കേരളം

kerala

Squad And Strengths Of WorldCup Teams: ആര് ചൂടും വിശ്വകിരീടം; പോരിനെത്തുന്നവരുടെ ആയുധപ്പുരയിലെ ബ്രഹ്മാസ്‌ത്രങ്ങളും ബലഹീനതകളും

By ETV Bharat Kerala Team

Published : Sep 29, 2023, 11:10 PM IST

Squad And Strengths Of ICC Mens Cricket World Cup Teams: യോഗ്യത നേടിയ ഓരോ ടീമുകളും ലഭ്യമായതില്‍ ഏറ്റവും മികച്ച ടീമിനെ തന്നെയാണ് ലോകജേതാക്കളുടെ പട്ടം സ്വന്തമാക്കാന്‍ ഒരുക്കി നിര്‍ത്തിയിട്ടുള്ളത്

Squad And Strengths Of Cricket WorldCup Teams  ICC Mens Cricket World Cup 2023  Cricket WorldCup Teams  Cricket WorldCup Indian Squad  Who Will Win Cricket WorldCup 2023  ആര് ചൂടും വിശ്വകിരീടം  ക്രിക്കറ്റ് ലോകകപ്പ് 2023  ഐസിസി പുരുഷ ക്രിക്കറ്റ് ലോകകപ്പ്  ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം  ഇന്ത്യയുടെ ലോകകപ്പ് ടീമിന്‍റെ ബലഹീനതകള്‍
Squad And Strengths Of Cricket WorldCup Teams

ഹൈദരാബാദ് : ഐസിസി പുരുഷ ക്രിക്കറ്റ് ലോകകപ്പിന്‍റെ (ICC Mens Cricket world Cup 2023) കാഹളമുയരാന്‍ ഇനി വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. ലോകകിരീടം (World Cup) എടുത്തുയര്‍ത്താനായി മാറ്റുരയ്‌ക്കുന്ന ടീമുകള്‍ ഇതിനോടകം തന്നെ ആതിഥേയത്വം വഹിക്കുന്ന ഇന്ത്യയിലെത്തി കഴിഞ്ഞു. യോഗ്യത നേടിയ ഓരോ ടീമുകളും ലഭ്യമായതില്‍ ഏറ്റവും മികച്ച ടീമിനെ തന്നെയാണ് ലോകജേതാക്കളുടെ പട്ടം സ്വന്തമാക്കാന്‍ ഒരുക്കി നിര്‍ത്തിയിട്ടുള്ളത്.

  • ഇന്ത്യ: ഏഷ്യന്‍ കപ്പുയര്‍ത്തിയതിന്‍റെ ആവേശം കെട്ടടങ്ങുന്നതിന് മുമ്പാണ് ഇന്ത്യ ലോകകപ്പിനായി ഇറങ്ങുന്നത്. ആതിഥേയരാണ് എന്നതും മത്സരങ്ങള്‍ നടക്കുന്നത് സ്വന്തം ഹോം ഗ്രൗണ്ടുകളിലാണ് എന്നതിനാലും ഇന്ത്യയ്‌ക്ക് വലിയ മുന്‍തൂക്കവുമുണ്ട്. മാത്രമല്ല സമീപകാലത്ത് ഇടിവെട്ട് ഫോമിലുള്ള എണ്ണം പറഞ്ഞ താരങ്ങളെ തെരഞ്ഞെടുത്താണ് ഇന്ത്യ സ്‌ക്വാഡ് പ്രഖ്യാപിച്ചിരിക്കുന്നത്.

ഇന്ത്യന്‍ നിരയിലേക്ക് കടന്നാല്‍ അഞ്ച് ബാറ്റര്‍മാരും ഉപനായകന്‍ ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ എന്നിവരുള്‍പ്പെടുന്ന രണ്ട് ഓള്‍റൗണ്ടര്‍മാരും ടീമില്‍ ഇടംപിടിച്ചിട്ടുണ്ട്. മാത്രമല്ല സ്ഥിരം പേസര്‍മാരെ കൂടാതെ മറ്റൊരു പേസറെ കൂടി വേണമെന്നിരിക്കെ ഹാര്‍ദിക് മുതല്‍ക്കൂട്ടുമാവും. എല്ലാത്തിലുമുപരി രോഹിത് ശര്‍മ, വിരാട് കോഹ്‌ലി, രവിചന്ദ്രന്‍ അശ്വിന്‍ തുടങ്ങി ലോകോത്തര വേദിയില്‍ പരിചയ സമ്പന്നരായ താരങ്ങളും ഇന്ത്യയ്‌ക്ക് കരുത്താവും.

സ്‌ക്വാഡ്:രോഹിത് ശർമ (ക്യാപ്‌റ്റന്‍), ഹാർദിക് പാണ്ഡ്യ (വൈസ് ക്യാപ്‌റ്റന്‍), ശുഭ്മാൻ ഗിൽ, വിരാട് കോലി, ശ്രേയസ് അയ്യർ, കെഎൽ രാഹുൽ (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, ശാർദുൽ താക്കൂർ, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, കുൽദീപ് യാദവ്, മുഹമ്മദ് ഷമി, രവിചന്ദ്രൻ അശ്വിൻ, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാർ യാദവ്.

  • ഓസ്‌ട്രേലിയ:എല്ലായ്‌പ്പോഴും ഉള്ളതുപോലെ ഓസീസ് ഇത്തവണയും ലോകകപ്പ് ഫേവറിറ്റുകള്‍ തന്നെയായാണ്. ലോകകപ്പ് പോലുള്ള വേദികളെ എങ്ങനെ സമീപിക്കണം എന്നത് ഓസ്‌ട്രേലിയ മറ്റ് രാജ്യങ്ങള്‍ക്ക് ഇന്നും പാഠപുസ്‌തകം തന്നെയാണ്. ഇനി കങ്കാരുപ്പടയുടെ ബൗളിങ് നിരയിലേക്ക് മാത്രം കടന്നാല്‍ പരിചയസമ്പന്നരെയും യുവതാരങ്ങളെയും ഒരുപോലെ കാണാനാവും. മാത്രമല്ല ടീമിന് സര്‍വത്ര നല്‍കുന്നവരില്‍ ഓൾറൗണ്ടർമാരുടെ ബഹളവുമാണ്.

സ്‌ക്വാഡ്:പാറ്റ് കമ്മിൻസ് (ക്യാപ്‌റ്റന്‍), സ്‌റ്റീവ് സ്മിത്ത്, അലക്സ് കാരി, ജോഷ് ഇംഗ്ലിസ്, സീൻ ആബോട്ട്, കാമറൂൺ ഗ്രീൻ, ജോഷ് ഹാസിൽവുഡ്, ട്രാവിസ് ഹെഡ്, മാർനസ് ലാബുഷെയ്‌ന്‍, മിച്ച് മാർഷ്, ഗ്ലെൻ മാക്‌സ്‌വെൽ, മാർക്കസ് സ്‌റ്റോയിനിസ്, ഡേവിഡ് വാർണർ, ആദം സാമ്പ, മിച്ചൽ സ്‌റ്റാർക്ക്.

  • ഇംഗ്ലണ്ട്: നിലവിലെ ചാമ്പ്യന്മാര്‍ കൂടിയായ ഇംഗ്ലണ്ട്, ജോസ് ബട്ട്‌ലർ, ജോണി ബെയർസ്‌റ്റോ, ബെൻ സ്‌റ്റോക്‌സ് എന്നിവരടങ്ങിയ പവർ ഹിറ്ററുമാരുടെ ഒരു നിര തന്നെയാണ്. ഏത് ബൗളിങ് നിരയെയും നിലംപരിശാക്കാനുള്ള ഇവരുടെ കഴിവ്, ഇംഗ്ലണ്ടിനെയും അപകടകാരികളാക്കുന്നു. ഒപ്പം സാം കറൻ, മോയിൻ അലി, ലിയാം ലിവിങ്‌സ്‌റ്റൺ, ക്രിസ് വോക്‌സ് തുടങ്ങിയ ഓൾറൗണ്ടർമാരുടെ സാന്നിധ്യവും ഇംഗ്ലീഷ് പടയ്‌ക്ക് കരുത്താവും.

സ്‌ക്വാഡ്: ജോസ് ബട്ട്‌ലർ (ക്യാപ്‌റ്റന്‍), മോയിൻ അലി, ഗസ് അറ്റ്കിൻസൺ, ജോണി ബെയർസ്‌റ്റോ, സാം കറൻ, ലിയാം ലിവിങ്‌സ്‌റ്റണ്‍, ഡേവിഡ് മലാൻ, ആദിൽ റഷീദ്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ബെൻ സ്‌റ്റോക്‌സ്, റീസ് ടോപ്ലി, ഡേവിഡ് വില്ലി, മാർക്ക് വുഡ്, ക്രിസ് വോക്സ്.

  • ന്യൂസിലാൻഡ്: കഴിഞ്ഞ രണ്ട് ലോകകപ്പുകളിലെയും റണ്ണേഴ്‌സ് അപ്പുകളായ കറുത്ത കുതിരകള്‍ക്ക് ലോകകപ്പില്‍ ഏറെ തെളിയിക്കാനുണ്ട്. എന്നാല്‍ പരിചയസമ്പന്നരായ താരങ്ങള്‍ ഉള്‍പ്പടെ പരിക്കിന്‍റെ പിടിയിലായത് ന്യൂസിലാന്‍ഡിന് തലവേദനയാവുന്നുണ്ട്. എന്നാല്‍ ഇതൊരു കാരണം മാത്രം പരിഗണിച്ച് വില്യംസണിന്‍റെ പോരാളികളെ വിലകുറച്ചുകാണാനുമാവില്ല. ഇടങ്കയ്യൻ പേസർ ട്രെന്റ് ബോൾട്ട് ഉള്‍പ്പെടുന്ന വിനാശകാരികളായ ബൗളിങ് നിരയും ഇവര്‍ക്ക് കരുത്തുതന്നെയാണ്.

സ്‌ക്വാഡ്: കെയ്ൻ വില്യംസൺ (ക്യാപ്‌റ്റന്‍), ട്രെന്റ് ബോൾട്ട്, മാർക്ക് ചാപ്മാൻ, ഡെവൺ കോൺവേ, ലോക്കി ഫെർഗൂസൺ, മാറ്റ് ഹെൻറി, ടോം ലാതം, ഡാരിൽ മിച്ചൽ, ജിമ്മി നീഷം, ഗ്ലെൻ ഫിലിപ്‌സ്, റാച്ചിൻ രവീന്ദ്ര, മിച്ച് സാന്റ്‌നർ, ഇഷ് സോധി, ടിം സൗത്തി, വിൽ യംഗ്.

  • ദക്ഷിണാഫ്രിക്ക: 2023 ലോകകപ്പ് നേടാനുള്ള സാധ്യത ഉയര്‍ന്നുനില്‍ക്കുന്ന ടീമാണ് ദക്ഷിണാഫ്രിക്ക. എയ്ഡൻ മാർക്രം, ഹെൻറിച്ച് ക്ലാസൻ, ഡേവിഡ് മില്ലർ തുടങ്ങി മാച്ച് വിന്നർമാരെ കൊണ്ട് ടീം സമ്പന്നമാണ്. ഒപ്പം കാഗിസോ റബാഡ, ലുങ്കി എൻഗിഡി, മാർക്കോ ജാൻസൻ, ടി ഷംസി, കേശവ് മഹാരാജ്, ജെറാൾഡ് കോറ്റ്‌സി തുടങ്ങിയവരുടെ ബൗളിങ് കരുത്തുകൂടിയാവുമ്പോള്‍ ദക്ഷിണാഫ്രിക്കയുടെ തുലാസിന് കനം കൂടും.

സ്‌ക്വാഡ്: ടെംബ ബാവുമ (ക്യാപ്‌റ്റന്‍), ജെറാൾഡ് കോറ്റ്‌സി, ക്വിന്റൺ ഡി കോക്ക്, റീസ ഹെൻഡ്രിക്‌സ്, മാർക്കോ ജാൻസെൻ, ഹെൻറിച്ച് ക്ലാസൻ, കേശവ് മഹാരാജ്, ഐഡൻ മർക്രം, ഡേവിഡ് മില്ലർ, ലുങ്കി എൻഗിഡി, ആൻഡിലെ ഫെഹ്‌ലുക്‌വായോ, കാഗിസോ റബാഡ, തബ്രീസ് ഷാംസി, റസ്സി വാന്‍ ഡേര്‍ ദസ്സന്‍, ലിസാദ് വില്യംസ്.

  • പാകിസ്‌താൻ: പാക്കിസ്‌താനെ സംബന്ധിച്ച് ഏറ്റവും വലിയ ശക്തി അവരുടെ ടോപ്പ് ഓർഡര്‍ ബാറ്റര്‍മാരും പേസ് വെടിയുണ്ടകളായ ബൗളര്‍മാരുമാണ്. ഇതില്‍ നസീം ഷായുടെ വിടവുണ്ടെങ്കിലും ഹാരിസ് റൗഫും ഷഹീൻ അഫ്രീദിയും മറ്റ് ബാറ്റര്‍മാര്‍ക്ക് പേടിസ്വപ്‌നം തന്നെയാവും. എന്നാല്‍ പാക്‌ നിരയില്‍ ആശങ്കയുയര്‍ത്തുന്നത് ബാറ്റിങിലെ അവരുടെ മധ്യനിരയും, അടുത്തകാലത്തായി ഫോമിലല്ലാത്ത സ്പിൻ നിരയും തന്നെയാണ്.

സ്‌ക്വാഡ്: ബാബർ അസം (ക്യാപ്‌റ്റന്‍), ഷദാബ് ഖാൻ, ഫഖർ സമാൻ, ഇമാം ഉൾ ഹഖ്, അബ്‌ദുള്ള ഷഫീഖ്, മുഹമ്മദ് റിസ്‌വാൻ, സൗദ് ഷക്കീൽ, ഇഫ്തിഖർ അഹമ്മദ്, സൽമാൻ അലി ആഘ, മുഹമ്മദ് നവാസ്, ഉസാമ മിർ, ഹാരിസ് റൗഫ്, ഹസൻ അലി, ഷഹീൻ അഫ്രിദി , മുഹമ്മദ് വസീം.

  • അഫ്ഗാനിസ്ഥാൻ:തങ്ങള്‍ ചെറിയ മീനല്ലെന്ന് അഫ്‌ഗാനിസ്‌താന്‍ പലതവണ തെളിയിച്ചുകഴിഞ്ഞതാണ്. എത്ര വലിയ ടീമുകളെയും അവിശ്വസിനീയമായി അട്ടിമറിച്ച നിരവധി കഥകളും അഫ്‌ഗാന് പറയാനുണ്ട്. ലോകോത്തര നിലവാരമുള്ള സ്‌പിന്നര്‍മാരുടെ ശേഖരം തന്നെ അഫ്‌ഗാനൊപ്പമുണ്ട് എന്നതും അവര്‍ക്ക് ബോണസാണ്. മത്സരങ്ങള്‍ നടക്കുന്ന ചെന്നൈ, ലഖ്‌നൗ ഗ്രൗണ്ടുകളില്‍ ഇത് ഏറെ ഗുണം ചെയ്യും. ഇതിനൊപ്പം സ്ഥിരതയായി ബാറ്റുവീശുന്ന ഹഷ്മത്തുള്ള ഷാഹിദി, റഹ്മാനുള്ള ഗുർബാസ്, ഇബ്രാഹിം സദ്രാൻ, മുഹമ്മദ് നബി എന്നിവരും ടീമിന്‍റെ നട്ടെല്ലാണ്.

സ്ക്വാഡ്:ഹഷ്മത്തുള്ള ഷാഹിദി (ക്യാപ്‌റ്റന്‍), റഹ്മാനുള്ള ഗുർബാസ്, ഇബ്രാഹിം സദ്രാൻ, റിയാസ് ഹസ്സൻ, റഹ്മത്ത് ഷാ, നജീബുള്ള സദ്രാൻ, മുഹമ്മദ് നബി, ഇക്രം അലിഖിൽ, അസ്മത്തുള്ള ഒമർസായി, റാഷിദ് ഖാൻ, മുജീബ് ഉർ റഹ്മാൻ, നൂർ അഹമ്മദ്, ഫസല്‍ഹഖ് ഫറൂഖി, അബ്‌ദുല്‍ റഹ്‌മാന്‍, നവീന്‍ ഉല്‍ ഹഖ്.

  • ബംഗ്ലാദേശ്: ബംഗ്ലാദേശിന് സാധ്യമല്ലാത്തതായി ഒന്നും തന്നെയില്ലെന്നും വിലയിരുത്താനാവും. കാരണം നിലവിൽ ഏകദിന ക്രിക്കറ്റിലെ ഏറ്റവും ശക്തമായ സ്പിൻ നിര ബംഗ്ലാദേശിന് മാത്രം സ്വന്തമാണ്. ഇവരില്‍ തന്നെ ഷാക്കിബ് അൽ ഹസൻ, മെഹിദി ഹസൻ മിറാസ് തുടങ്ങിയവരെ മറ്റ് ടീമുകള്‍ കരുതിയിരിക്കേണ്ടതുണ്ട്. എന്നാല്‍ ബാറ്റിങിലേക്ക് കടന്നാല്‍ ഷാക്കിബ് അൽ ഹസനെയും വിക്കറ്റ് കീപ്പർ മുഷ്ഫിഖുർ റഹീമിനെയും അമിതമായി ആശ്രയിക്കുന്നുവെന്ന പരിഭവവും ബംഗ്ലാദേശിന് പറയാനുണ്ട്.

സ്‌ക്വാഡ്: ഷാക്കിബ് അൽ ഹസൻ (ക്യാപ്‌റ്റന്‍), ലിറ്റൺ കുമർ ദാസ്, തൻസീദ് ഹസൻ തമീം, നജ്മുൽ ഹൊസൈൻ ഷാന്റോ (വൈസ് ക്യാപ്‌റ്റന്‍), തൗഹിദ് ഹൃദോയ്, മുഷ്ഫിഖുർ റഹീം, മഹ്‌മുദുള്ള റിയാദ്, മെഹിദി ഹസൻ മിറാസ്, നാസും അഹമ്മദ്, ഷാക് മഹിദി ഹസൻ, തസ്‌കിന്‍ അഹ്‌മദ്, മുസ്‌തഫിസുര്‍ റഹ്‌മാന്‍, ഹസന്‍ മഹ്‌മൂദ്, ഷോരിഫുല്‍ ഇസ്‌ലാം, തന്‍സിം ഹസന്‍ സാകിബ്.

  • ശ്രീലങ്ക: ലോക ക്രിക്കറ്റില്‍ തന്നെ ഏറെ പാരമ്പര്യം അവകാശപ്പെടാനാവുന്ന ടീമാണ് ശ്രീലങ്ക. മികച്ച ബാറ്റര്‍മാര്‍ക്കൊപ്പം അതിലും മികച്ച ബോളിങ് യൂണിറ്റ് തന്നെയാണ് ശ്രീലങ്കയെ അടയാളപ്പെടുത്തിയിരുന്നത്. എന്നാല്‍ വനിന്ദു ഹസരംഗയുടെയും ദുഷ്മന്ത ചമീരയുടെയും അഭാവം ശ്രീലങ്കന്‍ സ്‌ക്വാഡില്‍ പ്രകടമാണ്. എന്നാല്‍ മതീശ പതിരണ, ലഹിരു കുമാര, മതീശ തീക്ഷണ, ദിനുത് വെല്ലലഗെ തുടങ്ങിയ കഴിവുറ്റ ബൗളിങ് നിര ശ്രീലങ്കയ്‌ക്കൊപ്പം ഇപ്പോഴുമുണ്ട് എന്നത് അവരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നുണ്ട്.

സ്‌ക്വാഡ്: ദസുൻ ഷനക (ക്യാപ്‌റ്റന്‍), കുസൽ മെൻഡിസ് (വൈസ്‌ ക്യാപ്‌റ്റന്‍), കുസൽ പെരേര, പാതും നിസ്സങ്ക, ലഹിരു കുമാര, ദിമുത് കരുണരത്‌നെ, സദീര സമരവിക്രമ, ചരിത് അസലങ്ക, ധനഞ്ജയ ഡി സിൽവ, മഹീഷ് തീക്ഷണ, ദുനിത് വെല്ലലഗെ, കസുൻ രജിത, മതീഷ പതിരാന, ദില്‍ഷന്‍ മധുശനക, ദുഷൻ ഹേമന്ത. ട്രാവലിങ് റിസർവ്: ചാമിക കരുണരത്നെ.

  • നെതർലൻഡ്‌സ്: ലോകകപ്പിന് മാറ്റുരയ്‌ക്കാന്‍ പൊരുതിയെത്തിയ ടീമുകളിലൊന്നാണ് നെതർലൻഡ്‌സ്. വമ്പന്മാരെ മലര്‍ത്തിയടിക്കാന്‍ പാകത്തിലുള്ള ഓള്‍റൗണ്ടര്‍മാരുടെ നിരയും ബോളിങില്‍ സ്‌പിന്നര്‍മാരുടെ കരുത്തും നെതര്‍ലന്‍ഡ്‌സിന് ഗുണം ചെയ്യും. ലോകകപ്പ് വേദിയിലേക്കുള്ള ടിക്കറ്റിനായുള്ള പോരാട്ടത്തില്‍ ശ്രീലങ്കയെ വെള്ളംകുടിപ്പിച്ചത് ടീമിന്‍റെ തോറ്റുകൊടുക്കാന്‍ തയ്യാറല്ലാത്ത പോരാട്ടവീര്യത്തെ അടിവരയിടുന്നതാണ്.

സ്‌ക്വാഡ്:സ്‌കോട്ട് എഡ്വേർഡ്‌സ് (ക്യാപ്‌റ്റന്‍), മാക്‌സ് ഒഡൗഡ്, ബാസ് ഡി ലീഡ്, വിക്രം സിങ്, തേജ നിദാമനുരു, പോൾ വാൻ മീകെരെൻ, കോളിൻ അക്കർമാൻ, റോലോഫ് വാൻ ഡെർ മെർവെ, ലോഗൻ വാൻ ബീക്ക്, ആര്യൻ ദത്ത്, റയാൻ ക്ലെയ്‌ൻ, വെസ്‌ലി ബറേസി, സാഖിബ് സുൽഫിഖര്‍ , ഷാരിസ് അഹമ്മദ്, സിബ്രാൻഡ് ഏംഗൽബ്രെച്ച്‌.

ABOUT THE AUTHOR

...view details