ന്യൂഡല്‍ഹി:കഴിഞ്ഞ വർഷം ഓസ്‌ട്രേലിയയില്‍ നടന്ന ടി20 ലോകകപ്പിന്‍റെ സെമി ഫൈനല്‍ മത്സരത്തില്‍ ഇംഗ്ലണ്ടിനോട് തോറ്റതിന് ശേഷം ഫോര്‍മാറ്റില്‍ ഇന്ത്യയ്‌ക്കായി വെറ്ററന്‍ താരങ്ങളായ രോഹിത് ശര്‍മയും വിരാട് കോലിയും കളിച്ചിട്ടില്ല. ടീമിലെ തലമുറമാറ്റത്തിന്‍റെ ഭാഗമായാണ് ഇരുവരേയും ടി20 ടീമിലേക്ക് പരിഗണിക്കാതിരിക്കുന്നതെന്നാണ് സംസാരം. എന്നാല്‍, തങ്ങളുടെ തീരുമാനത്തിന് പിന്നിലെ കാരണത്തെക്കുറിച്ച് സെലക്‌ടർമാർ ഇതേവരെ വ്യക്തത നല്‍കിയിട്ടില്ല.
കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയ്‌ക്കുള്ള ടീമിലേക്കും രോഹിത് ശര്‍മയേയും വിരാട് കോലിയേടും സെലക്‌ടര്‍മാര്‍ പരിഗണിച്ചിരുന്നില്ല. ഇപ്പോഴിതാ ഇന്ത്യയുടെ ടി20 ടീമിലേക്ക് ഇരുവരേയും പരിഗണിക്കാതിരുന്ന നടപടി ചോദ്യം ചെയ്‌തിരിക്കുകയാണ് മുന്‍ നായകന്‍ സൗരവ് ഗാംഗുലി. രോഹിത്തിനും കോലിക്കും ടി20 ഫോര്‍മാറ്റില്‍ ഇനിയും ഇന്ത്യന്‍ ടീമിനായി നിര്‍ണായക സംഭാവനകള്‍ നല്‍കാന്‍ കഴിയുമെന്നാണ് ഗാംഗുലി പറയുന്നത്.
'ടീമിലേക്ക് നിങ്ങളുടെ മികച്ച കളിക്കാരെ തെരഞ്ഞെടുക്കുക, അവർ ആരാണെന്നത് പ്രശ്‌നമല്ല. എന്‍റെ അഭിപ്രായത്തിൽ വിരാട് കോലിക്കും രോഹിത് ശർമ്മയ്ക്കും ഇപ്പോഴും ഇന്ത്യയുടെ ടി20 ടീമില്‍ സ്ഥാനമുണ്ട്. എന്നാല്‍ എന്തുകൊണ്ടാണ് രോഹിത്തും കോലിയും ടി20 ക്രിക്കറ്റ് കളിക്കുന്നത് കാണാന്‍ എനിക്ക് കഴിയാത്തത്.'
'ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മികച്ച ഫോമിലായിരുന്നു വിരാട് കോലി. എന്നോട് ചോദിക്കുകയാണെങ്കില്‍ ഇന്ത്യയുടെ ടി20 ടീമില്‍ ഇരുവര്‍ക്കും സ്ഥാനമുണ്ടെന്ന് തന്നെയാണ് ഞാന്‍ പറയുക'- സൗരവ് ഗാംഗുലി ഒരു സ്‌പോര്‍ട്‌സ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. രോഹിത്തിനും കോലിക്കും പുറമെ ഐപിഎല്ലില്‍ തിളങ്ങിയ റിങ്കു സിങ്, റിതുരാജ് ഗെയ്‌ക്‌വാദ്, ജിതേഷ് ശർമ എന്നിവർക്കും ടി20 ടീമിൽ ഇടം കണ്ടെത്താനായില്ല. ഇതേപ്പറ്റി സംസാരിച്ച ഗാംഗുലി, തങ്ങളുടെ മികച്ച പ്രകനം തുടരാനാണ് യുവതാരങ്ങളോട് ആവശ്യപ്പെട്ടത്. അവസാനം അവരുടെ സമയവും വന്നുചേരുമെന്നും അദ്ദേഹം വ്യക്തമാക്കി.