കൊളംബോ: ശ്രീലങ്കൻ പേസർ ഇസുരു ഉഡാന അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. ഇന്ത്യക്കെതിരായ ടി20 പരമ്പര സ്വന്തമാക്കിയതിന് പിന്നാലെയാണ് താരത്തിന്‍റെ വിരമിക്കൽ പ്രഖ്യപനം. പുതിയ തലമുറക്കായി മാറിക്കൊടുക്കുന്നു എന്നാണ് താരം അറിയിച്ചത്.
'പുതിയ തലമുറയിലെ താരങ്ങൾക്കായി മാറിക്കൊടുക്കേണ്ട സമയമായിരിക്കുന്നു. എന്‍റെ രാജ്യത്തെ പ്രതിനിധീകരിച്ച് മത്സരങ്ങളില്‍ പങ്കെടുക്കാന്‍ സാധിച്ചതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. എന്‍റെ രാജ്യത്തെ സേവിക്കാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു,' ഉഡാന ട്വിറ്ററിൽ കുറിച്ചു.
ഇംഗ്ലണ്ടില്‍ വച്ച് 2009ലെ ടി20 ലോകകപ്പിലാണ് ലങ്കയ്‌ക്കായി ഉഡാന അരങ്ങേറിയത്. 2012ൽ ഇന്ത്യക്കെതിരെ ഏകദിനത്തിലും അരങ്ങേറി. എന്നാല്‍ പിന്നീട് പ്ലേയിങ് ഇലവനിലെത്താന്‍ താരത്തിന് ഏഴ് വര്‍ഷത്തോളം കാത്തിരിക്കേണ്ടിവന്നു.
ശ്രീലങ്കയ്ക്ക് വേണ്ടി 21 ഏകദിനങ്ങളും 34 ട്വന്‍റി 20 മത്സരങ്ങളും ഉഡാന കളിച്ചിട്ടുണ്ട്. ഏകദിനത്തിൽ നിന്ന് 18 വിക്കറ്റും ടി20യിൽ നിന്ന് 27 വിക്കറ്റുകളും 33 കാരനായ താരം നേടിയിട്ടുണ്ട്. ഐ.പി.എല്ലിൽ റോയൽ ചലഞ്ചേഴ്‌സിനായി 10 മത്സരങ്ങളിൽ നിന്ന് എട്ട് വിക്കറ്റും താരം സ്വന്തമാക്കിയിട്ടുണ്ട്.
ഇടംകൈയ്യന്‍ പേസറായ ഉഡാന ഇന്ത്യയ്‌ക്കെതിരെ ട്വന്‍റി 20 പരമ്പരയില്‍ കളിച്ചെങ്കിലും ഒരു വിക്കറ്റ് പോലും വീഴ്ത്താനായില്ല. ഏകദിന പരമ്പരയിലും താരം പങ്കെടുത്തിരുന്നു.