മുംബൈ :ക്രിക്കറ്റ് ഇതിഹാസംസച്ചിൻ ടെണ്ടുൽക്കർക്കൊപ്പം പരിശീലനം നടത്തിയതിന്‍റെ സന്തോഷത്തിലാണ് അഞ്ച് വയസുകാരൻ ഷാഹിദ്. മുന്‍പ് ഷാഹിദിന്‍റെ മാതാപിതാക്കൾ സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്‌ത ഷാഹിദിന്‍റെ പരിശീലന വീഡിയോ അന്താരാഷ്‌ട്ര മാധ്യമശ്രദ്ധ ആകർഷിച്ചിരുന്നു. ഇന്‍റർനെറ്റിൽ വൈറലായ വീഡിയോ കണ്ട് നേരത്തേ, ഷെയ്ൻ വോണടക്കം പ്രമുഖർ അവന്‍റെ മികച്ച ഭാവിക്കായി ആശംസകൾ നേർന്നിരുന്നു.
ഇത് ഷാഹിദിന്‍റെ ആരാധനാപാത്രമായ സച്ചിന്‍റെ ശ്രദ്ധയിലുമെത്തി. ഇതോടെ, കൊൽക്കത്ത സ്വദേശിയായ ഷാഹിദിന് സച്ചിനെ കാണാനും കൂടെ പരിശീലനത്തിനും അവസരമൊരുങ്ങി. മുംബൈ മിഡിൽസെക്‌സ് ഗ്ലോബൽ അക്കാദമിയിൽ ഷാഹിദിനെ പ്രോത്സാഹിപ്പിക്കാനും ടിപ്‌സുകൾ നൽകാനുമായി സച്ചിൻ സമയം കണ്ടെത്തി.
'എന്‍റെ മകന് അഞ്ച് വയസ്സായി, അവന്‍റെ റോൾ മോഡൽ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ സാറാണ്. സച്ചിനെ കാണണം എന്നത് ഷാഹിദിന്‍റെ സ്വപ്‌നമായിരുന്നു, അവനൊരു അറിയപ്പെടുന്ന ക്രിക്കറ്റ് താരമാവണം. പക്ഷേ സച്ചിൻ ചെയ്‌ത ഈ പ്രവർത്തിക്ക് ഒരു നന്ദി മാത്രം മതിയാവില്ലെന്നറിയാം'. ഷാഹിദിന്‍റെ പിതാവ് ഷെയ്ഖ് ഷംസർ പറയുന്നു.
ഷാഹിദിന്‍റെ ഒരു വീഡിയോ ഞങ്ങൾ ട്വിറ്ററിൽ അപ്‌ലോഡ് ചെയ്‌തിരുന്നു. ഈ വീഡിയോ റീട്വീറ്റ് ചെയ്‌ത ഓസ്‌ട്രേലിയൻ ചാനലായ ഫോക്‌സ് ക്രിക്കറ്റ് സച്ചിനെയും മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ മൈക്കൽ വോണിനെയും ഷെയ്ൻ വോണിനെയും ടാഗ് ചെയ്‌തു. ഈ വീഡിയോ സച്ചിന്‍റെ ശ്രദ്ധയിൽപ്പെട്ടു, അതിനുശേഷം സച്ചിന്‍റെ ടീമിലെ ഒരുഅംഗം ഞങ്ങളുമായി ബന്ധപ്പെടുകയായിരുന്നു - ഷെയ്ഖ് വിശദീകരിച്ചു.