കൊല്‍ക്കത്ത :ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ (Cricket World Cup 2023) പലരും ഏറെ കിരീട സാധ്യത പ്രവചിച്ച ടീമാണ് ഇന്ത്യ. ആദ്യ അഞ്ച് മത്സരം പൂര്‍ത്തിയായപ്പോള്‍ ആ പ്രതീക്ഷകള്‍ കാത്ത് സൂക്ഷിക്കാനും രോഹിത് ശര്‍മയ്‌ക്കും സംഘത്തിനുമായിട്ടുണ്ട്. കളിച്ച അഞ്ച് മത്സരവും ജയിച്ച് പത്ത് പോയിന്‍റോടെ പോയിന്‍റ് പട്ടികയില്‍ നിലവില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യന്‍ ടീമുള്ളത്. ഏറെക്കുറെ സെമി ഫൈനല്‍ ബെര്‍ത്ത് ഉറപ്പിച്ച ഇന്ത്യയ്‌ക്ക് ഇന്നത്തെ മത്സരം ഉള്‍പ്പടെ നാല് കളികളാണ് ഇനി ശേഷിക്കുന്നത്.
ഏകദിന ലോകകപ്പില്‍ മൂന്നാം കിരീടം ലക്ഷ്യമിടുന്ന ഇന്ത്യയ്‌ക്ക് എതിരാളികളായെത്തിയ മുഴുവന്‍ ടീമുകളെയും പരാജയപ്പെടുത്താന്‍ സാധിച്ചിട്ടുണ്ട്. ഓസ്‌ട്രേലിയയെ തകര്‍ത്തുകൊണ്ടായിരുന്നു ഇന്ത്യ ലോകകപ്പ് ജൈത്രയാത്ര തുടങ്ങിയത്. പിന്നീട് അഫ്‌ഗാനിസ്ഥാന്‍, പാകിസ്ഥാന്‍, ബംഗ്ലാദേശ്, ന്യൂസിലന്‍ഡ് ടീമുകളാണ് ഇന്ത്യയ്‌ക്ക് മുന്നില്‍ വീണത്.
എതിരാളികള്‍ക്ക് മേല്‍ വ്യക്തമായ മേധാവിത്വം നേടിയാണ് ഇന്ത്യ ഓരോ കളിയിലും ജയിച്ചത്. എന്നാല്‍, ലോകകപ്പില്‍ കടുത്ത വെല്ലുവിളികള്‍ നേരിടാന്‍ ഇന്ത്യ ഇനിയാണ് പോകുന്നതെന്നാണ് മുന്‍ നായകനും ബിസിസിഐ പ്രസഡന്‍റുമായിരുന്ന സൗരവ് ഗാംഗുലിയുടെ (Sourav Ganguly) അഭിപ്രായം. ദക്ഷിണാഫ്രിക്കയും ഓസ്‌ട്രേലിയയും ആയിരിക്കും ഇന്ത്യയ്‌ക്കെതിരെ ശക്തമായ പോരാട്ടം കാഴ്‌ചവയ്‌ക്കുക എന്നാണ് സൗരവ് ഗാംഗുലിയുട അഭിപ്രായം.
Also Read :Simon Doull Praised Virat Kohli: 'അക്കാര്യത്തില്‍ സച്ചിനും കാലിസും കോലിക്ക് പിന്നില്‍..'; ഇന്ത്യന്‍ സ്റ്റാര്‍ ബാറ്ററെ പ്രശംസിച്ച് സൈമണ്‍ ഡൗള്‍
ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയക്കെതിരെ ആറ് വിക്കറ്റിന്‍റെ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ആദ്യ രണ്ട് മത്സരത്തിലും തോറ്റ ഓസ്‌ട്രേലിയ പിന്നീട് ടൂര്‍ണമെന്‍റിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തി. അവസാന നാല് മത്സരത്തിലും ജയിക്കാന്‍ സാധിച്ച അവര്‍ നിലവില്‍ പോയിന്‍റ് പട്ടികയില്‍ നാലാം സ്ഥാനത്താണ്.
പോയിന്‍റ് പട്ടികയില്‍ നിലവിലെ ഒന്നാം സ്ഥാനക്കാരാണ് ദക്ഷിണാഫ്രിക്ക. ആറ് മത്സരങ്ങളില്‍ നിന്നും അഞ്ച് ജയങ്ങളാണ് പ്രോട്ടീസ് ലോകകപ്പില്‍ ഇതുവരെ സ്വന്തമാക്കിയത്. ഗ്രൂപ്പ് ഘട്ടത്തില്‍ നവംബര്‍ അഞ്ചിനാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയെ നേരിടുന്നത്.
ലോകകപ്പില്‍ അപരാജിത കുതിപ്പ് നടത്തുന്ന ഇന്ത്യ ഇപ്പോള്‍ നേരിടുന്ന പ്രധാന പ്രശ്‌നം ഓള്‍ റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയുടെ പരിക്ക് മാത്രമണെന്നും ഗാംഗുലി പറഞ്ഞു. ടീമിലെ ഏറ്റവും പ്രധാനപ്പെട്ട താരങ്ങളില്‍ ഒരാളാണ് ഹാര്‍ദിക് പാണ്ഡ്യ. പാണ്ഡ്യയുടെ അഭാവത്തില്‍ വ്യത്യസ്‌തമായ ഇലവനെയാണ് ഇന്ത്യ കളിപ്പിക്കുന്നത്. ടൂര്‍ണമെന്‍റില്‍ നിന്നും പുറത്തായില്ലെങ്കില്‍ ഹാര്‍ദിക്കിന്‍റെ അഭാവം ടീമിന് വലിയ പ്രശ്‌നമാകാന്‍ സാധ്യതയില്ലെന്നും ഗാംഗുലി കൂട്ടിച്ചേര്‍ത്തു.
Also Read :India vs England: കണക്കില്‍ ഇംഗ്ലണ്ട് മുന്നില്‍, ഇന്ത്യയുടെ അവസാന ജയം 20 വര്‍ഷം മുന്‍പ്; കണക്കുകള്‍ തീര്‍ക്കാനുണ്ട് രോഹിതിനും സംഘത്തിനും