സെഞ്ചൂറിയന്‍: വെസ്‌റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ വമ്പന്‍ സ്‌കോര്‍ പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്കയ്‌ക്ക് വമ്പന്‍ റെക്കോഡ്. ആദ്യം ബാറ്റ് ചെയ്‌ത വിന്‍ഡീസ് നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ നേടിയ 258 റണ്‍സിന് മറുപടിക്കിറങ്ങിയ ദക്ഷിണാഫ്രിക്ക 18.5 ഓവറില്‍ നാല് വിക്കറ്റ് നഷ്‌ടത്തില്‍ 259 റണ്‍സെടുത്താണ് വിജയം ഉറപ്പിച്ചത്. ടി20 ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ ചേസിങ്ങാണിത്.
അന്താരാഷ്‌ട്ര തലത്തില്‍ 2022 ജൂണില്‍ ബൾഗേറിയ സെര്‍ബിയയ്‌ക്ക് എതിരെ നാല് വിക്കറ്റിന് 246 റണ്‍സെടുത്ത് കളി ജയിച്ചതായിരുന്നു ഇതിന് മുന്നെയുള്ള റെക്കോഡ്. ആഭ്യന്തര ടി20യില്‍ ന്യൂസിലൻഡില്‍ ഒട്ടാഗോയ്‌ക്കെതിരെ 2016 ഡിസംബറിൽ നാലിന് 248 റണ്‍സെടുത്ത് കളി പടിച്ച സെൻട്രൽ ഡിസ്ട്രിക്റ്റ്‌സിന്‍റെ പേരിലായിരുന്നു ഈ റെക്കോഡുണ്ടായിരുന്നത്.
മത്സരത്തിലാകെ ഇരു ടീമുകളും നേടിയത് 517 റണ്‍സാണ്. ടി20 ക്രിക്കറ്റില്‍ ആഭ്യന്തര, അന്താരാഷ്ട്ര തലത്തില്‍ മറ്റൊരു മത്സരത്തിലും ഇത്രയും സ്‌കോറും പിറന്നിട്ടില്ല. വിന്‍ഡീസ് പ്രോട്ടീസ് പോരിനിടെ വീണ്ടും നിരവധി റെക്കോഡുകളാണ് പിറന്നത്. സെഞ്ചുറി നേടിയ ക്വിന്‍റണ്‍ ഡി കോക്കിന്‍റെ മികവിലാണ് ദക്ഷിണാഫ്രിക്ക വിന്‍ഡീസിനെ തകര്‍ത്ത് വിട്ടത്.
അര്‍ധ സെഞ്ചുറി നേടിയ റീസ ഹെന്‍റിക്‌സും നിര്‍ണായകമായി. വിന്‍ഡീസിന്‍റെ കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്കയ്‌ക്ക് മിന്നും തുടക്കമാണ് പ്രോട്ടീസ് ഓപ്പണര്‍മാരായ റീസ ഹെന്‍റിക്‌സും ക്വിന്‍റണ്‍ ഡി കോക്കും നല്‍കിയത്. പവര്‍പ്ലേയില്‍ ഇരുവരും ചേര്‍ന്ന് തകര്‍ത്താടിയതോടെ പ്രോട്ടീസ് ടോട്ടലിലെത്തിയത് വിക്കറ്റ് നഷ്ടമില്ലാതെ 102 റണ്‍സാണ്.
അന്താരഷ്‌ട്ര ടി20യില്‍ ഏറ്റവും ഉയര്‍ന്ന പവര്‍പ്ലേ സ്‌കോറായും ഇതുമാറി. 2021ല്‍ വെസ്റ്റ് ഇന്‍ഡീസ് ശ്രീലങ്കയ്ക്കെതിരെ നാല് വിക്കറ്റിന് 98 റണ്‍സ് നേടിയ റെക്കോഡാണ് പഴങ്കഥയായത്. 2020ല്‍ വെസ്റ്റ് ഇന്‍ഡീസ് അയര്‍ലന്‍ഡിനെതിരെ വിക്കറ്റ് നഷ്‌ടമില്ലാതെ നേടിയ 93 റണ്‍സാണ് പിന്നിലുള്ളത്.