ഗോൾ : ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റില്‍ ആതിഥേയരായ ശ്രീലങ്കയ്‌ക്ക് ജയം. ഒരു ദിവസം ബാക്കി നിൽക്കെ ഇന്നിങ്‌സിനും 39 റൺസിനും തകർത്താണ് ശ്രീലങ്ക കൂറ്റൻ വിജയം നേടിയത്. അരങ്ങേറ്റത്തില്‍ രണ്ട് ഇന്നിങ്‌സിലുമായി 12 വിക്കറ്റുമായി തിളങ്ങിയ പ്രഭാത് ജയസൂര്യയും 206 റണ്‍സുമായി പുറത്താവാതെ നിന്ന ദിനേശ് ചാണ്ഡിമലുമാണ് മികച്ച വിജയം സമ്മാനിച്ചത്. സ്‌കോര്‍: ഓസ്‌ട്രേലിയ 364, 151 & ശ്രീലങ്ക 554.
ആദ്യ ഇന്നിങ്‌സിൽ ഓസ്‌ട്രേലിയ നേടിയ 364 റൺസ് മറികടക്കാനായി ബാറ്റേന്തിയ ശ്രീലങ്ക തകർപ്പൻ പ്രകടനമാണ് പുറത്തെടുത്തത്. 326 പന്തുകളിൽ നിന്ന് പുറത്താവാതെ 206 റൺസെടുത്ത ചണ്ഡിമൽ ആതിഥേയരെ മികച്ച സ്‌കോറിലെത്തിച്ചു. 16 ഫോറും അടങ്ങുന്നതായിരുന്നു ചാണ്ഡിമലിന്‍റെ ഇന്നിങ്‌സ്.
ഇതോടെ ഓസ്‌ട്രേലിയയ്‌ക്കെതിരെ ഇരട്ട സെഞ്ച്വറി നേടുന്ന ആദ്യ ശ്രീലങ്കൻ താരം എന്ന റെക്കോഡും ചണ്ഡിമൽ സ്വന്തമാക്കി. ഹൊബാര്‍ട്ടില്‍ മുന്‍ ലങ്കന്‍ നായകന്‍ കുമാര്‍ സംഗക്കാര നേടിയ 192 റണ്‍സാണ് ചാണ്ഡിമല്‍ മറികടന്നത്. അഞ്ച് സിക്‌സും നായകൻ ദിമുത് കരുണരത്‌നെ 86 റൺസെടുത്തു. ആദ്യ ഇന്നിങ്‌സിൽ ശ്രീലങ്ക 554 റൺസെടുത്തതോടെ ശ്രീലങ്ക 190 റൺസിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡെടുത്തു.
190 റൺസ് ലീഡ് മറികടന്ന് വിജയലക്ഷ്യം നൽകാനായി രണ്ടാം ഇന്നിങ്‌സിൽ ബാറ്റേന്തിയ ഓസ്‌ട്രേലിയയ്ക്ക് പക്ഷേ പ്രഭാത് ജയസൂര്യയ്‌ക്ക് മുന്നിൽ അടിതെറ്റി. രണ്ടാം ഇന്നിങ്‌സിൽ വെറും 151 റൺസിന് എല്ലാവരും പുറത്തായി. 32 റണ്‍സ് നേടിയ മര്‍നസ് ലബുഷെയ്‌നാണ് ഓസീസിന്റെ ടോപ് സ്‌കോറര്‍. ഉസ്‌മാന്‍ ഖവാജ (29), ഡേവിഡ് വാര്‍ണര്‍ (24), കാമറൂണ്‍ ഗ്രീന്‍ (23) അലക്‌സ് കാരി (16), പാറ്റ് കമ്മിന്‍സ് (16) എന്നിവര്‍ക്ക് മാത്രമാണ് രണ്ടക്കം കാണാന്‍ സാധിച്ചത്.
സ്റ്റീവ് സ്മിത്ത് (0), ട്രാവിസ് ഹെഡ് (5), മിച്ചല്‍ സ്റ്റാര്‍ക്ക് (0), നഥാന്‍ ലിയോണ്‍ (5), മിച്ചല്‍ സ്വെപ്‌സണ്‍ (0) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ജയസൂര്യക്ക് പുറമെ മഹീഷ തീക്ഷണ, രമേഷ് മെന്‍ഡിസ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ടെസ്റ്റില്‍ അരങ്ങേറ്റം കുറിക്കുന്ന ജയസൂര്യ ആദ്യ ഇന്നിങ്‌സിലും ആറ് വിക്കറ്റ് പ്രകടനം നടത്തിയിരുന്നു.