ഗോൾഡ് കോസ്റ്റ് : ഇന്ത്യയുടെ ആദ്യത്തെ പിങ്ക് ബോൾ ടെസ്റ്റിൽ ചരിത്രമെഴുതി സ്‌മൃതി മന്ദാന. 15 വർഷത്തിന് ശേഷം ഓസീസുമായി കളിക്കുന്ന ടെസ്റ്റിൽ സെഞ്ചുറി നേടിയാണ് താരം സുവർണനേട്ടം സ്വന്തമാക്കിയത്. കരിയറിലെ മൂന്നാമത്തെ മാത്രം ടെസ്റ്റ് കളിക്കുന്ന താരം 170 പന്തിൽ 18 ഫോറിന്‍റെയും ഒരു സിക്‌സിന്‍റെയും അകമ്പടിയോടെയാണ് കന്നി ടെസ്റ്റ് സെഞ്ചുറി കുറിച്ചത്.
സെഞ്ചുറിയോടൊപ്പം തന്നെ ഒരു പിടി റെക്കോഡുകളും താരം വാരിക്കൂട്ടിയിട്ടുണ്ട്. ഡേ- നൈറ്റ് മത്സരത്തിൽ സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യൻ വനിത താരം എന്നതിന് പുറമേ ഓസ്ട്രേലിയൻ മണ്ണിൽ ഒരു ഇന്ത്യൻ താരത്തിന്‍റെ ആദ്യത്തെ സെഞ്ചുറി കൂടിയാണ് സ്‌മൃതി ഇന്ന് സ്വന്തമാക്കിയത്. ഓസ്‌ട്രേലിയയില്‍ ഒരു വിദേശ താരം നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോറും ഇതു തന്നെയാണ്. 72 വര്‍ഷം മുമ്പ് ഇംഗ്ലീഷ് താരം മോളി ഹൈഡ് നേടിയ 124 റണ്‍സിന്‍റെ റെക്കോഡാണ് സ്‌മൃതി തിരുത്തിയെഴുതിയത്.