ന്യൂഡല്‍ഹി:ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ (cricket world cup 2023) ശ്രീലങ്കയ്‌ക്കെതിരെ ആദ്യം ബാറ്റ് ചെയ്‌ത ദക്ഷിണാഫ്രിക്കയ്‌ക്ക് കൂറ്റന്‍ സ്‌കോര്‍. ഡല്‍ഹിയിലെ അരുണ്‍ ജെയ്‌റ്റ്‌ലീ സ്റ്റേഡിയത്തില്‍ ലങ്കന്‍ ബോളര്‍മാരെ തലങ്ങും വിലങ്ങും പായിച്ച പ്രോട്ടീസ് നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ 428 റണ്‍സ് നേടി (South Africa vs Sri Lanka Score). മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്കായി ക്വിന്‍റണ്‍ ഡികോക്ക്(100), റാസി വാന്‍ഡെര്‍ ദസന്‍(108), എയ്‌ഡന്‍ മാര്‍ക്രം(106) തുടങ്ങിയവര്‍ സെഞ്ച്വറി നേടി.
ലോകകപ്പില്‍ ഒരു ടീം നേടുന്ന എറ്റവും ഉയര്‍ന്ന സ്‌കോറാണ് ദക്ഷിണാഫ്രിക്ക ഇന്ന് നേടിയത്. 2015ല്‍ അഫ്‌ഗാനിസ്ഥാനെതിരെ ഓസ്‌ട്രേലിയ നേടിയ 417 റണ്‍സ് എന്ന റെക്കോഡാണ് ഇതോടെ പഴങ്കഥയായത്.
നേരത്തെ ടോസ് നേടിയ ശ്രീലങ്കന്‍ നായകന്‍ ദസുന്‍ ഷനക ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണിങ് വിക്കറ്റില്‍ നായകന്‍ ടെംബ ബാവുമയെ ദക്ഷിണാഫ്രിക്കയ്‌ക്ക് തുടക്കത്തിലേ നഷ്‌ടമായെങ്കിലും റാസി വാന്‍ഡെര്‍ ദസനൊപ്പം ചേര്‍ന്ന് ഡികോക്ക് സ്‌കോര്‍ ഉയര്‍ത്തി. രണ്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 204 റണ്‍സിന്‍റെ കൂട്ടുകെട്ടാണ് ഉണ്ടാക്കിയത്. 84 പന്തുകളില്‍ 12 ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടെയാണ് ഡികോക്ക് 100 റണ്‍സ് നേടിയത്.
വാന്‍ഡെര്‍ ദസന്‍ 110 പന്തുകളില്‍ 13 ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെ 108 റണ്‍സ് നേടി. 31-ാം ഓവറില്‍ ഡികോക്കിനെ ധനഞ്‌ജയ ഡിസില്‍വയുടെ കൈകളിലെത്തിച്ച് മതീഷ പതിരണയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. എന്നാല്‍ നാലാമനായി ഇറങ്ങിയ എയ്‌ഡന്‍ മാര്‍ക്രവും തകര്‍ത്തടിച്ചതോടെ ദക്ഷിണാഫ്രിക്കന്‍ ടീം മികച്ച മുന്നേറ്റം നടത്തി. അതിവേഗ സെഞ്ച്വറിയാണ് മത്സരത്തില്‍ മാര്‍ക്രം നേടിയത്.
54 പന്തുകളില്‍ 14 ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടെ 106 റണ്‍സാണ് താരം അടിച്ചെടുത്തത്. 49 പന്തില്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയ എയ്‌ഡന്‍ മാര്‍ക്രം ലോകകപ്പിലെ എറ്റവും വേഗമേറിയ സെഞ്ച്വറിയെന്ന നേട്ടവും സ്വന്തമാക്കി. 2011ല്‍ ഇംഗ്ലണ്ടിനെതിരെ 50 പന്തില്‍ സെഞ്ച്വറി നേടിയ അയര്‍ലന്‍ഡിന്‍റെ കെവിന്‍ ഒബ്രിയന്‍ നേടിയ റെക്കോഡാണ് തകര്‍ന്നത്.
വാന്‍ഡെര്‍ ദസന്‍ പുറത്തായ ശേഷമിറങ്ങിയ ഹെന്‍റിച്ച് ക്ലാസനും മത്സരത്തില്‍ മാര്‍ക്രത്തിന് മികച്ച പിന്തുണ നല്‍കി. 32 റണ്‍സ് നേടിയ ക്ലാസനെ ഷനകയുടെ കൈകളിലെത്തിച്ച് രജിതയാണ് പുറത്താക്കിയത്. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ഡേവിഡ് മില്ലറാണ് ദക്ഷിണാഫ്രിക്കന്‍ സ്‌കോര്‍ 400 കടത്തിയത്. 21 പന്തില്‍ മൂന്ന് ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെ 39 റണ്‍സ് നേടി മില്ലര്‍ പ്രോട്ടീസിനെ മികച്ച നിലയില്‍ എത്തിച്ചു.
മില്ലറിനൊപ്പം മാര്‍കോ ജാന്‍സനും(12) പുറത്താവാതെ നിന്നു. ശ്രീലങ്കയ്‌ക്കായി ദില്‍ഷന്‍ മധുഷനക രണ്ടും, രജിത, മതീഷ പതിരണ, ദുനിത് വെല്ലാലഗെ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.
ശ്രീലങ്ക പ്ലേയിങ് ഇലവന്‍ (Cricket World Cup 2023 Sri Lanka Playing XI): കുശാല്‍ പെരേര, പാതും നിസ്സാങ്ക, കുശാൽ മെൻഡിസ് (വിക്കറ്റ് കീപ്പര്‍), സദീര സമരവിക്രമ, ചരിത് അസലങ്ക, ധനഞ്ജയ ഡി സിൽവ, ദസുൻ ഷനക (ക്യാപ്‌റ്റന്‍), ദുനിത് വെല്ലലഗെ, മതീഷ പതിരണ, ദിൽഷൻ മധുശങ്ക, കസുൻ രജിത.
ദക്ഷിണാഫ്രിക്ക പ്ലേയിങ് ഇലവന്‍ (Cricket World Cup 2023 South Africa Playing XI): ക്വിന്‍റണ്‍ ഡി കോക്ക് (വിക്കറ്റ് കീപ്പര്‍), ടെംബ ബാവുമ (ക്യാപ്‌റ്റന്‍), റാസി വാൻ ഡെർ ഡസ്സന്‍, എയ്‌ഡൻ മാർക്രം, ഹെൻറിച്ച് ക്ലാസൻ, ഡേവിഡ് മില്ലർ, മാർക്കോ യാൻസൻ, ജെറാൾഡ് കോട്‌സി, കേശവ് മഹാരാജ്, ലുങ്കി എൻഗിഡി, കാഗിസോ റബാഡ.