ബെംഗളൂരു : ചിന്നസ്വാമി സ്റ്റേഡിയത്തില്‍ വിക്കറ്റ് മഴ. ആദ്യ ദിനം ഇന്ത്യയുടെ പത്തും ശ്രീലങ്കയുടെ ആറും വിക്കറ്റുകള്‍ നിലംപൊത്തി. ടോസ് നേടി ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ 252 ന് പുറത്തായപ്പോള്‍, ആദ്യ ദിനം സ്റ്റംപെടുക്കുമ്പോള്‍ ശ്രീലങ്ക ആറ് വിക്കറ്റ് നഷ്‌ടത്തില്‍ 86 റണ്‍സെന്ന നിലയിലാണ്. ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറിനേക്കാള്‍ 166 റണ്‍സ് പിന്നിലാണ് സന്ദർശകർ.
13 റണ്‍സോടെ ഡിക്‌വെല്ലയും റണ്‍സൊന്നുമെടുക്കാതെ എംബുല്‍ഡെനിയയുമാണ് ക്രീസില്‍. 85 പന്തില്‍ നിന്ന് രണ്ട് സിക്‌സും മൂന്ന് ഫോറുമടക്കം 43 റണ്‍സെടുത്ത ഏയ്ഞ്ചലോ മാത്യൂസാണ് ലങ്കന്‍ നിരയില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. ജസ്‌പ്രീത് ബുമ്ര ഏഴ് ഓവറിൽ മൂന്ന് മെയ്‌ഡൻ സഹിതം 15 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. മുഹമ്മദ് ഷമി ആറ് ഓവറിൽ 18 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് സ്വന്തമാക്കി. അക്ഷർ പട്ടേലിന് ഒരു വിക്കറ്റ് ലഭിച്ചു.
കുശാല്‍ മെന്‍ഡിസ് (2), ലഹിരു തിരിമാനെ (8), ദിമുത് കരുണരത്നെ (4), ധനഞ്ജയ ഡിസില്‍വ (10), ചരിത് അസലങ്ക (5) എന്നിവരെല്ലാം തന്നെ ഇന്ത്യന്‍ ബൗളിങ്ങിന് മുന്നില്‍ പിടിച്ചുനില്‍ക്കാനാകാതെ മടങ്ങി.