ചെന്നൈ: ഇന്ന് ചെന്നൈ എംഎ ചിദംബരം സ്റ്റേഡിയത്തില്‍ കളിക്കാനിറങ്ങുമ്പോൾ പാകിസ്ഥാൻ ക്രിക്കറ്റ് താരങ്ങൾ വമ്പൻ ജയത്തില്‍ കുറഞ്ഞൊന്നും ചിന്തിക്കുന്നുണ്ടാകില്ല. കാരണം ഇനിയുള്ള ഓരോ മത്സരവും ബാബർ അസമിനും സംഘത്തിനും ജീവൻമരണ പോരാട്ടമാണ്. തോറ്റാല്‍ ഐസിസി ലോകകപ്പ് ക്രിക്കറ്റ് 2023 ടൂർണമെന്‍റില്‍ നിന്ന് പുറത്തേക്കുള്ള വഴി തുറക്കും.
മുൻ ചാമ്പ്യൻമാർക്ക് ഇന്ന് എതിരാളികൾ ദക്ഷിണാഫ്രിക്കയാണ്. ഈ ടൂർണമെന്‍റില്‍ ഇത്രയധികം ഫോമില്‍ കളിക്കുന്ന മറ്റൊരു ടീമുണ്ടാകില്ല. നെതർലണ്ട്‌സിനോട് നേരിട്ട അപ്രതീക്ഷിത തോല്‍വി ഒഴിച്ചു നിർത്തിയാല്‍ മറ്റെല്ലാ മത്സരത്തില്‍ ആധികാരികമായാണ് ദക്ഷിണാഫ്രിക്ക ജയിച്ചുകയറിയത്. മികച്ച ഫോമില്‍ തുടരുന്ന ബാറ്റർമാരും ബൗളർമാരും ഒരു പോലെ കളത്തിലിറങ്ങുമ്പോൾ ഏതൊരു ടീമും ദക്ഷിണാഫ്രിക്കയ്ക്ക് മുന്നില്‍ വിയർക്കും.
തോല്‍വികൾ മറക്കണം പാകിസ്ഥാന് : ലോകത്തെ ഒന്നാം നമ്പർ ഏകദിന ബാറ്റർ ബാബർ അസം, വിക്കറ്റ് കീപ്പർ ബാറ്റർ മുഹമ്മദ് റിസ്‌വാൻ എന്നിവടങ്ങുന്ന ബാറ്റിങ് നിരയും ലോകത്തെ ഏറ്റവും മികച്ച പേസ് ബൗളിങ് യൂണിറ്റ് എന്ന് അവകാശപ്പെടുന്ന ( ഷഹീൻഷാ അഫ്രീദി, ഹാരിസ് റൗഫ്) സംഘവും ചേരുമ്പോൾ പാകിസ്ഥാൻ ശക്തരാണ്. എന്നാല്‍ ഈ ലോകകപ്പില്‍ ഇതുവരെ പാകിസ്ഥാന് സ്വന്തം മികവ് തെളിയിക്കാനായിട്ടില്ല. അവസാന മത്സരത്തില്‍ അഫ്‌ഗാനിസ്ഥാനോട് നേരിട്ട തോല്‍വി കൂടിയാകുമ്പോൾ ഇനി ജയിക്കാതെ നിവൃത്തിയില്ല.
മാറ്റങ്ങൾ വരും:കഴിഞ്ഞ മത്സരങ്ങളില്‍ വമ്പൻ പരാജയമായ ഇമാം ഉൾ ഹഖിന് പകരം ഫകർ സമനും ഹസൻ അലിക്ക് പകരം മൊഹമ്മദ് വാസിം ജൂനിയറും പാക് ടീമിലെത്തിയേക്കും.
കരുത്തരുടെ നിര ആദ്യ ലോകകപ്പ് സ്വപ്‌നം കാണുന്നു:ഈ ടൂർണമെന്‍റിലെ ഏറ്റവും മികച്ച ബാറ്റർമാരുടെ നിരയില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന വിക്കറ്റ് കീപ്പർ ക്വിന്‍റൺ ഡി കോക്ക്, അടിച്ചുതകർക്കുന്നതില്‍ അതി കേമൻമാരായ ഹെൻറിച്ച് ക്ലാസൻ, ഡേവിഡ് മില്ലർ, എയ്‌ഡൻ മർക്രാം എന്നിവരെ പാക് ബൗളിങ് നിര എങ്ങനെ നേരിടുമെന്ന് കണ്ടറിയണം. കാസിഗോ റബാദ, മാർകോ ജെൻസെൻ, ലുങ്കി എൻഗിഡി എന്നിവർക്കൊപ്പം കേശവ് മഹാരാജും കൂടി ചേരുമ്പോൾ പാക് ബാറ്റിങ് നിര വിയർക്കും.
പക്ഷേ 1999ന് ശേഷം ദക്ഷിണാഫ്രിക്കയ്ക്ക് പാകിസ്ഥാനെ ലോകകപ്പില്‍ തോല്‍പിക്കായിട്ടില്ലെന്നതാണ് ചരിത്രം. 2015, 2019 ലോകകപ്പുകളില്‍ പാകിസ്ഥാൻ ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചിരുന്നു. അതിനു മുൻപ് 1992, 1996, 1999 ലോകകപ്പുകളില്‍ ദക്ഷിണാഫ്രിക്കയാണ് നേർക്കുനേർ പോരില്‍ ജയിച്ചത്. ആദ്യ ലോകകപ്പ് സ്വപ്‌നം കാണുന്ന ദക്ഷിണാഫ്രിക്കയും വീണ്ടുമൊരു ലോകകപ്പ് നാട്ടിലെത്തിക്കാനെത്തിയ പാകിസ്ഥാനും ഇന്ന് നേർക്കു നേർ വരുമ്പോൾ മത്സരം കനക്കും.
ടേബിളില്‍ പ്രോട്ടീസ് ഹാപ്പി, പാക് നിരയ്ക്ക് നെഞ്ചിടിപ്പ്: ലോകകപ്പില്‍ പരസ്‌പരമുള്ള മത്സരങ്ങളുടെ പകുതി പിന്നിടുമ്പോള്‍, ആദ്യ അഞ്ച് മത്സരങ്ങളില്‍ നാലെണ്ണവും വിജയിച്ച് എട്ട് പോയിന്‍റുമായി പോയിന്‍റ് ടോബിളില്‍ രണ്ടാം സ്ഥാനത്താണ് ദക്ഷിണാഫ്രിക്കയുള്ളത്. അഞ്ചില്‍ അഞ്ചും വിജയിച്ച് ഒന്നാം സ്ഥാനത്തുള്ള ഇന്ത്യയെക്കാള്‍ നെറ്റ് റണ്‍ റൈറ്റില്‍ മുന്നിലാണെങ്കിലും ഇന്ത്യയോട് മുട്ടിടിച്ചതാണ് മികച്ച ഫോമില്‍ മുന്നേറിയ ദക്ഷിണാഫ്രിക്കയെ രണ്ടാം സ്ഥാനത്ത് ഒതുക്കിയത്.
അതേസമയം ആദ്യ അഞ്ച് മത്സരങ്ങളില്‍ രണ്ടെണ്ണത്തില്‍ മാത്രമെ വിജയിക്കാന്‍ പാകിസ്ഥാന് കഴിഞ്ഞിട്ടുള്ളു. അവസാന മത്സരത്തില്‍ അഫ്‌ഗാനിസ്ഥാനോട് തോല്‍വി വഴങ്ങിയ പാകിസ്ഥാന്‍ നാല് പോയിന്‍റുമായി ടേബിളിലും അഫ്‌ഗാന് താഴെയായി ആറാം സ്ഥാനത്താണുള്ളത്. മുന്നില്‍ അതേ നാല് പോയിന്‍റുകളുമായി ശ്രീലങ്ക കൂടി എത്തിയതോടെ പോയിന്‍റ് ടേബിളില്‍ പാകിസ്ഥാന്‍റെ നെഞ്ചിടിപ്പ് ഏറിയിട്ടുമുണ്ട്.