വെല്ലിങ്‌ടണ്‍: ശ്രീലങ്കയ്‌ക്ക് എതിരായ രണ്ട് മത്സര ടെസ്റ്റ് പരമ്പര തൂത്തുവാരി ന്യൂസിലന്‍ഡ്. വെല്ലിങ്‌ടണില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ ഒന്നിങ്‌സിനും 58 റണ്‍സിനുമാണ് ആതിഥേയരായ ന്യൂസിലന്‍ഡ് വിജയം പിടിച്ചത്. ആദ്യം ബാറ്റ് ചെയ്‌ത ന്യൂസിലന്‍ഡ് നാല് വിക്കറ്റിന് 580 റണ്‍സെന്ന നിലയില്‍ ഒന്നാം ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്‌തിരുന്നു.
മറുപടിക്കിറങ്ങിയ ശ്രീലങ്ക 164ന് പുറത്തായി. ഇതോടെ ഫോളോ ഓണ്‍ ചെയ്യപ്പെട്ട സന്ദര്‍ശകരുടെ രണ്ടാം ഇന്നിങ്‌സ് 358ന് റണ്‍സില്‍ അവസാനിക്കുകയായിരുന്നു. നായകന്‍ ദിമുത് കരുണരത്‌നെ, കുശാല്‍ മെന്‍ഡിസ്, ദിനേഷ് ചാണ്ഡിമല്‍, ധനഞ്ജയ ഡി സില്‍വ എന്നിവര്‍ അര്‍ധ സെഞ്ച്വറിയുമായി പൊരുതിയതാണ് ലങ്കയുടെ തോല്‍വി ഭാരം കുറച്ചത്.
മത്സരത്തിന്‍റെ നാലാം ദിനമായ ഇന്ന് രണ്ട് വിക്കറ്റ് നഷ്‌ടത്തില്‍ 113 റണ്‍സ് എന്ന നിലയിലാണ് ശ്രീലങ്ക രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് പുനരാരംഭിച്ചത്. തലേന്നത്തെ സ്‌കോറിനോട് ഒരു റണ്‍സ് ചേര്‍ക്കും മുമ്പ് തന്നെ സംഘത്തിന് കുശാല്‍ മെന്‍ഡിസിനെ നഷ്‌ടമായി. മാറ്റ് ഹെൻറിയുടെ പന്തില്‍ കെയ്‌ന്‍ വില്യംസണ്‍ പിടികൂടിയാണ് താരം മടങ്ങിയത്.
106 പന്തില്‍ 50 റണ്‍സായിരുന്നു കുശാല്‍ മെന്‍ഡിസിന്‍റെ സമ്പാദ്യം. പിന്നാലെ എയ്ഞ്ചലോ മാത്യൂസും മടങ്ങിയതോടെ ശ്രീലങ്ക നാലിന് 116 എന്ന നിലയിലായി. 44 പന്തില്‍ രണ്ട് റണ്‍സ് മാത്രമെടുത്ത എയ്ഞ്ചലോ മാത്യൂസിനെ ബ്ലെയര്‍ ടിക്‌നറാണ് പുറത്താക്കിയത്. പിന്നീട് ഒന്നിച്ച ദിനേശ് ചാണ്ഡിമലും ധനഞ്ജയ ഡി സില്‍വയും പൊരുതി നിന്നത് ലങ്കയ്‌ക്ക് പ്രതീക്ഷ നല്‍കി.
എന്നാല്‍ ചാണ്ഡിമലിനെ പുറത്താക്കി ബ്ലെയര്‍ ടിക്‌നര്‍ ആതിഥേയര്‍ക്ക് കാത്തിരുന്ന ബ്രേക്ക് ത്രൂ നല്‍കി. 92 പന്തില്‍ 62 റണ്‍സായിരുന്നു ദിനേശ് ചാണ്ഡിമല്‍ നേടിയത്. അഞ്ചാം വിക്കറ്റില്‍ ചാണ്ഡിമല്‍-ധനഞ്ജയ സഖ്യം 126 റണ്‍സ് കൂട്ടിചേര്‍ത്തിരുന്നു. ഏഴാമന്‍ നിഷാന്‍ മധുഷ്‌ക 93 പന്തില്‍ 39 റണ്‍സെടുത്ത് ഭേദപ്പെട്ട പ്രകടനം നടത്തിയാണ് തിരികെ കയറിയത്.