ന്യൂഡല്‍ഹി: സീനിയര്‍ വുമണ്‍ ടി20 ലീഗില്‍ മങ്കാദിങ്ങിലൂടെ പുറത്തായതിന് പിന്നാലെ എതിര്‍ ടീമിനോട് കോര്‍ത്ത് ഇന്ത്യന്‍ താരം സ്മൃതി മന്ദാന. രാജസ്ഥാനെതിരായ മത്സരത്തിലാണ് മഹാരാഷ്‌ട്രയുടെ താരമായ മന്ദാന നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡില്‍ നില്‍ക്കെ റണ്ണൗട്ടായത്.
നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡിലെ ക്രീസ് ലൈനില്‍ നിന്ന് ഏറെ പുറത്തായി നിന്ന താരത്തെ രാജസ്ഥാന്‍ ബൗളര്‍ കെപി ചൗധരിയാണ് പുറത്താക്കിയത്. തുടര്‍ന്ന് രാജസ്ഥാന്‍ താരങ്ങളോട് തന്‍റെ അതൃപ്തി പരസ്യമാക്കിയാണ് താരം ഗ്രൗണ്ട് വിട്ടത്. ഈ സമയം 30 പന്തില്‍ മൂന്ന് ഫോറുകളും ഒരു സിക്‌സും സഹിതം 28 റണ്‍സായിരുന്നു 25കാരിയായ താരത്തിന്‍റെ സമ്പാദ്യം.