ധാക്ക : ബംഗ്ലാദേശ് പുരുഷ ക്രിക്കറ്റ് ടീമിന്‍റെ മുഖ്യ പരിശീലകനായി മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ എസ് ശ്രീറാം നിയമിതനായി. യുഎഇയിൽ നടക്കാനിരിക്കുന്ന ഏഷ്യ കപ്പിനും ഓസ്‌ട്രേലിയയിൽ നടക്കുന്ന ടി20 ലോകകപ്പിനും മുന്നോടിയായാണ് നിയമനം. ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് (ബിസിബി) ഡയറക്‌ടറെ ഉദ്ധരിച്ച് ബംഗ്ലാദേശ് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്‌തത്.
'അതെ, ടി20 ലോകകപ്പ് വരെ ഞങ്ങള്‍ ശ്രീറാമിനെ തെരഞ്ഞെടുത്തു. പുതിയ മനസോടെ മുന്നോട്ട് പോകുമ്പോൾ, പുതിയ പരിശീലകനെ ഏഷ്യ കപ്പ് മുതൽ കാണാനാകും. ടി20 ലോക കപ്പാണ് ഞങ്ങളുടെ പ്രധാന ലക്ഷ്യം. ഇക്കാരണത്താല്‍ ഏഷ്യ കപ്പ് മുതല്‍ തെരഞ്ഞെടുക്കപ്പെട്ടില്ലെങ്കില്‍, അദ്ദേഹത്തിന് (ശ്രീറാമിന്) ടീമുമായി പൊരുത്തപ്പെടാൻ സമയം ലഭിക്കില്ല'- ബിസിബി ഡയറക്‌ടര്‍ നസ്‌മുൾ ഹസൻ പാപോൺ പറഞ്ഞു.