തിരുവനന്തപുരം : തുടക്കത്തിലെ കൂട്ടത്തകർച്ചക്ക് ശേഷം ഇന്ത്യക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ 100 കടന്ന് ദക്ഷിണാഫ്രിക്ക. കാര്യവട്ടത്ത് ടോസ് നഷ്‌ടമായി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യ 2.3 ഓവറില്‍ തന്നെ അഞ്ച് വിക്കറ്റുകള്‍ നഷ്‌ടമായതോടെ 20 ഓവറില്‍ 8 വിക്കറ്റ് നഷ്‌ടത്തില്‍ 106 റണ്‍സാണ് നേടിയത്. 35 പന്തില്‍ 41 റണ്‍സെടുത്ത കേശവ് മഹാരാജാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറര്‍. മഹാരാജിന് പുറമെ 24 പന്തില്‍ 25 റണ്‍സെടുത്ത ഏയ്‌ഡന്‍ മാര്‍ക്രവും 37 പന്തില്‍ 24 റണ്‍സെടുത്ത വെയ്ന്‍ പാര്‍ണലും മാത്രമാണ് സന്ദർശക നിരയില്‍ പൊരുതിയത്.
കൊടുങ്കാറ്റായി അര്‍ഷ്‌ദീപും ചാഹറും : തുടക്കത്തില്‍ പേസിനെ തുണച്ച കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ആദ്യ ഓവറില്‍ ക്യാപ്റ്റന്‍ ടെംബാ ബാവുമയെ നഷ്‌ടമായ ദക്ഷിണാഫ്രിക്കയ്ക്ക് അര്‍ഷ്‌ദീപ് രണ്ടാം ഓവറില്‍ മൂന്ന് വിക്കറ്റ് കൂടി നഷ്‌ടമായി. പവര്‍ പ്ലേയിലെ മൂന്നാം ഓവറില്‍ ദീപക് ചാഹര്‍ ഒരു വിക്കറ്റ് കൂടി വീഴ്ത്തി ദക്ഷിണാഫ്രിക്കയെ വന്‍ പ്രതിസന്ധിയിലേക്ക് തള്ളിയിട്ടു.
നാല് പന്ത് നേരിട്ട ബാവുമ റൺസൊന്നും നേടാതെയാണ് മടങ്ങിയത്. പിന്നാലെ അപകടകാരിയായ ക്വിന്‍റണ്‍ ഡീ കോക്കിന്‍റെ(1) സ്റ്റമ്പിളക്കിയ അര്‍ഷ്‌ദീപ് അഞ്ചാമത്തെ പന്തില്‍ റോസോയെ(0) വിക്കറ്റിന് പിന്നില്‍ റിഷഭ് പന്തിന്‍റെ കൈകളിലെത്തിച്ചു. തൊട്ടടുത്ത പന്തില്‍ വെടിക്കെട്ട് വീരൻ ഡേവിഡ് മില്ലറെ ഗോള്‍ഡന്‍ ഡക്കാക്കി അര്‍ഷ്‌ദീപ് മൂന്നാമത്തെ പ്രഹരവുമേല്‍പ്പിച്ചു.