ഇന്ത്യൻ ക്രിക്കറ്റിലെ ലേഡി സെവാഗിന് ഇന്ന് 25-ാം ജന്മദിനം. വലിയ ആരാധകരില്ലാതിരുന്ന വനിത ക്രിക്കറ്റിന് ക്രിക്കറ്റ് പ്രേമികൾക്കിടയില്‍ മേല്‍വിലാസമുണ്ടാക്കി കൊടുത്ത താരമാണ് ഇന്ത്യൻ ഓപ്പണർ സ്‌മൃതി മന്ദാന. ഇടംകൈ കൊണ്ട് അതി സുന്ദരമായി ബൗണ്ടറികൾ നേടുന്ന സ്‌മൃതിക്ക് കളിക്കളത്തിന് പുറത്തും ആരാധകരുണ്ട്.
ഒഴുക്കൻ മട്ടില്‍ ബാറ്റ് ചെയ്തിരുന്ന വനിതാ താരങ്ങൾ നിറഞ്ഞ ഇന്ത്യൻ ടീമിലേക്ക് നിറഞ്ഞ പുഞ്ചിരിയും അതിനേക്കാൾ മികവുള്ള സ്‌ട്രോക്ക് പ്ലേയുമായി കടന്നുവന്ന സ്‌മൃതി ഇന്ത്യൻ വനിത ടീമിലെ മൂന്ന് ഫോർമാറ്റിലെയും സ്ഥിരം സാന്നിധ്യമാണ്. ഇരട്ട സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യൻ വനിത താരം എന്ന ബഹുമതി സ്മൃതി മന്ദാനയുടെ പേരിലാണ്.
അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്‍റെ വനിതകളുടെ ഏകദിന, ട്വന്‍റി 20 ടീം ഓഫ് ദ ഇയറില്‍ രണ്ടിലും ഇടം പിടിച്ചതും സ്മൃതി തന്നെ. രണ്ട് ടെസ്റ്റ്, 51ഏകദിനം, 75 ടി20 മത്സരങ്ങളില്‍ നിന്നായി 3822 റൺസാണ് താരത്തിന്‍റെ അക്കൗണ്ടിലുള്ളത്.