ന്യൂഡല്‍ഹി:സാമ്പത്തിക പ്രതിസന്ധികളില്‍ വലയുന്നതിനിടെയിലും ഈ വർഷത്തെ ഏഷ്യാ കപ്പിന് ആതിഥേയത്വം വഹിക്കാനാവുമെന്ന് ശ്രീലങ്ക. ഐപിഎല്‍ ഫൈനലിനിടെ ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ (എസിസി) പ്രസിഡന്‍റ് ജയ് ഷായുമായി നടത്തിയ കൂടിക്കാഴ്‌ചയിലാണ് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് അധികൃതര്‍ നിലപാട് വ്യക്തമാക്കിയത്. ഏഷ്യാ കപ്പിനുള്ള ക്രമീകരണങ്ങൾ നടത്തുന്നുണ്ടെന്നും ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് അധികൃതര്‍ എസിസിയെ അറിയിച്ചിട്ടുണ്ട്.
എന്നാല്‍ ഇക്കാര്യത്തില്‍ എസിസി അന്തിമ തീരുമാനമെടുത്തിട്ടില്ല. ടൂര്‍ണമെന്‍റിന് ആതിഥേയത്വം വഹിക്കാൻ ലങ്കയ്‌ക്ക് കഴിയാത്ത സാഹചര്യത്തിൽ യുഎഇ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളേയും പകരം വേദിയായി പരിഗണിക്കുന്നുണ്ടെന്നാണ് വിവരം. ഇക്കാര്യത്തില്‍ വൈകാതെ തന്നെ എസിസി ഔദ്യോഗിക പ്രതികരണം നടത്തുമെന്നാണ് അടുത്ത വ്യത്തങ്ങള്‍ പ്രതികരിക്കുന്നത്. സാമ്പത്തിക രാഷ്‌ട്രീയ പ്രതിസന്ധികളില്‍ വലയുന്ന ലങ്കയില്‍ ടൂര്‍ണമെന്‍റിന്‍റെ നടത്തിപ്പ് സംബന്ധിച്ച് ചോദ്യങ്ങളുയര്‍ന്നിരുന്നു.
ഇതോടെ ഏഷ്യാ കപ്പിന് ശ്രീലങ്ക ആതിഥേയത്വം വഹിക്കുന്ന സാഹചര്യം വിലയിരുത്തുമെന്ന് എസിസി പ്രസിഡന്‍റ് ജയ് ഷാ വ്യക്തമാക്കിയിരുന്നു. ഐപിഎല്ലിന്‍റെ അവസാന ദിവസമായിരിക്കും ഇതുസംബന്ധിച്ച വിലയിരുത്തലുണ്ടാവുകയെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മാര്‍ച്ചില്‍ ചേര്‍ന്ന ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ യോഗമാണ് ഇത്തവണത്തെ ഏഷ്യാ കപ്പിന് ശ്രീലങ്ക ആതിഥേയത്വം വഹിക്കുമെന്ന് അറിയിച്ചിരുന്നത്.
ടി20 ഫോര്‍മാറ്റില്‍ ആഗസ്റ്റ് 27 മുതൽ സെപ്‌റ്റംബർ 11 വരെയാണ് ടൂര്‍ണമെന്‍റ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ 70 വർഷത്തിനിടെയുള്ള ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയാണ് ദ്വീപ് രാഷ്‌ട്രം നേരിടുന്നത്. നിലവില്‍ ഭക്ഷണം, ഇന്ധനം, മറ്റ് അവശ്യവസ്‌തുക്കൾ എന്നിവയുടെ കടുത്ത ക്ഷാമം നേരിടുകയാണ് ലങ്ക.
ടെസ്റ്റ് പദവിയുള്ള ഇന്ത്യ, പാകിസ്ഥാൻ, അഫ്‌ഗാനിസ്ഥാൻ, ബംഗ്ലാദേശ്, ശ്രീലങ്ക എന്നീ ടീമുകള്‍ക്ക് പുറമെ യോഗ്യതാമത്സരം കളിച്ചെത്തുന്ന മറ്റൊരു ഏഷ്യന്‍ ടീമുമാണ് ടൂര്‍ണമെന്‍റിന്‍റെ ഭാഗമാവുക. ഓഗസ്റ്റ് 20 മുതലാണ് യോഗ്യതാ മത്സരങ്ങള്‍ ആരംഭിക്കുന്നത്.