പാള്‍ : ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ഏകദിനം ജയിച്ച് പരമ്പര സ്വന്തമാക്കി ഇന്ത്യ (India Win ODI Series Against South Africa). നിര്‍ണായകമായ പരമ്പരയിലെ അവസാന മത്സരത്തില്‍ 78 റണ്‍സിനാണ് ഇന്ത്യ വിജയക്കൊടി നാട്ടിയത് (South Africa vs India Third ODI Match Result). ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത ടീം ഇന്ത്യ സഞ്ജു സാംസണിന്‍റെ (Sanju Samson) സെഞ്ച്വറിക്കരുത്തില്‍ 296 റണ്‍സ് നേടിയപ്പോള്‍ മറുപടി ബാറ്റിങ്ങില്‍ പ്രോട്ടീസിന്‍റെ പോരാട്ടം 45.5 ഓവറില്‍ 218 റണ്‍സില്‍ അവസാനിക്കുകയായിരുന്നു (South Africa vs India 3rd ODI Score).
നാല് വിക്കറ്റ് നേടിയ അര്‍ഷ്‌ദീപ് സിങ്ങിന്‍റെ പ്രകടനമാണ് ആതിഥേയരെ വീഴ്‌ത്തിയത്. 114 പന്തുകള്‍ നേരിട്ട് 108 റണ്‍സ് നേടിയ സഞ്ജു സാംസണ്‍ ആണ് കളിയിലെ താരം. മൂന്ന് മത്സരങ്ങളിലും സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്‌ചവച്ച അര്‍ഷ്‌ദീപാണ് പരമ്പരയിലെ താരം.
297 റണ്‍സിലേക്ക് ബാറ്റേന്തിയ ദക്ഷിണാഫ്രിക്കയ്‌ക്ക് തരക്കേടില്ലാത്ത തുടക്കമാണ് ഓപ്പണര്‍മാരായ റീസ ഹെൻഡ്രിക്‌സും ടോണി ഡി സോര്‍സിയും ചേര്‍ന്ന് നല്‍കിയത്. ആദ്യ വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് അടിച്ചെടുത്തത് 59 റണ്‍സ്. ഹെൻഡ്രിക്‌സിനെ (19) ക്യാപ്‌റ്റന്‍ രാഹുലിന്‍റെ കൈകളിലെത്തിച്ച് 9-ാം ഓവറില്‍ അര്‍ഷ്‌ദീപ് സിങ് ദക്ഷിണാഫ്രിക്കയ്‌ക്ക് ആദ്യ പ്രഹരമേല്‍പ്പിച്ചു.
പിന്നാലെയെത്തിയ റാസി വാന്‍ഡെര്‍ ഡസന്‍ രണ്ട് റണ്‍സുമായി പുറത്തായി. എയ്‌ഡന്‍ മാര്‍ക്രം ചെറുത്തുനിന്നെങ്കിലും 41 പന്തില്‍ 36 റണ്‍സ് നേടിയ താരത്തെ വാഷിങ്ടണ്‍ സുന്ദര്‍ പുറത്താക്കുകയായിരുന്നു. 30-ാം ഓവറില്‍ പ്രോട്ടീസ് ടോപ് സ്കോററായ ഡി സോര്‍സി അര്‍ഷ്‌ദീപിന്‍റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി.
തുടര്‍ന്ന് ക്രീസിലേക്കെത്തിയ ആര്‍ക്കും മികവിലേക്ക് ഉയരാനായില്ല. ഹെൻറിച്ച് ക്ലാസന്‍ (21), വിയാന്‍ മള്‍ഡര്‍ (1), ഡേവിഡ് മില്ലര്‍ (10) കേശവ് മഹാരാജ് (14), ലിസാഡ് വില്യംസ് (2), ബ്യൂറന്‍ ഹെന്‍ഡ്രിക്‌സ് (18) എന്നിവരെല്ലാം ഇന്ത്യന്‍ ബൗളിങ്ങിന് മുന്നില്‍ വീണു. ഏഴ് പന്തില്‍ ഒരു റണ്‍സ് നേടിയ നന്ദ്രേ ബര്‍ഗര്‍ പുറത്താകാതെ നിന്നു.
Also Read :ഗോത്രമേഖലയില്‍ നിന്ന് ഐപിഎല്ലിലേക്ക്: ചെന്നൈ ആഗ്രഹിച്ചു, സ്വന്തമാക്കിയത് ഗുജറാത്ത് ടൈറ്റൻസ്
ടോസ് നഷ്‌ടപ്പെട്ട് ബോലാന്‍ഡ് പാര്‍ക്കില്‍ ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യയ്‌ക്ക് മോശം തുടക്കമായിരുന്നു ലഭിച്ചത്. രജത് പടിദാര്‍ (22), സായ് സുദര്‍ശന്‍ (10), കെഎല്‍ രാഹുല്‍ (21) എന്നിവരെ 101 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ ഇന്ത്യയ്‌ക്ക് നഷ്‌ടമായി. നാലാം വിക്കറ്റില്‍ സഞ്ജു സാംസണ്‍ തിലക് വര്‍മ (52) സഖ്യം നേടിയ 116 റണ്‍സ് കൂട്ടുകെട്ടാണ് ഇന്ത്യയെ മികച്ച സ്കോറിലേക്ക് നയിച്ചത്. 27 പന്തില്‍ 38 റണ്‍സടിച്ച് റിങ്കു സിങ്ങും ഇന്ത്യയ്‌ക്കായി ഭേദപ്പെട്ട പ്രകടനം നടത്തിയിരുന്നു.