അഡ്‌ലെയ്‌ഡ്: ഡേവിഡ് വാര്‍ണറുടെ വിരമിക്കലോടെ ഓസ്‌ട്രേലിയന്‍ ടെസ്റ്റ് ടീമില്‍ ഓപ്പണറുടെ റോള്‍ ചോദിച്ച് വാങ്ങിയ സ്‌റ്റീവ് സ്‌മിത്തിന്‍റെ (Steve Smith) തുടക്കം പാളിയിരുന്നു. വെസ്റ്റ് ഇന്‍ഡീസിനെതിരായ അഡ്‌ലെയ്‌ഡ് ടെസ്റ്റില്‍ (Australia vs West Indies 1st Test) 26 പന്തില്‍ രണ്ട് ഫോറുകളോടെ 12 റണ്‍സ് മാത്രമാണ് സ്‌മിത്തിന് നേടാന്‍ കഴിഞ്ഞത്. വിന്‍ഡീസിന്‍റെ അരങ്ങേറ്റക്കാരന്‍ പേസര്‍ ഷമര്‍ ജോസഫായിരുന്നു (Shamar Joseph) സ്‌മിത്തിന് മടക്ക ടിക്കറ്റ് നല്‍കിയത്.
മത്സരത്തില്‍ ഷമര്‍ ജോസഫ് എറിഞ്ഞ ആദ്യ പന്തില്‍ തന്നെയായിരുന്നു ഓസീസ് വെറ്ററന്‍ വീണത്. ടെസ്റ്റ് അരങ്ങേറ്റത്തില്‍ 85 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു വിന്‍ഡീസ് താരം തന്‍റെ ആദ്യ പന്തില്‍ തന്നെ വിക്കറ്റ് വീഴ്‌ത്തുന്നത്. 1939-ല്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റില്‍ അരങ്ങേറ്റം നടത്തവെ ടൈറില്‍ ജോണ്‍സണാണ് ഇതിന് മുന്നെ തന്‍റെ ആദ്യ പന്തില്‍ വിക്കറ്റെടുത്ത വിന്‍ഡീസ് താരം.
ടെസ്റ്റ് ക്രിക്കറ്റിലെ അരങ്ങേറ്റത്തില്‍ ആദ്യ പന്തില്‍ തന്നെ വിക്കറ്റ് വീഴ്‌ത്തുന്ന 23-ാമത്തെ പുരുഷ ബോളറാണ് ഷമര്‍ ജോസഫ്. (Shamar Joseph becomes 23rd men's player to claim wicket on opening delivery in Tests) അതേസമയം മത്സരത്തില്‍ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ വെസ്റ്റ് ഇന്‍ഡീസ് 188 റണ്‍സില്‍ പുറത്തായിരുന്നു. നാല് വിക്കറ്റുകള്‍ വീതം വീഴ്‌ത്തിയ പാറ്റ് കമ്മിന്‍സ്, ജോഷ് ഹെയ്‌സല്‍വുഡ് എന്നിവരാണ് വിന്‍ഡീസിനെ എറിഞ്ഞൊതുക്കിയത്.
94 പന്തുകളില്‍ 50 റണ്‍സ് നേടിയ കിര്‍ക് മക്കന്‍സിയാണ് ഓസീസിന്‍റെ ടോപ് സ്‌കോറര്‍. 11-ാം നമ്പറില്‍ ക്രീസിലെത്തിയ ഷമര്‍ ജോസഫാണ് ടീമിന്‍റെ രണ്ടാമത്തെ ടോപ് സ്കോറര്‍. 41 പന്തുകളില്‍ 36 റണ്‍സായിരുന്നു താരം നേടിയത്. മറുപടിക്ക് ഇറങ്ങിയ ഓസ്‌ട്രേലിയ രണ്ടിന് 59 റണ്‍സ് എന്ന നിലയില്‍ നില്‍ക്കെയാണ് ആദ്യ ദിനം സ്‌റ്റംപെടുക്കുന്നത്.