കൊളംബോ: ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 50 വിക്കറ്റ് നേടുന്ന സ്പിന്നറെന്ന നേട്ടം സ്വന്തമാക്കി ശ്രീലങ്കന്‍ താരം പ്രഭാത് ജയസൂര്യ. ഗാലെ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ അയർലൻഡിനെതിരായ ശ്രീലങ്കയുടെ രണ്ടാം ടെസ്റ്റിലാണ് ഇടങ്കയ്യൻ സ്‌പിന്നറായ പ്രഭാത് ഈ നേട്ടം കൈവരിച്ചത്. മത്സരത്തിന്‍റെ അവസാന ദിനമായ വെള്ളിയാഴ്‌ച അയർലൻഡിന്‍റെ പോൾ സ്റ്റെർലിങ്ങിനെ ഇരയാക്കിയാണ് പ്രഭാത് ജയസൂര്യ ടെസ്റ്റില്‍ തന്‍റെ 50-ാം വിക്കറ്റ് തികച്ചത്.
2022 ജൂലൈയിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ അരങ്ങേറ്റം നടത്തിയപ്പോള്‍ തന്നെ 31-കാരനായ പ്രഭാത് ജയസൂര്യ വരവ് അറിയിച്ചിരുന്നു. അരങ്ങേറ്റ മത്സരത്തില്‍ 177 റണ്‍സ് വഴങ്ങി 12 വിക്കറ്റുകളാണ് താരം വീഴ്‌ത്തിയത്. ക്രിക്കറ്റ് ചരിത്രത്തില്‍ ഒരു അരങ്ങേറ്റ താരം നടത്തിയ നാലാമത്തെ മികച്ച പ്രകടനമാണിത്.
ഗാലെയിൽ നടന്ന രണ്ടാം ടെസ്റ്റിൽ അയർലൻഡിനെതിരായ ആദ്യ ഇന്നിങ്‌സില്‍ ഉള്‍പ്പെടെ ആറ് തവണ ഒരു ഇന്നിങ്‌സില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തിക്കൊണ്ടാണ് ജയസൂര്യ ഏറ്റവും വേഗത്തില്‍ 50 ടെസ്റ്റ് വിക്കറ്റുകള്‍ നേടുന്ന സ്‌പിന്നറെന്ന വമ്പന്‍ നേട്ടം എറിഞ്ഞിട്ടത്. പ്രഭാത് ജയസൂര്യയുടെ ഏഴാമത്തെ ടെസ്റ്റ് മത്സരമായിരുന്നു അയര്‍ലന്‍ഡിനെതിരെ ഗാലെയില്‍ നടന്നത്.
ഇതോടെ വെസ്റ്റ് ഇൻഡീസിന്‍റെ ആൽഫ് വാലന്‍റൈന്‍ 71 വർഷങ്ങള്‍ക്ക് മുന്നെ സ്ഥാപിച്ച റെക്കോഡാണ് പഴങ്കഥയായത്. 1950-ൽ വെസ്‌റ്റ് ഇന്‍ഡീസിനായി അരങ്ങേറ്റം നടത്തിയ വാലന്‍റൈൻ, ഇംഗ്ലണ്ടിൽ കരീബിയന്‍ ടീം ആദ്യമായി ഒരു ടെസ്റ്റ് പരമ്പര വിജയിച്ചപ്പോൾ, നാല് ടെസ്റ്റുകളിൽ നിന്ന് 33 വിക്കറ്റുകൾ വീഴ്ത്തിയ മുൻനിര വിക്കറ്റ് വേട്ടക്കാരനായിരുന്നു.