ഹരാരെ: ഈ വര്‍ഷം നടക്കുന്ന ഏകദിന ലോകകപ്പിന് യോഗ്യത നേടി ഏഷ്യന്‍ ചാമ്പ്യന്മാരായ ശ്രീലങ്ക. യോഗ്യത റൗണ്ടിലെ സൂപ്പര്‍ സിക്‌സ് പോരാട്ടത്തില്‍ സിംബാബ്‌വെയെ കീഴടക്കിയാണ് ശ്രീലങ്ക ലോകകപ്പ് യോഗ്യത ഉറപ്പിച്ചത്. ക്വീൻസ് സ്‌പോർട്‌സ് ക്ലബ്ബിൽ നടന്ന മത്സരത്തില്‍ ഒമ്പത് വിക്കറ്റിനാണ് ശ്രീലങ്ക സിംബാബ്‌വെയെ തോല്‍പ്പിച്ചത്.
ആദ്യം ബാറ്റ് ചെയ്‌ത സിംബാബ്‌വെ നേടിയ 165 റണ്‍സിന് മറുപടിക്കിറങ്ങിയ ശ്രീലങ്ക 33.1 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 169 റണ്‍സടിച്ചാണ് വിജയം ഉറപ്പിച്ചത്. അപരാജിത സെഞ്ചുറി നേടിയ ഓപ്പണര്‍ പത്തും നിസ്സാങ്കയാണ് ടീമിനെ അനായാസ വിജയത്തിലേക്ക് എത്തിച്ചത്.
ചെറിയ ലക്ഷ്യത്തിലേക്ക് ബാറ്റ് വീശാനിറങ്ങിയ ലങ്കയ്‌ക്ക് മികച്ച തുടക്കമാണ് ഓപ്പര്‍മാരായ പത്തും നിസ്സാങ്കയും ദിമുത് കരുണരത്‌നയും നല്‍കിയത്. 103 റണ്‍സ് നീണ്ടു നിന്ന ഒന്നാം വിക്കറ്റ് കൂട്ടുകെട്ട് 20-ാം ഓവറിന്‍റെ അഞ്ചാം പന്തിലാണ് സിംബാബ്‌വെയ്‌ക്ക് പൊളിക്കാന്‍ കഴിഞ്ഞത്. 65 പന്തില്‍ 30 റണ്‍സെടുത്ത ദിമുത് കരുണരത്‌നയെ വീഴ്‌ത്തി റിച്ചാര്‍ഡ് എന്‍ഗാറവയാണ് സിംബാബ്‌വെയ്‌ക്ക് കാത്തിരുന്ന ബ്രേക്ക് ത്രൂ നല്‍കിയത്.
എന്നാല്‍ തുടര്‍ന്നെത്തിയ കുശാല്‍ മെന്‍ഡിസിനെ കൂട്ടുപിടിച്ച് നിസ്സാങ്ക ലങ്കയെ വിജയ തീരത്തേക്ക് എത്തിച്ചു. വിജയ റണ്‍ ബൗണ്ടറിയിലൂടെ നേടിയ നിസ്സാങ്ക ഒപ്പം തന്‍റെ സെഞ്ചുറിയും തികയ്‌ക്കുകയായിരുന്നു. 102 പന്തുകളില്‍ നിന്ന് 101 റണ്‍സെടുത്താണ് താരം പുറത്താവാതെ നിന്നത്. 14 ഫോറുകളടങ്ങുന്നതാണ് ലങ്കന്‍ ഓപ്പണറുടെ ഇന്നിങ്‌സ്. പുറത്താവാതെ 42 പന്തില്‍ 25 റണ്‍സുമായാണ് കുശാല്‍ മെന്‍ഡിസ് നിസ്സാങ്കയ്‌ക്ക് പിന്തുണ നല്‍കിയത്.