ന്യൂഡൽഹി:ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ട്വന്‍റി 20 മത്സരത്തിൽ ഇന്ത്യക്ക് ബാറ്റിങ്ങ്. ടോസ് നേടിയ ദക്ഷിണാഫ്രിക്കൻ നായകൻ ടെംബ ബാവുമ ബോളിങ് തെരഞ്ഞെടുക്കുകയായിരുന്നു. നായകനായിരുന്ന കെഎൽ രാഹുൽ പരിക്കേറ്റ് പുറത്തായതിനാൽ റിഷഭ് പന്തിന്‍റെ നേതൃത്വത്തിലാണ് ഇന്ത്യൻ ടീം പ്രോട്ടീസ് കരുത്തിനെതിരെ പോരാടാനിറങ്ങുന്നത്.
ഇന്നത്തെ മത്സരത്തില്‍ ജയിക്കാനായാല്‍ രാജ്യാന്തര ടി20യില്‍ തുടര്‍ച്ചയായി കൂടുതല്‍ മത്സരങ്ങള്‍ ജയിച്ച ടീമെന്ന നേട്ടം ഇന്ത്യയ്‌ക്ക് സ്വന്തമാക്കാം. നിലവില്‍ അഫ്‌ഗാനിസ്ഥാനും റൊമാനിയയ്‌ക്കുമൊപ്പം ഈ റെക്കോഡ് പങ്കിടുകയാണ് ഇന്ത്യ. അന്താരാഷ്‌ട്ര ടി20യില്‍ 12 തുടര്‍ വിജയങ്ങള്‍ വീതമാണ് മൂന്ന് ടീമുകളും നേടിയത്.
അതേസമയം ആദ്യ ട്വന്‍റി 20യില്‍ ഇന്ത്യന്‍ ടീമിനെ നയിക്കുന്നതോടെ റിഷഭ് പന്തിനെ തേടി മറ്റൊരു റെക്കോഡ് കൂടെ എത്തും. ടി20യിൽ ഇന്ത്യയുടെ രണ്ടാമത്തെ പ്രായം കുറഞ്ഞ നായകനാണ് 24കാരനായ റിഷഭ് പന്ത്. 23 വയസിൽ ഇന്ത്യയെ നയിച്ച സുരേഷ് റെയ്‌നയാണ് ഈ പട്ടികയിൽ ഒന്നാം സ്ഥാനത്ത്.