ബെംഗളൂരു :അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ ഇന്ത്യ മികച്ച പ്രകടനം നടത്തുന്നതിന് കാരണം ഐപിഎല്‍ മാത്രമല്ലെന്ന് മുന്‍ താരവും ബിസിസിഐ പ്രസിഡന്‍റുമായിരുന്ന സൗരവ് ഗാംഗുലി. ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ (Cricket World Cup 2023) ഇന്ത്യ അപരാജിത കുതിപ്പ് തുടരുന്നതിനിടെയാണ് ഗാംഗുലിയുടെ പ്രതികരണം. ക്രിക്കറ്റില്‍ ആഭ്യന്തര തലത്തിലുള്ള അടിത്തറയാണ് എക്കാലവും ഇന്ത്യയെ കൂടുതല്‍ ശക്തരാക്കി നിര്‍ത്തുന്നതെന്ന് ഗാംഗുലി ഒരു പാകിസ്ഥാന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അഭിപ്രായപ്പെട്ടു.
'അന്താരാഷ്‌ട്ര ക്രിക്കറ്റിലെ ഇന്ത്യയുടെ വിജയങ്ങള്‍ക്ക് പിന്നിലെ കാരണം ഒരിക്കലും ഐപിഎല്‍ മാത്രമല്ല. ഐപിഎല്‍ മത്സരങ്ങള്‍ കൊണ്ട് മാത്രം ഒരിക്കലും മികച്ച താരങ്ങളെ വളര്‍ത്തിയെടുക്കാന്‍ സാധിക്കില്ല. നാല്, അഞ്ച് ദിവസങ്ങളോളം നീണ്ടുനില്‍ക്കുന്ന മത്സരങ്ങള്‍ കളിക്കുന്നതിലൂടെയാണ് താരങ്ങള്‍ക്ക് മികവ് കണ്ടെത്താന്‍ സാധിക്കുന്നത്.
ടി20 മത്സരങ്ങളാണ് കൂടുതല്‍ കളിക്കുന്നതെങ്കില്‍ നിങ്ങള്‍ ഒരു സാധാരണ ക്രിക്കറ്റര്‍ മാത്രമായിരിക്കും. ടി20 കളിച്ച് നിങ്ങള്‍ക്ക് പണം സമ്പാദിക്കാം, എന്നാല്‍ മികച്ച ഒരു ക്രിക്കറ്ററാകണമെങ്കില്‍ ചതുര്‍ദിന മത്സരങ്ങളിലും ടെസ്റ്റ് ക്രിക്കറ്റിലും കളിക്കുകയാണ് വേണ്ടത്.
ഒരു ദിവസം 25-30 ഓവറുകള്‍ പന്തെറിയുന്നതിന് നിങ്ങള്‍ വസീം അക്രത്തെപ്പോലെയായിരിക്കണം. പുതിയ പന്തിലും പഴയ പന്തിലും അദ്ദേഹത്തിന് വേഗത്തില്‍ തന്നെ പന്തെറിയാന്‍ സാധിക്കാറുണ്ട്. ഇന്ത്യയില്‍ ഐപിഎല്‍ മാത്രമല്ല, ആഭ്യന്തരഘട്ടം മുതല്‍ തന്നെ താരങ്ങള്‍ക്ക് ലഭിക്കുന്ന സൗകര്യങ്ങള്‍ അവിശ്വസനീയമാണ്.