കേപ്‌ടൗണ്‍:സെഞ്ചൂറിയനിലെ മുറിവുണക്കാന്‍ ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ രണ്ടാം ടെസ്റ്റില്‍ കേപ്‌ടൗണിലിറങ്ങുന്ന ഇന്ത്യ ആദ്യം ബോള്‍ ചെയ്യും. ടോസ് നേടിയ പ്രോട്ടീസ് നായകന്‍ ഡീൻ എൽഗാർ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. കേപ്‌ടൗണിലെ ക്യൂന്‍സ്‌ലാന്‍ഡ് ക്രിക്കറ്റ് ഗ്രൗണ്ടിലാണ് കളി നടക്കുന്നത്.
36-കാരനായ എല്‍ഗാറിന്‍റെ ടെസ്റ്റ് വിടവാങ്ങല്‍ മത്സരം കൂടിയാണിത്. സെഞ്ചൂറിയനിലെ ആദ്യ ടെസ്റ്റിലെ പ്ലെയിങ് ഇലവനില്‍ മൂന്ന് മാറ്റവുമായാണ് ആതിഥേയര്‍ കളിക്കുന്നത്. ടെംബ ബാവുമയ്ക്ക് പകരം ട്രിസ്റ്റൻ സ്റ്റബ്‌സ് ടെസ്റ്റ് അരങ്ങേറ്റം നടത്തുമ്പോള്‍ പേസര്‍ ജെറാള്‍ഡ് കോറ്റ്‌സിയ്‌ക്ക് പകരം ലുങ്കി എന്‍ഗിഡിയും കീഗൻ പീറ്റേഴ്‌സണ് പകരം കേശവ് മഹാരാജുമാണ് കളത്തിലിറങ്ങുന്നത്.
ഇന്ത്യന്‍ നിരയില്‍ രണ്ട് മാറ്റങ്ങളുള്ളതായി ക്യാപ്റ്റന്‍ രോഹിത് ശര്‍മ അറിയിച്ചു. ആര്‍ അശ്വിന് പകരം രവീന്ദ്ര ജഡേയും ശാര്‍ദുല്‍ താക്കൂറിന് പകരം മുകേഷ് കുമാറുമാണ് പ്ലെയിങ് ഇലവനിലെത്തിയത്. പിച്ച് മികച്ചതായി തോന്നുന്നുവെന്നും ടോസ് ലഭിച്ചിരുന്നുവെങ്കില്‍ ബാറ്റിങ് തെരഞ്ഞെടുത്തേനെയെന്നും രോഹിത് ശര്‍മ പറഞ്ഞു.
ആദ്യ ടെസ്റ്റില്‍ ഇന്ത്യ വമ്പന്‍ തോല്‍വി വഴങ്ങിയിരുന്നു. ഇന്നിങ്സിനും 32 റണ്‍സിനുമായിരുന്നു സന്ദര്‍ശകരുടെ കീഴടങ്ങല്‍. ഇതോടെ രണ്ട് മത്സര പരമ്പരയില്‍ സമനില പിടിക്കണമെങ്കില്‍ ഇന്ത്യയ്‌ക്ക് കേപ്‌ടൗണില്‍ ജയം പിടിച്ചേ മതിയാവൂ. ബാറ്റര്‍മാരും ബോളര്‍മാരും ഒരുപോലെ മങ്ങിയതാണ് സെഞ്ചൂറിയനില്‍ ഇന്ത്യയ്‌ക്ക് തിരിച്ചടിയായത്.
കെഎല്‍ രാഹുല്‍, വിരാട് കോലി, ജസ്‌പ്രീത് ബുംറ എന്നിവര്‍ ഒഴികെയുള്ളവര്‍ക്ക് തിളങ്ങാന്‍ കഴിഞ്ഞിരുന്നില്ല. കേപ്‌ടൗണില്‍ മറ്റുള്ളവരും തങ്ങളുടെ മികവിലേക്ക് ഉയര്‍ന്നെങ്കില്‍ മാത്രമേ പുതുവര്‍ഷം വിജയത്തോടെ തുടങ്ങാന്‍ ഇന്ത്യയ്‌ക്ക് കഴിയൂ. മറുവശത്ത് പരമ്പരയില്‍ ഇന്ത്യയെ വൈറ്റ്‌വാഷ് ചെയ്‌ത് ഡീൻ എൽഗാറിന്‍റെ വിരമിക്കല്‍ അവിസ്‌മരണീയമാക്കാനുറച്ചാവും പ്രോട്ടീസ് കേപ്‌ടൗണില്‍ ലക്ഷ്യം വയ്‌ക്കുന്നത്.
മത്സരം ലൈവായി കാണാന്‍: ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള രണ്ടാം ടെസ്റ്റ് മത്സരം ടെലിവിഷനില്‍ സ്റ്റാർ സ്‌പോർട്‌സ് നെറ്റ്‌വർക്കിലാണ് സംപ്രേഷണം ചെയ്യുന്നത്. ഓണ്‍ലൈനായി ഡിസ്‌നി+ഹോട്‌സ്റ്റാര്‍ ആപ്പിലും വൈബ്‌സൈറ്റിലും മത്സരം കാണാം. (How to Watch India vs South Africa 2nd Test match).
ALSO READ:ഇന്ത്യയ്‌ക്കും മുംബൈക്കും ആശ്വാസം; ഹാര്‍ദിക് ജിമ്മില്‍- വീഡിയോ കാണം
ഇന്ത്യ (പ്ലെയിംഗ് ഇലവൻ): രോഹിത് ശർമ (ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാൾ, ശുഭ്‌മാൻ ഗിൽ, വിരാട് കോലി, ശ്രേയസ് അയ്യർ, കെഎൽ രാഹുൽ (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, മുകേഷ് കുമാർ. (India Playing XI for 2nd Test Against South Africa).
ദക്ഷിണാഫ്രിക്ക (പ്ലെയിംഗ് ഇലവൻ): ഡീൻ എൽഗാർ(സി), എയ്ഡൻ മാർക്രം, ടോണി ഡി സോർസി, ട്രിസ്റ്റൻ സ്റ്റബ്സ്, ഡേവിഡ് ബെഡിംഗ്ഹാം, കെയ്ൽ വെറെയ്നെ(വിക്കറ്റ് കീപ്പര്‍), മാർക്കോ ജാൻസെൻ, കേശവ് മഹാരാജ്, കാഗിസോ റബാഡ, നാന്ദ്രെ ബർഗർ, ലുങ്കി എൻഗിഡി. (South Africa Playing XI for 2nd Test Against India).