സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ നാലാം മത്സരത്തില്‍ ഓസ്‌ട്രേലിയക്ക് (South Africa vs Australia) വമ്പന്‍ തോല്‍വി. സെഞ്ചൂറിയനില്‍ നടന്ന മത്സരത്തില്‍ ലോക ഒന്നാം നമ്പര്‍ ടീമായ ഓസ്‌ട്രേലിയ ദക്ഷിണാഫ്രിക്കയോട് 164 റണ്‍സിന്‍റെ തോല്‍വിയാണ് ഏറ്റുവാങ്ങിയത് (South Africa vs Australia 4th ODI Result). ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത പ്രോട്ടീസ് ഹെൻറിച്ച് ക്ലാസന്‍റെ (Heinrich Klaasen) വെടിക്കെട്ട് സെഞ്ച്വറിയുടെ കരുത്തില്‍ 416 റണ്‍സാണ് നേടിയത്. കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഓസീസ് പടയുടെ പോരാട്ടം 34.5 ഓവറില്‍ 252 റണ്‍സില്‍ അവസാനിക്കുകയായിരുന്നു.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത ദക്ഷിണാഫ്രിക്കയെ വമ്പന്‍ സ്‌കോറിലേക്ക് ഹെൻറിച്ച് ക്ലാസനും ഡേവിഡ് മില്ലറും (David Miller) ചേര്‍ന്നാണ്. ക്ലാസന്‍ 83 പന്ത് നേരിട്ട് 174 റണ്‍സായിരുന്നു അടിച്ചുകൂട്ടിയത്. 13 ഫോറും 13 സിക്‌സും അടങ്ങുന്നതായിരുന്നു ക്ലാസന്‍റെ ഇന്നിങ്‌സ്.
ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത പ്രോട്ടീസിന്‍റെ തുടക്കം സാധരണ നിലയിലായിരുന്നു. ആദ്യ 25 ഓവറില്‍ 120 റണ്‍സ് മാത്രമായിരുന്നു അവര്‍ നേടിയത്. 35-ാമത്തെ ഓവറില്‍ റാസി വാന്‍ഡര്‍ ദസന്‍റെ (65 പന്തില്‍ 62) വിക്കറ്റ് നഷ്‌ടമാകുമ്പോള്‍ 194-4 എന്ന നിലയിലായിരുന്നു പ്രോട്ടീസ്.
പിന്നീടായിരുന്നു ക്ലാസന്‍ മില്ലര്‍ സഖ്യത്തിന്‍റെ ബാറ്റിങ് വിസ്‌ഫോടനം. അവസാനത്തെ 15 ഓവറില്‍ ദക്ഷിണാഫ്രിക്കയുടെ സ്‌കോര്‍ ബോര്‍ഡിലേക്ക് എത്തിയത് 222 റണ്‍സാണ്. അവസാന 9 ഓവറില്‍ പിറന്നത് 165 റണ്‍സും.