തൃശൂര്‍: വയസ് ഒൻപത്... പേര് വിഘ്‌നജ്.. കമ്പം ക്രിക്കറ്റിനോട്... കയ്യില്‍ ബാറ്റല്ല, പകരം സ്റ്റമ്പ്. പക്ഷേ ആ സ്‌റ്റമ്പുപയോഗിച്ച് വമ്പൻതാരങ്ങളെ വെല്ലുന്ന തകർപ്പൻ ഷോട്ടുകൾ.. സാമൂഹിക മാധ്യമങ്ങളില്‍ താരമായ കുഞ്ഞുക്രിക്കറ്റ് താരത്തിന്‍റെ വിശേഷങ്ങളാണ് ഇതെല്ലാം.
സ്റ്റമ്പുകൊണ്ടുള്ള മകന്‍റെ തകർപ്പൻ ഷോട്ടുകൾ അച്ഛൻ പ്രജിത്ത് സാമൂഹിക മാധ്യമത്തില്‍ പങ്കുവെച്ചതോടെയാണ് വിഘ്‌നജിന്‍റെ പ്രകടനം ഹിറ്റായി മാറുന്നത്. അതിശയകരമായ ബാറ്റിങ് ശൈലി കണ്ട ഐപിഎല്‍ ടീമായ രാജസ്ഥാന്‍ റോയല്‍സ് വിഘ്‌നജിന്‍റെ ക്രിക്കറ്റ് കരിയറിന് കൂട്ടാകാൻ തീരുമാനിച്ചു. കുട്ടി സൂപ്പർ സ്റ്റാറിന്‍റെ പരിശീലനം ഇനി റോയല്‍സിന്‍റെ പിന്തുണയില്‍ റോയലാകും.
കൂടുതല്‍ വായനക്ക്: ബി ടീമുമായി ഇന്ത്യ ജൂലൈയില്‍ ശ്രീലങ്കയിലേക്ക്, സഞ്ജുവിന് അവസരം ലഭിച്ചേക്കും
തൃശൂർ ലൂങ്സ് ക്രിക്കറ്റ് അക്കാദമിയില്‍ ദിവസം അഞ്ച് മണിക്കൂറോളം പരിശീലനം നടത്തിയിരുന്ന വിഘ്നജിന് ശരിക്കും അനുഗ്രഹമായി മാറിയത് കൊവിഡ് കാലത്തെ നിയന്ത്രണങ്ങളാണ്. കൊവിഡ് കാലത്ത് പരിശീലനത്തിന് പോകാൻ കഴിയാതെ വന്നപ്പോൾ സ്വന്തം അപ്പാർട്ട്മെന്‍റിന്‍റെ മുകളില്‍ വിഘ്‌നജ് പരിശീലനം തുടങ്ങി. പരിശീലനത്തിനിടെ ബാറ്റ് ഒടിഞ്ഞു. കട മുടക്കമായതിനാല്‍ പുതിയ ബാറ്റ് വാങ്ങാനായില്ല. ബാറ്റില്ലെന്ന് കരുതി വിഘ്‌നജ് വെറുതെ ഇരുന്നില്ല. സ്റ്റമ്പ് ഉപയോഗിച്ചായി പിന്നെ പരിശീലനം. അതാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളില്‍ തരംഗമാകുന്നത്. വീഡിയോ ഇതിനകം 53 ലക്ഷത്തിലധികം പേരാണ് കണ്ടത്.
അതിശയകരമായ ബാറ്റിങ് ശൈലി കണ്ട ഐപിഎല്‍ ടീമായ രാജസ്ഥാന്‍ റോയല്‍സ് വിഘ്‌നജിന്‍റെ ക്രിക്കറ്റ് കരിയറിന് കൂട്ടാകാൻ തീരുമാനിച്ചു. പല ക്രിക്കറ്റ് ഗ്രൂപ്പുകളിലും വിഘ്‌നജിന്‍റെ സ്റ്റമ്പ് പരിശീലനം ചർച്ചയായി. കഴിഞ്ഞദിവസം ഓസ്ട്രേലിയൻ ക്ലബായ സിഡ്‌നി സിക്സേഴ്‌സിന്‍റെ പരിശീലകൻ ഗ്രെഗ് ഷെപ്പേർഡ് സാമൂഹ്യ മാധ്യമത്തിലൂടെ അഭിനന്ദിച്ചതോടെ അന്തർദേശീയ തലത്തില്‍ വരെ വിഘ്‌നജ് ചർച്ചയായി. ഇന്ത്യൻ ഉപനായകൻ രോഹിത് ശർമയുടെ കടുത്ത ആരാധകനാണ് തൃശൂരില്‍ നിർമാണ കമ്പനിയിലെ ജനറൽ മാനേജരായ പ്രജിത്തിന്‍റെയും അഭിഭാഷകയായ വിദ്യയുടേയും മകനായ വിഘ്‌നജ്.