന്നത്.
ദക്ഷിണാഫ്രിക്കന്‍ ടി20 ലീഗ് നടക്കുന്ന സമയം ആയതിനാലാണ് അവരുടെ ക്രിക്കറ്റ് ബോര്‍ഡ് ന്യൂസിലന്‍ഡിലേക്ക് പ്രധാന താരങ്ങളെ അയക്കാത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യ ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരയ്‌ക്ക് പിന്നാലെ ജനുവരി 10നാണ് എസ്എടി20 ലീഗിന്‍റെ (SAT20 League) രണ്ടാം പതിപ്പ് തുടങ്ങുന്നത്. ഈ സാഹചര്യത്തില്‍ കിവീസിലേക്ക് പ്രധാന താരങ്ങളെ അയക്കാത്ത ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡിന്‍റെ നടപടി മുന്‍നിര്‍ത്തി ടെസ്റ്റ് ക്രിക്കറ്റിന്‍റെ ഭാവിയില്‍ ആശങ്ക പ്രകടിപ്പിച്ചിരിക്കുകയാണ് സ്റ്റീവ് വോ (Steve Waugh Slams Cricket South Africa).
'ദക്ഷിണാഫ്രിക്കയുടെ ന്യൂസിലന്‍ഡ് പര്യടനത്തിനിടെ, അവരുടെ മികച്ച താരങ്ങളെല്ലാം നാട്ടിലാണ് ഉണ്ടായിരിക്കുക. ഭാവിയെ കുറിച്ച് അവര്‍ക്ക് യാതൊരു ചിന്തയുമില്ല. ഈ നടപടിയില്‍ ന്യൂസിലന്‍ഡ് ക്രിക്കറ്റിനോടും അവര്‍ ബഹുമാനക്കുറവ് കാണിക്കുകയാണ്.