കേപ്‌ടൗണ്‍:വനിത ത്രിരാഷ്‌ട്ര ടി20 ടൂര്‍ണമെന്‍റില്‍ തുടര്‍ച്ചയായ രണ്ടാം വിജയം കുറിച്ച് ഇന്ത്യ. രണ്ടാം മത്സരത്തില്‍ വെസ്റ്റ്‌ഇന്‍ഡീസ് വനിതകളെ 56 റണ്‍സിനാണ് ഇന്ത്യ തകര്‍ത്ത് വിട്ടത്. ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ നിശ്ചിത ഓവറില്‍ രണ്ട് വിക്കറ്റിന് 167 റണ്‍സാണ് നേടിയത്.
മറുപടിക്കിറങ്ങിയ വെസ്റ്റ്‌ഇന്‍ഡീസിന് നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്‌ടത്തില്‍ 111 റണ്‍സെടുക്കാനെ സാധിച്ചുള്ളു. ടോസ് നേടി ബാറ്റ് ചെയ്യാനിറങ്ങിയ ഇന്ത്യയ്‌ക്ക് സ്‌മൃതി മന്ദാന, ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ എന്നിവര്‍ പുറത്താവാതെ നേടിയ അര്‍ധ സെഞ്ചുറികളാണ് ഇന്ത്യയ്‌ക്ക് മുതല്‍ക്കൂട്ടായത്. 8.2 ഓവറില്‍ രണ്ടിന് 52 റണ്‍സ് എന്ന നിലയിലായിരുന്നു ഇന്ത്യ.
യാസ്തിക ഭാട്ടിയ (23 പന്തില്‍ 18), ഹര്‍ലിന്‍ ഡിയോള്‍ (11 പന്തില്‍ 12) എന്നിവരായിരുന്നു തിരിച്ച് കയറിയത്. തുടര്‍ന്ന് ഒന്നിച്ച സ്‌മൃതി-ഹര്‍മന്‍പ്രീത് സഖ്യം ഇന്ത്യയെ മുന്നോട്ട് നയിക്കുകയായിരുന്നു. പിരിയാത്ത മൂന്നാം വിക്കറ്റില്‍ 115 റണ്‍സിന്‍റെ കൂട്ടുകെട്ടാണ് ഇരുവരും ഉയര്‍ത്തിയത്. സ്‌മൃതി 51 പന്തില്‍ 10 ഫോറുകളും ഒരു സിക്‌സും സഹിതം 74* റണ്‍സും ഹര്‍മന്‍പ്രീത് 35 പന്തില്‍ എട്ട് ഫോറുകളടക്കം 56* റണ്‍സും നേടിയാണ് പുറത്താവാതെ നിന്നത്.